Showing posts with label ഗ്രാമം. Show all posts
Showing posts with label ഗ്രാമം. Show all posts

October 8, 2022

ഒരു മാമ്പഴക്കാലത്ത് പട പേടിച്ച്


മാമ്പഴക്കാലം പൊതുവേ എല്ലാവർക്കും സുഖകരമായ ഓർമ്മയായിരിക്കും. എനിക്കാണെങ്കിൽ പേടിസ്വപ്നം. പാലക്കുഴപ്പറമ്പിൽ ആവോളം കായ്ക്കുന്ന മാവുകൾ അഞ്ച്. മാമ്പഴം പാകമാകുമ്പോഴേയ്ക്കും അമ്മയുടെ കൈ മാമ്പഴപ്പുളിശ്ശേരി വയ്ക്കാൻ തരിച്ചുതുടങ്ങും. ലോകത്ത് വേറെ ഒരു പച്ചക്കറിയും കിട്ടാത്തതുപോലെയാണ് പിന്നത്തെക്കാര്യം. രാവിലെ പുട്ടിനുതൊട്ട് രാത്രി ഊണിനു വരെ മാമ്പഴപ്പുളിശ്ശേരി തന്നെ. ഇതുകൂടാതെ പിഴിഞ്ഞുകൂട്ടാൻ, 'ഫ്രെഷ്' മാമ്പഴം വേറെയും.

ഒരു ദിവസം ഞാൻ സഹികെട്ട് പ്രഘ്യാപിച്ചു, "ഞാൻ വാഴക്കുളത്തിനു പോകുന്നു". അവിടെയാണെങ്കിൽ വല്ല്യമ്മ എനിക്കിഷ്ടമുള്ളത് വച്ചു തരും.  പതിനൊന്നുമണിയാകുമ്പോൾ നെയ്യ് കൂട്ടി കുഴച്ച് ഒരാളോളം പോന്ന ഒരു ചോറുരുള വല്യച്ചൻ്റെ വക. ഇടയ്ക്കിടക്ക് എടുത്ത് തിന്നാൻ പാത്രങ്ങളിലെല്ലാം പലഹാരങ്ങളും.

വരുന്ന കാര്യം വിളിച്ചറിയിച്ചിട്ട് യാത്ര തുടങ്ങി. പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽപ്പ് തുടങ്ങിയപ്പോഴേയ്ക്കും എനിക്കു വേണ്ടി സ്പെഷ്യലായി മാമ്പഴപ്പുളിശ്ശേരി വല്യമ്മ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. 

ശേഷം ചിന്ത്യം!






അരുൺ കെ

(2006) 

January 5, 2018

തടിക്കൂട്ടാൻ














മോനും മരുമകളുമൊത്ത് തമിഴ്നാട്ടിലെ പുതിയ താമസം.
"നോക്കിക്കോ.. ഒരു മാസത്തിനകം കുറ്റീം പറിച്ചു തിരിച്ചെത്തും.", സ്വന്തക്കാരിൽ ചിലരെങ്കിലും പറയാൻ മടിച്ചില്ല.
കാലാവസ്ഥ, ആഹാരം, ഏകാന്തത ഇങ്ങനെ പോകുന്നു ന്യായീകരണങ്ങൾ.

അതിനൊന്നും ചെവി കൊടുത്തില്ല.
പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. ജലദോഷവും ചുമയും തുടങ്ങി; ഇടയ്ക്ക് വയറിളക്കവും. മരുമകൾ മരുന്ന് വാങ്ങിത്തന്നു. എന്നാലും അവയൊക്കെ വീണ്ടും ആവർത്തിച്ചു.
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക ശീലമാക്കുക വഴി വയറിളക്കവും, കുളി കഴിഞ്ഞ് രാസ്നാദിപ്പൊടിയോ ഭസ്മമോ നെറുകയിൽ തിരുമ്മുകവഴി ജലദോഷത്തിനും പരിഹാരം കണ്ടെത്തി.

എന്നിരുന്നാലും നാട്ടിലെ ആഹാരത്തിന്റെ രുചി ഇപ്പോൾ കിട്ടുന്നില്ല എന്ന യാഥാർത്ഥ്യത്തെ കണ്ടില്ല എന്നു നടിക്കാൻ കഴിഞ്ഞില്ല. പാചകത്തിൽ മിടുക്കിയായ ഭാര്യ തനിക്കറിയാവുന്ന എല്ലാ കഴിവുകളും പ്രയോഗിച്ചുനോക്കി; മറ്റു ചില പൊടിക്കൈകളും. ഒന്നും തൃപ്തികരമായില്ല. ചാനലുകളിലെ കുക്കറി ഷോകളിൽനിന്ന് ലഭിച്ച പൊട്ടത്തരങ്ങൾ വരെ പ്രയോഗിക്കാൻ അവൾ മടിച്ചില്ല.
നാക്കിലെ രുചിയറിയാനുള്ള സ്വാദുമുകുളങ്ങൾക്ക് മരവിപ്പു ബാധിച്ചോ എന്നു തോന്നിപ്പോയി.

അന്നൊരു ദിവസം ഉച്ചയൂണിനിരുന്നപ്പോൾ നിസ്സംഗതയായിരുന്നു മുഖത്ത്. ഭാര്യ ചോറു വിളമ്പി.
കറിക്കു വേണ്ടി കാത്തിരുന്നു.
മുമ്പിൽ രണ്ടു പ്ലേറ്റുകൾ. ഒന്നിൽ മുട്ട പൊരിയൽ. ഇഞ്ചി, പച്ചമുളക്, ഉള്ളി, മുരിങ്ങയില ചേർത്ത് പൊരിച്ച കോഴിമുട്ട.
മറ്റേതിൽ ചുട്ട വറ്റൽ മുളക് ഉള്ളിയും ഉപ്പും ചേർത്ത് പച്ചവെളിച്ചെണ്ണയിൽ തിരുമ്മിയെടുത്ത കറി.
ചോറുരുട്ടിയെടുത്ത് കറിയിൽ ഒപ്പി ഉരുളകൾ അകത്താക്കി. ഇടക്കിടെ മുട്ട പൊരിയലും.
"ഫന്റാസ്റ്റിക്ക്" ഉഷാ ഉതുപ്പിന്റെ പ്രയോഗം അറിയാതെ പുറത്തു വന്നു.
മുളകു പൊട്ടിച്ചതു തീർന്നാലോ എന്നു ഭയന്നാവണം ഭാര്യ ചോറു വിളമ്പി ഒപ്പമിരുന്ന് കഴിച്ചു തുടങ്ങി.
സ്വാദുമുകുളങ്ങൾക്ക് മരവിപ്പു മാറി പുതു ജീവൻ വച്ചതുപോലെ.
വയറു നിറഞ്ഞു. ഏമ്പക്കം വിട്ട് എഴുന്നേറ്റു.

അപ്പോഴേക്കും "മുത്തശ്ശാ " വിളിയോടെ കൊച്ചുമകൻ എത്തി. മുളകുപാത്രത്തിൽ വിരൽ മുക്കി നാക്കത്തു വച്ച ശേഷം അവൻ പറഞ്ഞു, "എനിക്കു മുളകു വേണം".
ഭാര്യ ഉപ്പും മുളകും കൂട്ടി അവനെ ചോറൂട്ടി.

അതു കണ്ടപ്പോൾ നാട്ടിലെ കവലയിലുണ്ടായിരുന്ന തടിച്ചേട്ടനെ ഓർത്തുപോയി.
മുഷിഞ്ഞ കള്ളിമുണ്ടും അതിലും മുഷിഞ്ഞ തലേക്കെട്ടും.
എത്ര വലിയ ചുമടും പുല്ലു പോലെ.
കടത്തിണ്ണയിലെ ബെഞ്ചിൽ ഉറക്കം. തന്നെത്താൻ ചോറു വക്കും. പുള്ളിക്കാരന്റെ സ്ഥിരം കൂട്ടാനായിരുന്ന ഉപ്പും മുളകും കൂട്ടി ചോറുണ്ണുന്നതു കാണുമ്പോൾ വായിൽ വെള്ളമൂറാറുണ്ട്.


'തടിച്ചേട്ടൻ' തുടരുന്നു..













പതിവുപോലെ രാവിലെ അമ്പലത്തിൽ തൊഴുത് തൊട്ട് ചേർന്നുള്ള അനുജന്റെ വീട്ടിലേക്ക് നടന്നു.
"ഓരോരോ കാര്യങ്ങൾ ആലോചിച്ച്" അങ്ങനെ.."
വാതിൽ പൂട്ടിയിരിക്കുന്നു.

അയല്പക്കത്തുനിന്ന് വത്സ വിളിച്ചുപറഞ്ഞു "അവരവിടെയില്ല, പുറത്തു പോയിരിക്കുവാ.."

"ഓ.. എന്നോടും പറഞ്ഞിരുന്നതാ. എന്നത്തെയും പോലെ ഞാനിങ്ങു പോന്നു. "

"ഇതിലെ വരൂ.. കാപ്പി കുടീച്ചിട്ടു പോകാം."
ചിലപ്പോഴൊക്കെ അതും പഴക്കമുള്ള ശീലമാണ്.

കാപ്പി എന്നാണു പറച്ചിലെങ്കിലും കിട്ടിയതു ചായയാണ്. (ഇച്ചിരീന്നു പറഞ്ഞാ രണ്ടു പയം).
ദോശ ചുട്ടു തന്നു. മൂന്നെണ്ണമായി. മതിയെന്നു തീർത്തു പറഞ്ഞു.
"ചെറുതല്ലേ.. ഒന്നുകൂടി ആവാ"മെന്നു നിർബ്ബന്ധിച്ചു.

"വേണ്ട, ഇതാ കണക്ക്. അധികമായാൽ ബുദ്ധിമുട്ടാവും" എന്നു പറഞ്ഞ് ദോശ നിർത്തിച്ചു.

"കപ്പച്ചെണ്ടനുണ്ട്. രണ്ടെണ്ണം തരട്ടേ? നല്ല സ്വാദുള്ള കപ്പയാ"
വിരോധം പറഞ്ഞില്ല.
മുളകു വറുത്ത് പൊട്ടിച്ചതും കപ്പയും അകത്താക്കി.
പെട്ടെന്ന് എനിക്ക് ചിരി വന്നു. മുളക് മൂക്കിൽ കയറി.

"എന്താ എന്തുപറ്റി?" വത്സ വെള്ളമെടുത്തു തന്നു.

"ഇതിപ്പം തടിച്ചേട്ടന്റെ കഥ പോലെയായി. തടിച്ചേട്ടനെ ഓർമ്മയില്ലേ ?"

"പിന്നേ.. ചുമടല്ലേ? അതിന് ആ പേരിട്ടവരെ സമ്മതിക്കണം."

അപ്പോൾ ആളെ പരിചയം മാത്രമല്ല, അതിന്റെ പ്രകൃതവും നിശ്ചയമുണ്ട്. പക്ഷെ ചിരിച്ചതിന്റെ പൊരുൾ മനസിലായിക്കാണില്ല.

അത് വത്സ വരുന്നതിനു മുമ്പുള്ള കഥയാണ്.
തടിച്ചേട്ടൻ ചുമട് കൊണ്ടുപോകുന്നതു കണ്ടിട്ടില്ലേ? കണ്ണു തുറിച്ച്, ബലം പിടിച്ച്, ആയാസം മുഴുവൻ കാണിച്ച് ചുമടിനു താഴെ പുള്ളി അങ്ങു നീങ്ങും.
ഒരു ദിവസം കൊമ്മറ്റം പീടികയിൽ നിന്ന് ഒരു ചാക്ക് ചുക്ക് തലയിൽ കേറ്റി. അതിനു മുകളിൽ ഒരു ചേളാകത്തിൽ മഞ്ഞൾ ഉണങ്ങിയത്.
അരച്ചേളാകം കച്ചോലം എടുത്ത് പിടിച്ച് മുതലാളി ചോദിച്ചു, "ഇതു കൂടി വയ്ക്കട്ടെ?"

"അയ്യോ വേണ്ട, ഇതു തന്നെ വിഷമിച്ചാ"

"ങാ.. എന്നാ വേണ്ട ഈ കട്ടി കൂടെ അങ്ങു കൊണ്ടുപോണം"

"ഓ! അതു വച്ചോ."

നിരസിച്ച കച്ചോലത്തിന്റെ നാലിരട്ടി തൂക്കമുള്ള കട്ടി മഞ്ഞളിനു മുകളിൽ വച്ചു പാവം തടിച്ചേട്ടൻ ചുമടിനു താഴെ നടന്നു നീങ്ങി.

ഞാൻ പതിയെ വയറു തടവി വീട്ടിലേക്ക് തിരിച്ചു.


June 3, 2010

അത്യാഹിതം


മനയ്ക്കലെ പറമ്പും കടന്ന് വയൽ വരമ്പിലൂടെ നടക്കുമ്പോൾ എതിരെ വന്നവരെ പലരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇങ്ങോട്ട് കുശലം പറഞ്ഞവരോട് ഒന്നോ രണ്ടോ വാക്കിൽ മറുപടിപറഞ്ഞ്
നടത്തം തുടർന്നു. എത്ര നടന്നാലും മടുക്കാത്ത നടപ്പ്...

പതിനാല് വർഷം കൂടി നാട്ടിൽ വന്നതാണ്. പാടത്തിനക്കരെയുള്ള സുഹൃത്തിന്റെ വീട്ടിൽ പോകണം. കുട്ടിക്കാലത്ത് മേളിച്ചുനടന്നിരുന്ന സ്ഥലം. ആകെ മാറ്റം വന്നിരിക്കുന്നു! പാടത്തെ രണ്ടായി പകുത്തുകൊണ്ട് പുതുതായൊരു വഴി - അടുത്തകാലത്തുണ്ടായതാണ്.

കുറച്ചകലെ വഴിവക്കിൽ കിടക്കുന്ന ആംബുലൻസ് വണ്ടി കണ്ണിൽ‌പ്പെട്ടു. അറിയാതെ മനസ്സിനൊരു പിടച്ചിൽ! ആ വെള്ളവണ്ടി കാണുമ്പോളൊക്കെ മനസ്സ് അറിയാതെ വിങ്ങാറുണ്ട്.
ആർക്കാണാവോ അത്യാഹിതം സംഭവിച്ചത്!
ആരാണ് അപകടത്തിൽ‌പ്പെട്ടതെന്നറിയാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല. അവിടെ ആ സർപ്പക്കാവിന്റെയടുത്ത് ഓടിട്ടവീടിന്റെ മുറ്റത്ത് നീലപ്പടുത വലിച്ചുകെട്ടിയിരിക്കുന്നത് മരങ്ങൾക്കിടയിലൂടെ കാണാം. വെളിപ്പറമ്പിൽ കുഞ്ഞൂഞ്ഞമ്മയുടെ വീടാണല്ലോ!
കുട്ടിക്കാലത്ത് ഇടയ്ക്കിടയ്ക്ക് ഞങ്ങളിവിടെ വരാറുണ്ട്! നല്ലൊരു സ്ത്രീയായിരുന്നു! അമ്മയുടെ ഇഷ്ടക്കാരിൽ പ്രധാനി!
ഞങ്ങളെയെല്ലാം എന്തു കാര്യമായിരുന്നെന്നോ? കുറെ നാളുകളായി തീരെ കിടപ്പിലാണെന്ന് കേട്ടിരുന്നു.നാട്ടിൽ വരുമ്പോൾ പോയി കാണണമെന്ന് വിചാരിച്ചിരുന്നതുമാണ്.പക്ഷെ ഇങ്ങനെ
വേണ്ടിവരുമെന്ന് കരുതിയിരുന്നില്ല.ഏതായാലും കർമ്മങ്ങൾ തീരുന്നതുവരെ നിന്നില്ലെങ്കിലും ഒന്നു കാണാതെ പോകുന്നതു ശരിയല്ലെന്നു തോന്നി.വീടിനോടടുക്കും തോറും നഷ്ടബോധം കൂടിക്കൊണ്ടിരുന്നു.
ആ വീടിന്റെ നെടുംതൂണായിരുന്നു കുഞ്ഞൂഞ്ഞമ്മ. നാട്ടുകാർക്കെല്ലാം പ്രിയങ്കരി. ഏതായാലും നരകിക്കാതെയും നരകിപ്പിക്കാതെയും പോയല്ലോ! ഭാഗ്യവതി!

വീട്ടുമുറ്റത്തു ചെന്നപ്പോൾഅന്ധാളിച്ചുപോയി!
പന്തൽ അലങ്കരിച്ചിരിക്കുന്നു!
പലരും കളിതമാശ പറഞ്ഞുമിരിക്കുന്നു.
പ്രായം ചെന്ന് വളരെനാൾ രോഗിയായി കിടന്നയാൾ പോയതിൽ അത്ര ദുഃഖിക്കേണ്ടതില്ലായിരിക്കാം... എന്നാലും ഇങ്ങനെ!
പരിചയക്കാരിൽ ഒരാളോട് എപ്പോളാണ് ചടങ്ങ് തുടങ്ങുന്നതെന്നുചോദിച്ചു.

“ചെറുക്കനും പാർട്ടിയുമെത്തിയിട്ടില്ല. 11നും 11.30നുമിടയ്ക്കാണ് മുഹൂർത്തം”
കുഞ്ഞൂഞ്ഞമ്മയുടെ മകന്റെ മകൾ ശോഭനയുടെ വിവാഹമാണത്രേ!

“അപ്പോൾ ആംബുലൻസ്?”

“അതോ... പെണ്ണ് ആശുപത്രിയിലെ നേഴ്സല്ലേ. കൂട്ടുകാരെല്ലാം കൂടി കല്യാണം  കൂടാൻ വന്നതാ...”

അന്തം വിട്ടു പോയി!!!

“എങ്കിലും ശോഭനേ... പ്രസവം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നതും ആംബുലൻസ് വണ്ടിയിൽത്തന്നെയായിരിക്കുമോ?” എന്നു ചോദിച്ചിട്ടു പോയാലോ എന്നു വിചാരിച്ചു.
ഒരു വിഡ്ഢിച്ചിരി പാസ്സാക്കി തിരിച്ചു നടന്നു!




എഴുതിയത്...
ശശികുമാർ
കെ എസ് ആര്‍ ടി സി യില്‍ നിന്ന് വിരമിച്ചു
സ്വദേശം മുത്തോലപുരം


January 12, 2010

രക്ഷിക്കണേ ഭഗവതിയേ!!!



നാടൊട്ടുക്ക് പട്ടിണിയും മാറാരോഗങ്ങളുമായി.
ദേവീകോപം തന്നെ തീർച്ച.
നാട്ടുകാരുടെ സംശയം ദേവപ്രശ്നത്തിൽ സ്ഥിരീകരിച്ചു.
പൂജകളും വിശേഷാൽ‌പ്പൂജകളും ഹോമങ്ങളും യാഗങ്ങളും എന്നു വേണ്ട പരിഹാരക്രിയകൾ ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ല.
നിസ്സഹായരായവർ കരഞ്ഞുവിളിച്ചു. അമ്മേ രക്ഷിക്കണേ...

അകത്ത് ഭഗവതി എല്ലാം കാണുന്നുണ്ടായിരുന്നു; കേൾക്കുന്നുണ്ടായിരുന്നു.
മനസ്സു വിങ്ങുകയാണ്. തനിക്കാരോടും പകയില്ല. എല്ലാം സ്വന്തം മക്കളാണ്.
അവരുടെ ദുരിതം എങ്ങനെ സഹിയ്ക്കും!
നാട്ടുകാര്യങ്ങളിൽ ശ്രദ്ധവയ്ക്കാൻ പറ്റാതെയായിട്ട് നാളേറെയായി.
എല്ലാം ഇട്ടിറങ്ങിപ്പോരാമെന്നു വച്ചാൽ അതും വയ്യ. പണ്ടൊരു വില്വമംഗലത്തുകാരൻ സ്വാമിയാണ് ഇവിടെ പിടിച്ചിരുത്തിയത്. ഇരുത്തലിന്റെ ശക്തിവിശേഷം കൊണ്ട് അനങ്ങാൻ കൂടി കഷ്ടമാണ്.
സർവ്വശക്തയെന്നാണല്ലോ വയ്പ്പ്‌!
അതുകൊണ്ട് വിളിച്ചപേക്ഷിയ്ക്കാൻ കൂടി ആളില്ല.
ഹാ കഷ്ടം!

നമ്പൂരി മുങ്ങിക്കയറി. ഈറനോടെ ശ്രീകോവിലിലേയ്ക്കു നടന്നു.
നമ്പൂരിയുടെ പതിവിങ്ങനെയാണ്:
പല്ലുതേയ്ക്കാറില്ല - കാലത്തെഴുന്നേറ്റാൽ തലേന്നത്തെ കുപ്പിയിൽ ബാക്കിയിരിക്കുന്നത് ഫിനിഷ് ചെയ്യും - പിന്നെ നേരെ നടപ്പാണ് - അമ്പലക്കുളത്തിൽ മുങ്ങിപ്പൊങ്ങുമ്പോഴേയ്ക്ക് ഒന്നും രണ്ടും ശുദ്ധവും എല്ലാം കഴിയും - പിന്നെ പൂജയായി ശാന്തിയായി.
നമ്പൂരി നടന്നുവരുമ്പോൾ ജനം ഇരുവശവും മൂന്നടി പിന്നോട്ടുമാറിനിൽക്കും.
തീണ്ടാണ്ടെ നോക്കീട്ടല്ല. മണം സഹിയ്ക്കണ്ടേ!

അന്നും പതിവുപോലെ നമ്പൂരി നടന്നുകേറി, ശ്രീകോവിൽ നോക്കി നടന്നു.
അകത്ത് കാതോർത്തിരിയ്ക്കയാണ് ഭഗവതി.
ചിരപരിചിതമായ ആ കാലൊച്ച കേൾക്കാറായി.
നെഞ്ചിടിപ്പു ശക്തിയായി.
സിരകൾ ത്രസിച്ചു.
ശ്വാസോച്ഛ്വാസം ഉച്ചത്തിലായി.
ഭും...!!
ശ്രീകോവിൽ നട തുറന്നു.
പിന്നെയൊന്നും ഓർമ്മയില്ല. ചുറ്റും ഇരുട്ടുമാത്രം...
പാവം ഭഗവതി!


എഴുതിയത്...
ശ്രീഹരി
എഞ്ജിനീയര്‍
സ്വദേശം ആലുവ