വീട്ടിലേയ്ക്കു കയറിച്ചെന്ന എൻ്റെ നേരെ അവൻ കുരച്ചു ചാടി. ഒരു കറുത്ത പട്ടി.
ഞാൻ പകച്ചുപോയി. ഇരുട്ടിൽ തിരിച്ചറിയാൻ വിഷമം. അത്രയ്ക്കു കറുപ്പാണ്. ധൈര്യപൂർവ്വം കയറിച്ചെന്നപ്പോൾ അവൻ കുരച്ചുകൊണ്ട് മുടന്തി മുടന്തി ഓടിപ്പോയി.
ഈയിടെ വന്നുകൂടിയ അവൻ ഒരു ശല്യക്കാരനാണെന്നും പുതിയ മൂന്ന് ജോടി ചെരുപ്പുകൾ കടിച്ചുപറിച്ച് നശിപ്പിച്ചെന്നും അച്ഛൻ്റെ ചാരുകസേരയിലാണ് രാത്രി കിടപ്പെന്നും വീട്ടിലുള്ളവരുടെയും നേരെ കുരച്ചുചാടുമെന്നും കേട്ടതോടെ ഇതുടനെ പരിഹരിക്കേണ്ട പ്രശ്നമാണെന്ന് തോന്നി.
അറ്റ കൈ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു. കീടനാശിനിക്കടയിൽ ചെന്ന് ഏറ്റവും വീര്യം കൂടിയ സാധനം ചോദിച്ചു. കടക്കാരൻ എൻ്റെ ഒരു സുഹൃത്താണ്. "കാഞ്ഞിരത്തിൻ്റെ കീഴോട്ട് പോകുന്ന വേര് കോഴിക്കാലിട്ട് വേവിച്ചു കൊടുത്താൽ.. ഠിം!" എന്ന് പറഞ്ഞ് സുഹൃത്ത് ഉറക്കെ ചിരിച്ചു. പുള്ളിക്കാരൻ ഇത് ധാരാളം വിജയകരമായി പ്രയോഗിച്ചിട്ടുണ്ടത്രെ.
അന്നുച്ചയ്ക്ക് പിള്ളേർക്ക് ശാപ്പാട് കുശാൽ! ഇറച്ചിക്കോഴിയുടെ കാല് പ്രത്യേകം ചോദിച്ചു വാങ്ങിയിരുന്നു. എല്ലാം വേണ്ടവിധം കൈകാര്യം ചെയ്തു. പട്ടി അന്നും വന്നു, തിന്നു.
മൂന്നാം ദിവസം പുതിയ ഭാവങ്ങളോടെ അവൻ പ്രത്യക്ഷപ്പെട്ടു. കോഴിക്കാൽ ചികിത്സ ഫലിച്ചു. അവൻ്റെ മുടന്ത് മാറിയിരിക്കുന്നു. നന്ദിസൂചകമായി ഒരു മൂളലോടെ സാമാന്യം ശക്തിയായി വാലാട്ടി കുണുങ്ങിക്കുണുങ്ങി അവൻ എൻ്റെ അടുത്തേയ്ക്കു വരുന്നു. അവൻ്റെ സ്നേഹപ്രകടനത്തിൽ മതിമറന്ന് അവനെ കോരിയെടുത്ത് ഒരുമ്മ കൊടുക്കാൻ എനിക്കു തോന്നിപ്പോയി!
ശശികുമാർ കൂരാപ്പിള്ളിൽ
(2006)