February 26, 2014

ഇഷ്ടമില്ലെങ്കിലും


പത്തിലെ മോഡൽ എക്സാം നടക്കുന്ന കാലം.
ആദ്യത്തെ ഒന്നും രണ്ടും ദിവസങ്ങളിലായി മലയാളം ഒന്നും രണ്ടും. മലയാളം രണ്ടിലെ മിക്ക ചോദ്യങ്ങളും ഉപപാഠപുസ്തകമായ "പാത്തുമ്മായുടെ ആട്"-ൽ നിന്നുള്ളവയായിരുന്നു
അവയിൽ ഒരു ചോദ്യം, "ഈ സമാഹാരം വായിച്ച പ്രമുഖർ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇതു വായിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

"ഈ പുസ്തകം വായിച്ച് ഞാൻ ഒരുപാടു കരഞ്ഞു. ഇതിനെ നാം ഗൗരവമായി കണക്കാക്കേണ്ടതുണ്ട്."
ഇതു വായിച്ചപ്പോൾ എനിക്കു തോന്നിയത് ഇത് മലയാളം അറിഞ്ഞുകൂടാത്ത ആരേലും പറഞ്ഞതായിരിക്കുമെന്നാണ്.
പുള്ളിയുടെ പേരു കേട്ടപ്പോൾ ഉറപ്പായി, "ജോൺ അബ്രഹാം".

പ്രശസ്തരെക്കുറിച്ച് പ്രതിപാദിക്കുന്ന ചോദ്യം വന്നാൽ ആ വ്യക്തിയെക്കുറിച്ച് ഇത്തിരി പുകഴ്ത്തി എഴുതിക്കോളൂന്ന് ടിപ്പുതന്ന മാച്ചേച്ചിയെ ഞാനോർത്തു.
എനിക്ക് ഇഷ്ടമില്ലാത്ത ആക്ടർ ജോൺ അബ്രഹാമിനെക്കുറിച്ച് മാർക്കിനുവേണ്ടി മാത്രം വാനോളം പുകഴ്ത്തി എഴുതി...
"ബോളിവുഡ്ഡിലെ പ്രശസ്തനായ ആക്ടർ ജോണിന്റെ വചനങ്ങളാണിവ...
ഈ പുസ്തകത്തെക്കുറിച്ച് അദ്ദേഹത്തിന് നമ്മളിൽനിന്നും തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടാണുള്ളത്ത്. ഹാസ്യം കലർന്ന രീതിയിലായിരിക്കാം നമ്മളെല്ലാവരും തന്നെ ഈ സമാഹാരത്തെ വിലയിരുത്തിയിട്ടുള്ളത്.
ഒരു പക്ഷെ ബഷീർ അനുഭവിച്ച ദാരിദ്ര്യവും മറ്റുമായിരിക്കാം അദ്ദേഹത്തെ..."

കൂട്ടുകാരുമൊന്നിച്ച് ചത്ത കുട്ടീടെ ജാതകം നോക്കുമ്പോൾ ഞാനീ കാര്യം പറഞ്ഞു.
അവരാരും തന്നെ ആ പേര് ശ്രദ്ധിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ഗുലുമാലായോ എന്നെനിക്ക് ചെറിയൊരു സംശയം.
അച്ഛൻ കളിയാക്കി ചിരിക്കാൻ തുടങ്ങിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
പരേതനായ സുപ്രസിദ്ധ സംവിധായകൻ ജോൺ അബ്രഹാമിനെക്കുറിച്ചുള്ള എന്റെ അറിവില്ലായ്മ ബോദ്ധ്യപ്പെട്ടതും!




എഴുതിയത്...വൈഷ്ണവി രാജഗോപാല്‍
വിദ്യാര്‍ത്ഥിനി
സ്വദേശം കോഴിക്കോട്

February 25, 2014

എള്ളെണ്ണക്കോലം



ഓണത്തലേന്ന് അണ്ണന്റെ വീടായ തുളസീവനത്തിൽ എത്തുമ്പോൾ അണ്ണനും കുടുംബവും മഹാബലിയെ എതിരേക്കാനുള്ള ഒരുക്കത്തിലായിരുന്നു.
പൂവടയ്ക്ക് ഇല വെട്ടുന്നു, വാട്ടുന്നു, അരിമാവുണ്ടാക്കുന്നു തുടങ്ങി പലതും.
രാത്രിയേറെയായി ഞങ്ങൾ കിടന്നപ്പോഴും തുളസിച്ചേടത്തിയമ്മയുടെ തിരക്കു കഴിഞ്ഞിട്ടില്ല. ചേടത്തിയമ്മയ്ക്ക് ജോലിചെയ്തു മതിവരുന്ന പ്രകൃതമല്ല.
"ഈ ചേടത്തിയമ്മയ്ക്ക് ഉറങ്ങുകയും വേണ്ടേ" എന്ന് മനസ്സിൽ കരുതി ഞാൻ ഉറങ്ങാൻ കിടന്നു.

വെളുപ്പിനെ ഞാൻ ഉണർന്നപ്പൊഴും അണ്ണനും ചേടത്തിയമ്മയും തിരക്കിട്ട ജോലി തന്നെ. ഇനിയും കഴിഞ്ഞില്ലേ എന്നു ചോദിക്കാൻ ആഞ്ഞെങ്കിലും ഞാൻ അവരുടെ ഓരോ പ്രവൃത്തിയും കൗതുകപൂർവ്വം നോക്കിനിന്നതേയുള്ളു.
അണ്ണൻ ഈത്തരം ചടങ്ങുകളിൽ താത്പര്യം കാണിച്ചതിൽ എനിക്ക് അദ്ഭുതം തോന്നാതിരുന്നില്ല. ചേടത്തിയമ്മയുടെ താൽപര്യം പരിഗണിച്ചാവും.
എല്ലാം കഴിഞ്ഞ് തിരുവോണനാളിലെ(ഞാൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത) ഒരു പ്രധാന ചടങ്ങ് അണ്ണൻ വിശദീകരിച്ചു തന്നു.

ബ്രാഹ്മമുഹൂർത്തത്തിൽ ഗൃഹനാഥൻ ഉണർന്ന് തപ്പിത്തടഞ്ഞ്(വിഷുക്കണി കാണാൻ പോകുന്നപോലെ) ഒരുക്കിവച്ചിരിക്കുന്ന നിലവിളക്കിനു മുന്നിലെത്തണം. അരണ്ട വെളിച്ചമാവാം.
തിരിയിട്ട വിളക്കിനു സമീപത്ത് രണ്ടു ലിറ്റർ കുപ്പിയിൽ നിറച്ച എള്ളെണ്ണയും
തയാറാക്കിവച്ചിട്ടുണ്ടാവും. വിളക്കിൽ എണ്ണ പകരുന്നതിനായി കുപ്പി എടുക്കുന്നതോടെ പ്രധാന ചടങ്ങ് തുടങ്ങുകയായി.
അടപ്പ് തുറക്കലും കുപ്പി ശടേയെന്ന് താഴെ വീഴണം. ഇത് സ്വാഭാവികമായി തോന്നണം.  മൂടുകുത്തി വേണം കുപ്പി വീഴാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ചിതറിത്തെറിക്കുന്ന എണ്ണ തീർക്കുന്ന കോലമാണ് 'എള്ളെണ്ണക്കോലം'.
തുടർന്ന് ഗുളുഗുളുശബ്ദത്തോടെ എണ്ണ പുറത്തേയ്ക്ക് ഒഴുകിത്തുടങ്ങുന്നു.
മെല്ലെ കുപ്പി നിവർത്തിയെടുക്കുന്നതോടെ കുടുംബാംഗങ്ങളെല്ലാം ചടങ്ങിൽ പങ്കുചേരുന്നു.

കാലപ്രവാഹത്തിൽ വേരറ്റുപോയ "എള്ളെണ്ണക്കോലം" എന്ന ചടങ്ങ് പുനർജ്ജനിക്കുന്നത് തികച്ചും സ്വാഗതാർഹമാണ്!









എഴുതിയത് ബീന
സ്വദേശം ഇടപ്പള്ളി
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥ

February 20, 2014

റിയാലിറ്റി ലീവ്



ഗൾഫിൽ പതിമൂന്ന് വർഷം കഴിഞ്ഞു. കുടുംബം കൂടെയില്ല.
ആണ്ടിലോരോ ഓട്ടപ്രദക്ഷിണം നടത്തും. അതാണു പതിവ്.
സഹോദരങ്ങൾ, അമ്മാവൻമാർ, മറ്റു ബന്ധുക്കൾ ഇവരെയൊക്കെ വഴിപാടായി കണ്ടുമടങ്ങുമ്പോൾ ഭാര്യയുടെയും മക്കളുടെയും മുഖം ഓർമ്മയുണ്ടോ എന്നു സംശയം.
ഭാര്യ എല്ലാം നോക്കിക്കോളും. മക്കൾക്ക് അച്ഛന്റെ മുഖച്ഛായ ഓർമ്മകിട്ടുന്നില്ലെന്ന് പരാതി. ഫോട്ടോകൾ ഇഷ്ടം പോലെയുണ്ടല്ലോ!
80ശതമാനം ഗൾഫുകാരും ഇങ്ങനെതന്നെ.

അൽപ്പം കാശുപോയാലും ഇത്തവണ ഒരു Extra Leave നേരത്തേതന്നെ ഉറപ്പിച്ചതായിരുന്നു.
പത്തു ദിവസം അവധികിട്ടി. പല പല പരിപാടികളുണ്ട്.
പെണ്ണിന് 25 ആയി. മൂന്നു നല്ല ആലോചനകളുണ്ട്. മൂന്നിടത്തും പോയി ആലോചിക്കണം.
പല്ല്, കാല് ചികിത്സയും നടത്തണം.
സമയം കിട്ടിയില്ലെങ്കിലും എങ്ങിനെയെങ്കിലും തലശ്ശേരിയിൽ പോയി അർശ്ശസ്സു കീറണം. അതിനു ചുരുങ്ങിയത് നാലു ദിവസം വേണം.
'ജാലകം' തുറക്കുമ്പോഴെത്തി ചെക്കനൊരു പ്ലസ് വൺ അഡ്മിഷനും തരപ്പെടുത്തണം.
അൽപ്പം സ്ഥലം വിൽക്കാൻ ഏർപ്പാടാക്കണം. നല്ല വിലയുള്ള സമയമാണ്.

ആരോടും അവധിക്കാര്യം പറഞ്ഞില്ലെങ്കിലും അഞ്ചാറു കിലോ കത്തുകളും ബൈഹാൻഡ് എത്തിക്കാൻ മൂന്ന് പൊതികളും കൃത്യസമയത്ത് എത്തി.
കയ്യും വീശി പോകുന്നതെങ്ങനെ! മക്കൾക്കും ഭാര്യക്കും കുറച്ചു തുണി, ഒന്നു രണ്ട് ടോർച്ച്, ഒരു എമർജൻസി ലൈറ്റ്.
എത്തിയാലുടനെ ചെറുക്കനെ വൈദ്യനെക്കാണിക്കണം. പഠിക്കാനൊരുത്സാഹക്കുറവ്. ഞാൻ കൂടെയുണ്ടായാൽ പ്രശ്നം തീരുമെന്നാണ് ഭാര്യ പറയുന്നത്.
ഈ തുണിക്കൊക്കെ എന്തു വെയ്റ്റാ! പതിനെട്ട് കിലോയുണ്ട്. ഇരുപത് കിലോ വരെ കൊണ്ടുപോകാം.

4:55 ആയപ്പോളേക്കും സ്നേഹിതനെന്നു വിളിക്കാവുന്ന Mr. X എത്തി.
"നീ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ! എന്റെ ഒരു മ്യൂസിക് സെറ്റ് കൊണ്ടുപോകണം. എയർപോർട്ടിൽ ആളുവന്ന് കളക്ടുചെയ്തോളും."
എല്ലാം അയാൾ തീരുമാനിച്ചതുപോലെ കാറിലയാൾ എയർപോർട്ടിലെത്തിച്ചു.
എല്ലാ ലഗേജും കൂടിയായപ്പോൾ എന്റെ തുണികൾ അടുത്ത ലീവിനു കൊണ്ടുപോകാനായി സുഹൃത്തിനെ ഏൽപ്പിച്ചു. റൂമിൽ സുരക്ഷിതമായി വച്ചേക്കാൻ ഏർപ്പാടാക്കി.

ഫ്ലൈറ്റ് കൃത്യസമയത്ത് നെടുമ്പാശേരിയിൽ. പക്ഷെ ഒരു ബാഗ് എത്തിയില്ല. അടുത്ത ഫ്ലൈറ്റിൽ എത്തുമായിരിക്കും.  ബോംബേയിൽ മാറിക്കേറിയപ്പോൾ ലോഡുചെയ്യാൻ വിട്ടുപോയത്രെ!
മൂന്നു മണിക്കൂർ കഴിഞ്ഞു വന്ന ഫ്ലൈറ്റിലും മ്യൂസിക് സെറ്റ് ലഗേജ് എത്തിയില്ല.
സുഹൃത്തിന്റെ കുടുംബം മൊത്തം അതു കളക്ടുചെയ്യാനെത്തിയിരുന്നു. ഞാനെന്തോ മഹാപരാധം ചെയ്ത മട്ടാണവർക്ക്. ഒരു ചിരി പോലുമില്ല.
ലഗേജ് എത്തുമ്പോൾ അറിയിക്കാമെന്ന് വിമാനക്കാർ.

രണ്ടു ദിവസം കഴിഞ്ഞ് അറിയിപ്പെത്തി.
മ്യൂസിക് സെറ്റ് കളക്ട് ചെയ്ത് ഡ്യൂട്ടി അടച്ച് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ ഒരു ദിവസം പോയിക്കിട്ടി.
അന്നു കേറിക്കിടന്നിട്ട് തിരിച്ചുപോകേണ്ടതിന്റെ തലേന്ന് പനി വിട്ടു.
തിരിച്ചുപോകാതെ പറ്റില്ല.
വല്ലാത്ത ക്ഷീണം.

തിരിച്ചെത്തിയപ്പോൾ മ്യൂസിക് സെറ്റുകാരന് തീർത്തും സന്തോഷമില്ല.
"കത്തു" തന്നു വിട്ട മറ്റൊരു വിദ്വാന്റെ കത്തിൽ അഞ്ചു ആയിരം രൂപാ കറൻസി ഉണ്ടായിരുന്നതിൽ നാലെണ്ണം കുറവായിരുന്നുവത്രെ! 4000 ഞാനെടുത്ത മട്ടാണയാൾക്ക്. പിന്നീടിതുവരെ അങ്ങേര് മിണ്ടിയിട്ടില്ല.

സംഗതികൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അവധി കലക്കനായിരുന്നു.




എഴുതിയത് രവീന്ദ്രനാഥ്
മുത്തലപുരം സ്വദേശി
നാവികസേനയിൽ സേവനം, തുടർന്ന് പ്രവാസജീവിതം

February 19, 2014

കൈക്കോ

തുണികൾ ഏതും മുഷിഞ്ഞാൽ പുഴുങ്ങിയലക്കും, അമ്മ. പുഴുങ്ങിയലക്കലിന്റെ നടപടികൾ എല്ലാം മക്കൾക്കൊക്കെ നിശ്ചയമാണ്. എന്നാലും ആരും മെനക്കെടാറില്ല.

മുറ്റത്തെ അടുപ്പത്ത് ആവി കേറ്റാൻ തുണിക്കെട്ട് വച്ചിരിക്കുന്നതുകണ്ട് ഈ വീട്ടുകാർ അലക്കുകാരാണെന്നു കരുതി ആഢ്യത്തം വിടാത്ത ധർമ്മക്കാരൻ, ആരെങ്കിലും ഭിക്ഷയുമായി എത്തുന്നതിനുമുമ്പ് സ്ഥലം വിട്ടതും അലക്കിക്കിട്ടാൻ മുഷിഞ്ഞ തുണിപ്പൊതിയുമായി വന്നതും കഥയല്ല.
ഒരു ദിവസം ചായ്പ്പിന്റെ തെക്കേ അറ്റത്തുനിന്നും ഒരു വിളി. അച്ഛനാണ്.
അക്ഷരം തികച്ചില്ലാത്ത വിളി "ന്ത.."(എന്തെടീ എന്നായിരിക്കാം).
ഒറ്റ വിളിക്ക് അമ്മ കേട്ടെന്നുവരില്ല. അമർത്തി ഒരു വിളി കൂടിയായപ്പോൾ അമ്മ മുണ്ടിന്റെ നീണ്ട മടിത്തുമ്പിൽ കൈ തുടച്ച് മുഖവും തൂത്തുകൊണ്ട് അടുത്തെത്തി.
അച്ഛൻ ഒരു കഷണം തുണി തൂക്കിപ്പിടിച്ച് കടുപ്പം കുറഞ്ഞ ദേഷ്യത്തോടെ അമ്മയെ നോക്കി ഒരു ചോദ്യച്ചിഹ്നം വരച്ചു.

അതുവാങ്ങി പരിശോധിച്ചപ്പോൾ അമ്മയ്ക്കു ചിരി വന്നു. അലക്കി നീലം മുക്കി വിരിച്ചിരുന്ന കൈക്കോണകം; വാലറ്റമില്ലാതെ.
'ഇതെങ്ങനെ പറ്റി, വിരിച്ചിടുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ!'
പെട്ടെന്ന് അമ്മയ്ക്കു ചിരിപൊട്ടി. ചിരിയോടുചിരി. അച്ഛൻ കണ്ണുമിഴിച്ചു.
"വെളുത്ത മോഹനൻ തിരിത്തുണി ചോദിച്ചോണ്ടുവന്നിരുന്നു. കോണകവാലിന് ഇപ്പോൾ തീ പിടിച്ചു കാണും".
അമ്മയുടെ ഡയലോഗ് കേട്ട് അപ്പോൾ അച്ഛനും ചിരിച്ചുപോയി.



എഴുതിയത് ശാരദ
അദ്ധ്യാപികയായിരുന്നു, ഉദ്യോഗത്തിൽനിന്നും  വിരമിച്ചു.
മുത്തലപുരം സ്വദേശിനി