January 5, 2018

പെൻഷൻ പ്രസാദംരണ്ടായിരത്തൊമ്പത് മെയ് നാല് തിങ്കളാഴ്ച രാവിലെ 11:30..
പെരുമ്പാവൂർ സബ് ട്രഷറിയുടെ വരാന്ത. എന്റെയും സഹധർമ്മിണിയുടെയും ചെക്കുമായി ഞാനും എന്നെപ്പോലെ ഏതാണ്ട് നൂറിൽ താഴെ പെൻഷൻകാരായ സ്ത്രീപുരുഷന്മാരും.
ബില്ലു മാറുവാൻ വന്ന ഉദ്യോഗസ്ഥന്മാർ വേറെ.
ആകെക്കൂടിയുള്ള ആ വരാന്തയിൽ തിങ്ങിഞ്ഞെരുങ്ങി ജനങ്ങൾ. ടോക്കൺ നമ്പർ വിളിച്ചാൽത്തന്നെ കൗണ്ടറിനു മുന്നിൽ എത്തുന്നതെങ്ങനെ?

പൊടുന്നനെ പുറകിൽനിന്നും ഒരു അശരീരി,
"നേദ്യം... നേദ്യം..."
എല്ലാവരും നിശബ്ദരായി.
രണ്ടു സൈഡിലേക്കും ഒതുങ്ങി.

ഒരാൾ വളരെ ശാന്തനായി നടന്ന് കൗണ്ടറിനടുത്തെത്തി.
"സാറെ ശങ്കരൻ നമ്പൂതിരിയുടെ പേരു വിളിച്ചോ ? "
കൗണ്ടറിൽനിന്ന് മറുപടി, "ഇല്ലല്ലോ!"

നേരത്തെ ബില്ലു കൊടുത്ത് ടോക്കൺ വാങ്ങി പുറത്തുപോയി ചായയും കുടിച്ച് താംബൂലചർവ്വണവും നടത്തിവന്ന ശങ്കരൻ നമ്പൂതിരി സാറിനെ അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്.

അമ്പേ! നേദ്യത്തിന്റെ ഒരു ദിവ്യത്വം!!


തടിക്കൂട്ടാൻ


മോനും മരുമകളുമൊത്ത് തമിഴ്നാട്ടിലെ പുതിയ താമസം.
"നോക്കിക്കോ.. ഒരു മാസത്തിനകം കുറ്റീം പറിച്ചു തിരിച്ചെത്തും.", സ്വന്തക്കാരിൽ ചിലരെങ്കിലും പറയാൻ മടിച്ചില്ല.
കാലാവസ്ഥ, ആഹാരം, ഏകാന്തത ഇങ്ങനെ പോകുന്നു ന്യായീകരണങ്ങൾ.

അതിനൊന്നും ചെവി കൊടുത്തില്ല.
പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. ജലദോഷവും ചുമയും തുടങ്ങി; ഇടയ്ക്ക് വയറിളക്കവും. മരുമകൾ മരുന്ന് വാങ്ങിത്തന്നു. എന്നാലും അവയൊക്കെ വീണ്ടും ആവർത്തിച്ചു.
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക ശീലമാക്കുക വഴി വയറിളക്കവും, കുളി കഴിഞ്ഞ് രാസ്നാദിപ്പൊടിയോ ഭസ്മമോ നെറുകയിൽ തിരുമ്മുകവഴി ജലദോഷത്തിനും പരിഹാരം കണ്ടെത്തി.

എന്നിരുന്നാലും നാട്ടിലെ ആഹാരത്തിന്റെ രുചി ഇപ്പോൾ കിട്ടുന്നില്ല എന്ന യാഥാർത്ഥ്യത്തെ കണ്ടില്ല എന്നു നടിക്കാൻ കഴിഞ്ഞില്ല. പാചകത്തിൽ മിടുക്കിയായ ഭാര്യ തനിക്കറിയാവുന്ന എല്ലാ കഴിവുകളും പ്രയോഗിച്ചുനോക്കി; മറ്റു ചില പൊടിക്കൈകളും. ഒന്നും തൃപ്തികരമായില്ല. ചാനലുകളിലെ കുക്കറി ഷോകളിൽനിന്ന് ലഭിച്ച പൊട്ടത്തരങ്ങൾ വരെ പ്രയോഗിക്കാൻ അവൾ മടിച്ചില്ല.
നാക്കിലെ രുചിയറിയാനുള്ള സ്വാദുമുകുളങ്ങൾക്ക് മരവിപ്പു ബാധിച്ചോ എന്നു തോന്നിപ്പോയി.

അന്നൊരു ദിവസം ഉച്ചയൂണിനിരുന്നപ്പോൾ നിസ്സംഗതയായിരുന്നു മുഖത്ത്. ഭാര്യ ചോറു വിളമ്പി.
കറിക്കു വേണ്ടി കാത്തിരുന്നു.
മുമ്പിൽ രണ്ടു പ്ലേറ്റുകൾ. ഒന്നിൽ മുട്ട പൊരിയൽ. ഇഞ്ചി, പച്ചമുളക്, ഉള്ളി, മുരിങ്ങയില ചേർത്ത് പൊരിച്ച കോഴിമുട്ട.
മറ്റേതിൽ ചുട്ട വറ്റൽ മുളക് ഉള്ളിയും ഉപ്പും ചേർത്ത് പച്ചവെളിച്ചെണ്ണയിൽ തിരുമ്മിയെടുത്ത കറി.
ചോറുരുട്ടിയെടുത്ത് കറിയിൽ ഒപ്പി ഉരുളകൾ അകത്താക്കി. ഇടക്കിടെ മുട്ട പൊരിയലും.
"ഫന്റാസ്റ്റിക്ക്" ഉഷാ ഉതുപ്പിന്റെ പ്രയോഗം അറിയാതെ പുറത്തു വന്നു.
മുളകു പൊട്ടിച്ചതു തീർന്നാലോ എന്നു ഭയന്നാവണം ഭാര്യ ചോറു വിളമ്പി ഒപ്പമിരുന്ന് കഴിച്ചു തുടങ്ങി.
സ്വാദുമുകുളങ്ങൾക്ക് മരവിപ്പു മാറി പുതു ജീവൻ വച്ചതുപോലെ.
വയറു നിറഞ്ഞു. ഏമ്പക്കം വിട്ട് എഴുന്നേറ്റു.

അപ്പോഴേക്കും "മുത്തശ്ശാ " വിളിയോടെ കൊച്ചുമകൻ എത്തി. മുളകുപാത്രത്തിൽ വിരൽ മുക്കി നാക്കത്തു വച്ച ശേഷം അവൻ പറഞ്ഞു, "എനിക്കു മുളകു വേണം".
ഭാര്യ ഉപ്പും മുളകും കൂട്ടി അവനെ ചോറൂട്ടി.

അതു കണ്ടപ്പോൾ നാട്ടിലെ കവലയിലുണ്ടായിരുന്ന തടിച്ചേട്ടനെ ഓർത്തുപോയി.
മുഷിഞ്ഞ കള്ളിമുണ്ടും അതിലും മുഷിഞ്ഞ തലേക്കെട്ടും.
എത്ര വലിയ ചുമടും പുല്ലു പോലെ.
കടത്തിണ്ണയിലെ ബെഞ്ചിൽ ഉറക്കം. തന്നെത്താൻ ചോറു വക്കും. പുള്ളിക്കാരന്റെ സ്ഥിരം കൂട്ടാനായിരുന്ന ഉപ്പും മുളകും കൂട്ടി ചോറുണ്ണുന്നതു കാണുമ്പോൾ വായിൽ വെള്ളമൂറാറുണ്ട്.


'തടിച്ചേട്ടൻ' തുടരുന്നു..

പതിവുപോലെ രാവിലെ അമ്പലത്തിൽ തൊഴുത് തൊട്ട് ചേർന്നുള്ള അനുജന്റെ വീട്ടിലേക്ക് നടന്നു.
"ഓരോരോ കാര്യങ്ങൾ ആലോചിച്ച്" അങ്ങനെ.."
വാതിൽ പൂട്ടിയിരിക്കുന്നു.

അയല്പക്കത്തുനിന്ന് വത്സ വിളിച്ചുപറഞ്ഞു "അവരവിടെയില്ല, പുറത്തു പോയിരിക്കുവാ.."

"ഓ.. എന്നോടും പറഞ്ഞിരുന്നതാ. എന്നത്തെയും പോലെ ഞാനിങ്ങു പോന്നു. "

"ഇതിലെ വരൂ.. കാപ്പി കുടീച്ചിട്ടു പോകാം."
ചിലപ്പോഴൊക്കെ അതും പഴക്കമുള്ള ശീലമാണ്.

കാപ്പി എന്നാണു പറച്ചിലെങ്കിലും കിട്ടിയതു ചായയാണ്. (ഇച്ചിരീന്നു പറഞ്ഞാ രണ്ടു പയം).
ദോശ ചുട്ടു തന്നു. മൂന്നെണ്ണമായി. മതിയെന്നു തീർത്തു പറഞ്ഞു.
"ചെറുതല്ലേ.. ഒന്നുകൂടി ആവാ"മെന്നു നിർബ്ബന്ധിച്ചു.

"വേണ്ട, ഇതാ കണക്ക്. അധികമായാൽ ബുദ്ധിമുട്ടാവും" എന്നു പറഞ്ഞ് ദോശ നിർത്തിച്ചു.

"കപ്പച്ചെണ്ടനുണ്ട്. രണ്ടെണ്ണം തരട്ടേ? നല്ല സ്വാദുള്ള കപ്പയാ"
വിരോധം പറഞ്ഞില്ല.
മുളകു വറുത്ത് പൊട്ടിച്ചതും കപ്പയും അകത്താക്കി.
പെട്ടെന്ന് എനിക്ക് ചിരി വന്നു. മുളക് മൂക്കിൽ കയറി.

"എന്താ എന്തുപറ്റി?" വത്സ വെള്ളമെടുത്തു തന്നു.

"ഇതിപ്പം തടിച്ചേട്ടന്റെ കഥ പോലെയായി. തടിച്ചേട്ടനെ ഓർമ്മയില്ലേ ?"

"പിന്നേ.. ചുമടല്ലേ? അതിന് ആ പേരിട്ടവരെ സമ്മതിക്കണം."

അപ്പോൾ ആളെ പരിചയം മാത്രമല്ല, അതിന്റെ പ്രകൃതവും നിശ്ചയമുണ്ട്. പക്ഷെ ചിരിച്ചതിന്റെ പൊരുൾ മനസിലായിക്കാണില്ല.

അത് വത്സ വരുന്നതിനു മുമ്പുള്ള കഥയാണ്.
തടിച്ചേട്ടൻ ചുമട് കൊണ്ടുപോകുന്നതു കണ്ടിട്ടില്ലേ? കണ്ണു തുറിച്ച്, ബലം പിടിച്ച്, ആയാസം മുഴുവൻ കാണിച്ച് ചുമടിനു താഴെ പുള്ളി അങ്ങു നീങ്ങും.
ഒരു ദിവസം കൊമ്മറ്റം പീടികയിൽ നിന്ന് ഒരു ചാക്ക് ചുക്ക് തലയിൽ കേറ്റി. അതിനു മുകളിൽ ഒരു ചേളാകത്തിൽ മഞ്ഞൾ ഉണങ്ങിയത്.
അരച്ചേളാകം കച്ചോലം എടുത്ത് പിടിച്ച് മുതലാളി ചോദിച്ചു, "ഇതു കൂടി വയ്ക്കട്ടെ?"

"അയ്യോ വേണ്ട, ഇതു തന്നെ വിഷമിച്ചാ"

"ങാ.. എന്നാ വേണ്ട ഈ കട്ടി കൂടെ അങ്ങു കൊണ്ടുപോണം"

"ഓ! അതു വച്ചോ."

നിരസിച്ച കച്ചോലത്തിന്റെ നാലിരട്ടി തൂക്കമുള്ള കട്ടി മഞ്ഞളിനു മുകളിൽ വച്ചു പാവം തടിച്ചേട്ടൻ ചുമടിനു താഴെ നടന്നു നീങ്ങി.

ഞാൻ പതിയെ വയറു തടവി വീട്ടിലേക്ക് തിരിച്ചു.