Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

October 8, 2022

കറുത്ത പട്ടി



വീട്ടിലേയ്ക്കു കയറിച്ചെന്ന എൻ്റെ നേരെ അവൻ കുരച്ചു ചാടി. ഒരു കറുത്ത പട്ടി. 

ഞാൻ പകച്ചുപോയി. ഇരുട്ടിൽ തിരിച്ചറിയാൻ വിഷമം. അത്രയ്ക്കു കറുപ്പാണ്. ധൈര്യപൂർവ്വം കയറിച്ചെന്നപ്പോൾ അവൻ കുരച്ചുകൊണ്ട് മുടന്തി മുടന്തി ഓടിപ്പോയി. 

ഈയിടെ വന്നുകൂടിയ അവൻ ഒരു ശല്യക്കാരനാണെന്നും പുതിയ മൂന്ന് ജോടി ചെരുപ്പുകൾ കടിച്ചുപറിച്ച് നശിപ്പിച്ചെന്നും അച്ഛൻ്റെ ചാരുകസേരയിലാണ് രാത്രി കിടപ്പെന്നും വീട്ടിലുള്ളവരുടെയും നേരെ കുരച്ചുചാടുമെന്നും കേട്ടതോടെ ഇതുടനെ പരിഹരിക്കേണ്ട പ്രശ്നമാണെന്ന് തോന്നി. 

അറ്റ കൈ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു. കീടനാശിനിക്കടയിൽ ചെന്ന് ഏറ്റവും വീര്യം കൂടിയ സാധനം ചോദിച്ചു. കടക്കാരൻ എൻ്റെ ഒരു സുഹൃത്താണ്. "കാഞ്ഞിരത്തിൻ്റെ കീഴോട്ട് പോകുന്ന വേര് കോഴിക്കാലിട്ട് വേവിച്ചു കൊടുത്താൽ.. ഠിം!" എന്ന് പറഞ്ഞ് സുഹൃത്ത് ഉറക്കെ ചിരിച്ചു. പുള്ളിക്കാരൻ ഇത് ധാരാളം വിജയകരമായി പ്രയോഗിച്ചിട്ടുണ്ടത്രെ. 

അന്നുച്ചയ്ക്ക് പിള്ളേർക്ക് ശാപ്പാട് കുശാൽ! ഇറച്ചിക്കോഴിയുടെ കാല് പ്രത്യേകം ചോദിച്ചു വാങ്ങിയിരുന്നു. എല്ലാം വേണ്ടവിധം കൈകാര്യം ചെയ്തു. പട്ടി അന്നും വന്നു, തിന്നു.

മൂന്നാം ദിവസം പുതിയ ഭാവങ്ങളോടെ അവൻ പ്രത്യക്ഷപ്പെട്ടു. കോഴിക്കാൽ ചികിത്സ ഫലിച്ചു. അവൻ്റെ മുടന്ത് മാറിയിരിക്കുന്നു. നന്ദിസൂചകമായി ഒരു മൂളലോടെ സാമാന്യം ശക്തിയായി വാലാട്ടി കുണുങ്ങിക്കുണുങ്ങി അവൻ എൻ്റെ അടുത്തേയ്ക്കു വരുന്നു. അവൻ്റെ സ്നേഹപ്രകടനത്തിൽ മതിമറന്ന് അവനെ കോരിയെടുത്ത് ഒരുമ്മ കൊടുക്കാൻ എനിക്കു തോന്നിപ്പോയി!


ശശികുമാർ കൂരാപ്പിള്ളിൽ

(2006)



January 5, 2018

പെൻഷൻ പ്രസാദം



രണ്ടായിരത്തൊമ്പത് മെയ് നാല് തിങ്കളാഴ്ച രാവിലെ 11:30..
പെരുമ്പാവൂർ സബ് ട്രഷറിയുടെ വരാന്ത. എന്റെയും സഹധർമ്മിണിയുടെയും ചെക്കുമായി ഞാനും എന്നെപ്പോലെ ഏതാണ്ട് നൂറിൽ താഴെ പെൻഷൻകാരായ സ്ത്രീപുരുഷന്മാരും.
ബില്ലു മാറുവാൻ വന്ന ഉദ്യോഗസ്ഥന്മാർ വേറെ.
ആകെക്കൂടിയുള്ള ആ വരാന്തയിൽ തിങ്ങിഞ്ഞെരുങ്ങി ജനങ്ങൾ. ടോക്കൺ നമ്പർ വിളിച്ചാൽത്തന്നെ കൗണ്ടറിനു മുന്നിൽ എത്തുന്നതെങ്ങനെ?

പൊടുന്നനെ പുറകിൽനിന്നും ഒരു അശരീരി,
"നേദ്യം... നേദ്യം..."
എല്ലാവരും നിശബ്ദരായി.
രണ്ടു സൈഡിലേക്കും ഒതുങ്ങി.

ഒരാൾ വളരെ ശാന്തനായി നടന്ന് കൗണ്ടറിനടുത്തെത്തി.
"സാറെ ശങ്കരൻ നമ്പൂതിരിയുടെ പേരു വിളിച്ചോ ? "
കൗണ്ടറിൽനിന്ന് മറുപടി, "ഇല്ലല്ലോ!"

നേരത്തെ ബില്ലു കൊടുത്ത് ടോക്കൺ വാങ്ങി പുറത്തുപോയി ചായയും കുടിച്ച് താംബൂലചർവ്വണവും നടത്തിവന്ന ശങ്കരൻ നമ്പൂതിരി സാറിനെ അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്.

അമ്പേ! നേദ്യത്തിന്റെ ഒരു ദിവ്യത്വം!!


May 21, 2016

സ്പെഷ്യൽ ഓഫർ


ഈ ഓഫർ എന്നു കേട്ടാൽ വലിയ പൂതിയാണെനിക്ക്. 
പണ്ടു മുതലേയുള്ള ആഗ്രഹമാണ്. ഒന്നുമൊട്ടു കിട്ടിയില്ലെങ്കിലും ചുമ്മാ ആഗ്രഹിക്കാമല്ലോ! മനപ്പായസത്തിനു പഞ്ചസാര കുറയ്ക്കണോ?
വിദേശത്തൊക്കെ, അതായത് ജക്കാർത്ത, ദുബായ് എന്നിവിടങ്ങളിലൊക്കെ ഇതിന് പ്രൊമോഷൻ എന്നു പറയും. വല്ലതും വാങ്ങുമ്പോൾ വില കുറച്ചുകിട്ടുന്നതിനും ഫ്രീ കിട്ടുന്നതിനുമൊക്കെ.
സൂപ്പർ മാർക്കറ്റിൽ പോയാൽ സമയം മുഴുവൻ പോകുന്നത് ഈ ഫ്രീ നോട്ടത്തിലാണ്. വേണ്ടുവോളം ചീത്ത ഈ വകയിൽ കിട്ടിയിട്ടുമുണ്ട്.

അങ്ങനെ നിരാശയിൽ ജീവിക്കുമ്പോളാണ് നായർ സ്ത്രീകളുടെ സംഘടനയിൽ വൈൻ ഉണ്ടാക്കാൻ പോയി തലയിൽ വിയർപ്പു താഴ്ന്ന് ചുമ വന്നത്. 
എന്നെക്കൊണ്ടാവുംവിധം ചുമച്ചു ചുമച്ചു തീർത്തു. 
അപ്പോഴതാ വയറ്റിൽ ഒരു തടിപ്പ്. നേരെ മെഡിക്കൽ ട്രസ്റ്റിലേക്ക് വിട്ടു. 
അവിടെ ഓഫറുകളുടെ പെരുമഴ! 
ചുമയ്ക്ക് സ്പെഷ്യൽ ഓഫറായി ഹെർണിയ.
ആ സന്തോഷം അവസാനിക്കുന്നതിനു മുന്നേ തന്നെ ഡോക്ടർ പറഞ്ഞു ഒന്നു സ്കാൻ ചെയ്യണമെന്ന്. അതിന്റെ റിസൽട് കിട്ടിയപ്പോളാണ് ഡബിൾ ധമാക്കാ അടിച്ചത്! ഹെർണിയക്ക് ബോണസായി പിത്താശയത്തിൽ കല്ല്.

അതോടെ ഈ ഓഫർ നോക്കി നടപ്പ് അങ്ങ് നിർത്തി വച്ചു.
ഈ ഓഫർ ഒക്കെ വെറും തട്ടിപ്പാണെന്നേ!!


എഴുതിയത് രഞ്ജിനി
വീട്ടമ്മ
മാറമ്പിള്ളി, ആലുവ


February 20, 2014

റിയാലിറ്റി ലീവ്



ഗൾഫിൽ പതിമൂന്ന് വർഷം കഴിഞ്ഞു. കുടുംബം കൂടെയില്ല.
ആണ്ടിലോരോ ഓട്ടപ്രദക്ഷിണം നടത്തും. അതാണു പതിവ്.
സഹോദരങ്ങൾ, അമ്മാവൻമാർ, മറ്റു ബന്ധുക്കൾ ഇവരെയൊക്കെ വഴിപാടായി കണ്ടുമടങ്ങുമ്പോൾ ഭാര്യയുടെയും മക്കളുടെയും മുഖം ഓർമ്മയുണ്ടോ എന്നു സംശയം.
ഭാര്യ എല്ലാം നോക്കിക്കോളും. മക്കൾക്ക് അച്ഛന്റെ മുഖച്ഛായ ഓർമ്മകിട്ടുന്നില്ലെന്ന് പരാതി. ഫോട്ടോകൾ ഇഷ്ടം പോലെയുണ്ടല്ലോ!
80ശതമാനം ഗൾഫുകാരും ഇങ്ങനെതന്നെ.

അൽപ്പം കാശുപോയാലും ഇത്തവണ ഒരു Extra Leave നേരത്തേതന്നെ ഉറപ്പിച്ചതായിരുന്നു.
പത്തു ദിവസം അവധികിട്ടി. പല പല പരിപാടികളുണ്ട്.
പെണ്ണിന് 25 ആയി. മൂന്നു നല്ല ആലോചനകളുണ്ട്. മൂന്നിടത്തും പോയി ആലോചിക്കണം.
പല്ല്, കാല് ചികിത്സയും നടത്തണം.
സമയം കിട്ടിയില്ലെങ്കിലും എങ്ങിനെയെങ്കിലും തലശ്ശേരിയിൽ പോയി അർശ്ശസ്സു കീറണം. അതിനു ചുരുങ്ങിയത് നാലു ദിവസം വേണം.
'ജാലകം' തുറക്കുമ്പോഴെത്തി ചെക്കനൊരു പ്ലസ് വൺ അഡ്മിഷനും തരപ്പെടുത്തണം.
അൽപ്പം സ്ഥലം വിൽക്കാൻ ഏർപ്പാടാക്കണം. നല്ല വിലയുള്ള സമയമാണ്.

ആരോടും അവധിക്കാര്യം പറഞ്ഞില്ലെങ്കിലും അഞ്ചാറു കിലോ കത്തുകളും ബൈഹാൻഡ് എത്തിക്കാൻ മൂന്ന് പൊതികളും കൃത്യസമയത്ത് എത്തി.
കയ്യും വീശി പോകുന്നതെങ്ങനെ! മക്കൾക്കും ഭാര്യക്കും കുറച്ചു തുണി, ഒന്നു രണ്ട് ടോർച്ച്, ഒരു എമർജൻസി ലൈറ്റ്.
എത്തിയാലുടനെ ചെറുക്കനെ വൈദ്യനെക്കാണിക്കണം. പഠിക്കാനൊരുത്സാഹക്കുറവ്. ഞാൻ കൂടെയുണ്ടായാൽ പ്രശ്നം തീരുമെന്നാണ് ഭാര്യ പറയുന്നത്.
ഈ തുണിക്കൊക്കെ എന്തു വെയ്റ്റാ! പതിനെട്ട് കിലോയുണ്ട്. ഇരുപത് കിലോ വരെ കൊണ്ടുപോകാം.

4:55 ആയപ്പോളേക്കും സ്നേഹിതനെന്നു വിളിക്കാവുന്ന Mr. X എത്തി.
"നീ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ! എന്റെ ഒരു മ്യൂസിക് സെറ്റ് കൊണ്ടുപോകണം. എയർപോർട്ടിൽ ആളുവന്ന് കളക്ടുചെയ്തോളും."
എല്ലാം അയാൾ തീരുമാനിച്ചതുപോലെ കാറിലയാൾ എയർപോർട്ടിലെത്തിച്ചു.
എല്ലാ ലഗേജും കൂടിയായപ്പോൾ എന്റെ തുണികൾ അടുത്ത ലീവിനു കൊണ്ടുപോകാനായി സുഹൃത്തിനെ ഏൽപ്പിച്ചു. റൂമിൽ സുരക്ഷിതമായി വച്ചേക്കാൻ ഏർപ്പാടാക്കി.

ഫ്ലൈറ്റ് കൃത്യസമയത്ത് നെടുമ്പാശേരിയിൽ. പക്ഷെ ഒരു ബാഗ് എത്തിയില്ല. അടുത്ത ഫ്ലൈറ്റിൽ എത്തുമായിരിക്കും.  ബോംബേയിൽ മാറിക്കേറിയപ്പോൾ ലോഡുചെയ്യാൻ വിട്ടുപോയത്രെ!
മൂന്നു മണിക്കൂർ കഴിഞ്ഞു വന്ന ഫ്ലൈറ്റിലും മ്യൂസിക് സെറ്റ് ലഗേജ് എത്തിയില്ല.
സുഹൃത്തിന്റെ കുടുംബം മൊത്തം അതു കളക്ടുചെയ്യാനെത്തിയിരുന്നു. ഞാനെന്തോ മഹാപരാധം ചെയ്ത മട്ടാണവർക്ക്. ഒരു ചിരി പോലുമില്ല.
ലഗേജ് എത്തുമ്പോൾ അറിയിക്കാമെന്ന് വിമാനക്കാർ.

രണ്ടു ദിവസം കഴിഞ്ഞ് അറിയിപ്പെത്തി.
മ്യൂസിക് സെറ്റ് കളക്ട് ചെയ്ത് ഡ്യൂട്ടി അടച്ച് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ ഒരു ദിവസം പോയിക്കിട്ടി.
അന്നു കേറിക്കിടന്നിട്ട് തിരിച്ചുപോകേണ്ടതിന്റെ തലേന്ന് പനി വിട്ടു.
തിരിച്ചുപോകാതെ പറ്റില്ല.
വല്ലാത്ത ക്ഷീണം.

തിരിച്ചെത്തിയപ്പോൾ മ്യൂസിക് സെറ്റുകാരന് തീർത്തും സന്തോഷമില്ല.
"കത്തു" തന്നു വിട്ട മറ്റൊരു വിദ്വാന്റെ കത്തിൽ അഞ്ചു ആയിരം രൂപാ കറൻസി ഉണ്ടായിരുന്നതിൽ നാലെണ്ണം കുറവായിരുന്നുവത്രെ! 4000 ഞാനെടുത്ത മട്ടാണയാൾക്ക്. പിന്നീടിതുവരെ അങ്ങേര് മിണ്ടിയിട്ടില്ല.

സംഗതികൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അവധി കലക്കനായിരുന്നു.




എഴുതിയത് രവീന്ദ്രനാഥ്
മുത്തലപുരം സ്വദേശി
നാവികസേനയിൽ സേവനം, തുടർന്ന് പ്രവാസജീവിതം

August 8, 2012

ആയാ ഗയാ


അമ്മിണീടെ അംഗനവാടി.
ടീച്ചറും ഒരു ആയയുമാണ് അംഗനവാടിയിലെ ഉദ്യോഗസ്ഥർ.
'ആയ' അമ്മിണിക്ക് ചേച്ചിയാണ്.
നാൽപ്പത്തിയഞ്ച് ദിവസത്തിലൊരിക്കൽ ആയ മാറും.

ഒരു ദിവസം -
അമ്മിണി: "അമ്മേ, അംഗനവാടീലെ ഇപ്പൊഴത്തെ ചേച്ചി മാറുമ്പോ അമ്മ വരാമോ?"
ഞാൻ: "ആയയായിട്ടോ?"
അമ്മിണി: "അല്ല, പ്രിയയായിട്ട് തന്നെ."


എഴുതിയത്...
കൃഷ്ണപ്രിയ
മലയാളം അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പിള്ളി

June 25, 2010

ഇട്ടൻസ്


ചെരുപ്പ്

കൂത്താട്ടുകുളംകാര്‍ക്ക് സുപരിചിതനും പ്രിയങ്കരനുമാണ് N. S. ഇട്ടന്‍.
അവാര്‍ഡ് നേടിയ അനുഗൃഹീത നടന്‍! ഫലിതപ്രിയനായ  ഇട്ടന്‍ചേട്ടന്‍ ഫിറ്റായിക്കഴിഞ്ഞാല്‍ പല തമാശകളും ഒപ്പിക്കും.





ഒരിക്കല്‍ ബിന്ദു തീയേറ്ററില്‍നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് ഇറങ്ങിപ്പോയ ചില നാട്ടുകാര്‍ അടിച്ചു ഫ്യൂസായിക്കിടക്കുന്ന ഇട്ടന്‍ ചേട്ടനെ റോഡില്‍ കാണുന്നു. അവര്‍ താങ്ങി ജീപ്പില്‍ കയറ്റുമ്പോളാണ് തന്റെ ഒരു കാലില്‍ ചെരുപ്പില്ലെന്ന് ആശാന്‍ അറിയുന്നത്.
ചെരുപ്പില്ലാതെ വണ്ടിയില്‍ കയറില്ലെന്ന് ഒരൊറ്റവാശി.
ഒരാള്‍ മടങ്ങിച്ചെന്ന് ബാറില്‍നിന്ന് ചെരുപ്പുതപ്പിയെടുത്തുകൊണ്ടുവന്ന് കാലില്‍ കയറ്റി.
അപ്പോഴാണ് ആശാന്റെ നിര്‍ബന്ധം:
“എനിക്കവിടെമുതല്‍ ചെരിപ്പിട്ടോണ്ടു വരണം!“



കര്‍ത്താവ് കള്ളുഷാപ്പില്‍

ഒരു നാടകക്യാമ്പില്‍നിന്ന് കൂടുകാരുമൊത്ത് കൂത്താട്ടുകുളത്തിനു വരികയാണ്. ഒട്ടും പരിചയമില്ലാത്ത സ്ഥലം. ഒന്നു മിനുങ്ങാതെ യാതൊരു നിവൃത്തിയുമില്ല. പോക്കറ്റില്‍ ആകെയുള്ളതു പത്തു രൂപ. രണ്ടും കല്‍‌പ്പിച്ച് ഒരു കള്ളുഷാപ്പിലേക്ക് കയറി. പത്തുരൂപയ്ക്ക് കള്ളിന് ഓര്‍ഡര്‍ കൊടുത്തു.
സാധനം മുന്നിലെത്തിയപ്പോള്‍ ആശാന്റെ പ്രാര്‍ത്ഥന ഉച്ചത്തിലായി.
“സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഇതുകൊണ്ടു പൂസായേക്കണേ”
ഷാപ്പിലിരുന്നവര്‍ ചിരിച്ചുപോയി.
ഈ പ്രാര്‍ത്ഥന കേട്ടതു കര്‍ത്താവല്ല. അകത്തു കള്ളുകുടിച്ചുകൊണ്ടിരുന്ന ഇട്ടന്‍ ചേട്ടന്റെ ഒരു പരിചയക്കാരനാണ്.
അദ്ദേഹം ഇട്ടന്‍ ചേട്ടനാവശ്യമുള്ളത്ര കള്ളും കറിയും നല്‍കാന്‍ പറഞ്ഞു.
അനുഗൃഹീത കലാകാരനെ പിന്നെയവിടെനിന്ന് പൊക്കിയെടുത്താണ് വണ്ടിയില്‍ കയറ്റിയതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!



എഴുതിയത്...
കേശവൻ  നായർ
റിട്ടയേഡ്‌ പ്രിൻസിപ്പൽ- ഗവ: വി. എച്ച് എസ്‌ എസ്‌.
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത്‌ ഇലഞ്ഞി.
എറണാകുളത്ത്‌ താമസം.







June 3, 2010

അത്യാഹിതം


മനയ്ക്കലെ പറമ്പും കടന്ന് വയൽ വരമ്പിലൂടെ നടക്കുമ്പോൾ എതിരെ വന്നവരെ പലരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇങ്ങോട്ട് കുശലം പറഞ്ഞവരോട് ഒന്നോ രണ്ടോ വാക്കിൽ മറുപടിപറഞ്ഞ്
നടത്തം തുടർന്നു. എത്ര നടന്നാലും മടുക്കാത്ത നടപ്പ്...

പതിനാല് വർഷം കൂടി നാട്ടിൽ വന്നതാണ്. പാടത്തിനക്കരെയുള്ള സുഹൃത്തിന്റെ വീട്ടിൽ പോകണം. കുട്ടിക്കാലത്ത് മേളിച്ചുനടന്നിരുന്ന സ്ഥലം. ആകെ മാറ്റം വന്നിരിക്കുന്നു! പാടത്തെ രണ്ടായി പകുത്തുകൊണ്ട് പുതുതായൊരു വഴി - അടുത്തകാലത്തുണ്ടായതാണ്.

കുറച്ചകലെ വഴിവക്കിൽ കിടക്കുന്ന ആംബുലൻസ് വണ്ടി കണ്ണിൽ‌പ്പെട്ടു. അറിയാതെ മനസ്സിനൊരു പിടച്ചിൽ! ആ വെള്ളവണ്ടി കാണുമ്പോളൊക്കെ മനസ്സ് അറിയാതെ വിങ്ങാറുണ്ട്.
ആർക്കാണാവോ അത്യാഹിതം സംഭവിച്ചത്!
ആരാണ് അപകടത്തിൽ‌പ്പെട്ടതെന്നറിയാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല. അവിടെ ആ സർപ്പക്കാവിന്റെയടുത്ത് ഓടിട്ടവീടിന്റെ മുറ്റത്ത് നീലപ്പടുത വലിച്ചുകെട്ടിയിരിക്കുന്നത് മരങ്ങൾക്കിടയിലൂടെ കാണാം. വെളിപ്പറമ്പിൽ കുഞ്ഞൂഞ്ഞമ്മയുടെ വീടാണല്ലോ!
കുട്ടിക്കാലത്ത് ഇടയ്ക്കിടയ്ക്ക് ഞങ്ങളിവിടെ വരാറുണ്ട്! നല്ലൊരു സ്ത്രീയായിരുന്നു! അമ്മയുടെ ഇഷ്ടക്കാരിൽ പ്രധാനി!
ഞങ്ങളെയെല്ലാം എന്തു കാര്യമായിരുന്നെന്നോ? കുറെ നാളുകളായി തീരെ കിടപ്പിലാണെന്ന് കേട്ടിരുന്നു.നാട്ടിൽ വരുമ്പോൾ പോയി കാണണമെന്ന് വിചാരിച്ചിരുന്നതുമാണ്.പക്ഷെ ഇങ്ങനെ
വേണ്ടിവരുമെന്ന് കരുതിയിരുന്നില്ല.ഏതായാലും കർമ്മങ്ങൾ തീരുന്നതുവരെ നിന്നില്ലെങ്കിലും ഒന്നു കാണാതെ പോകുന്നതു ശരിയല്ലെന്നു തോന്നി.വീടിനോടടുക്കും തോറും നഷ്ടബോധം കൂടിക്കൊണ്ടിരുന്നു.
ആ വീടിന്റെ നെടുംതൂണായിരുന്നു കുഞ്ഞൂഞ്ഞമ്മ. നാട്ടുകാർക്കെല്ലാം പ്രിയങ്കരി. ഏതായാലും നരകിക്കാതെയും നരകിപ്പിക്കാതെയും പോയല്ലോ! ഭാഗ്യവതി!

വീട്ടുമുറ്റത്തു ചെന്നപ്പോൾഅന്ധാളിച്ചുപോയി!
പന്തൽ അലങ്കരിച്ചിരിക്കുന്നു!
പലരും കളിതമാശ പറഞ്ഞുമിരിക്കുന്നു.
പ്രായം ചെന്ന് വളരെനാൾ രോഗിയായി കിടന്നയാൾ പോയതിൽ അത്ര ദുഃഖിക്കേണ്ടതില്ലായിരിക്കാം... എന്നാലും ഇങ്ങനെ!
പരിചയക്കാരിൽ ഒരാളോട് എപ്പോളാണ് ചടങ്ങ് തുടങ്ങുന്നതെന്നുചോദിച്ചു.

“ചെറുക്കനും പാർട്ടിയുമെത്തിയിട്ടില്ല. 11നും 11.30നുമിടയ്ക്കാണ് മുഹൂർത്തം”
കുഞ്ഞൂഞ്ഞമ്മയുടെ മകന്റെ മകൾ ശോഭനയുടെ വിവാഹമാണത്രേ!

“അപ്പോൾ ആംബുലൻസ്?”

“അതോ... പെണ്ണ് ആശുപത്രിയിലെ നേഴ്സല്ലേ. കൂട്ടുകാരെല്ലാം കൂടി കല്യാണം  കൂടാൻ വന്നതാ...”

അന്തം വിട്ടു പോയി!!!

“എങ്കിലും ശോഭനേ... പ്രസവം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നതും ആംബുലൻസ് വണ്ടിയിൽത്തന്നെയായിരിക്കുമോ?” എന്നു ചോദിച്ചിട്ടു പോയാലോ എന്നു വിചാരിച്ചു.
ഒരു വിഡ്ഢിച്ചിരി പാസ്സാക്കി തിരിച്ചു നടന്നു!




എഴുതിയത്...
ശശികുമാർ
കെ എസ് ആര്‍ ടി സി യില്‍ നിന്ന് വിരമിച്ചു
സ്വദേശം മുത്തോലപുരം


October 27, 2009

വെള്ളിടി

പൊഴിഞ്ഞ കുരുമുളകു പെറുക്കിയത് ഉണക്കി പേറ്റി ശേഖരിച്ചുവച്ചത് കുറച്ചുണ്ട്.
ഇന്ന് ശനിയാഴ്ച്ച ചന്തയാണ്.
കൊച്ചച്ചന്റെ കൂടെ പോയിട്ടുവേണം വില്‍ക്കാന്‍. തന്നെ ചെന്നാല്‍ കച്ചവടക്കാര്‍ പറ്റിക്കും.
അരഞ്ഞാണിപ്പീടികയില്‍ ഒരു തരം സോപ്പുപെട്ടി വന്നിട്ടുണ്ട്, അതിലൊന്നും ഒരു മലബാര്‍ ഗ്ലോറി സോപ്പും മേടിക്കണം.

പൊതിയെന്നതാ...
    കൊടിമൊളകാ

കൊണ്ടുവാ നോക്കട്ടെ...


അര റാത്തല്‍ കഷ്ടിച്ച് - എന്നാ വേണം?
    ചേട്ടന്‍ പറ

എന്നാവെലയ്ക്കാണെക്കൊടുക്കും?
    ഒള്ള വെല പറ ചേട്ടാ...

ഇങ്ങോട്ടുപറ...
    ഇങ്ങോട്ടുപറഞ്ഞാമതി.ചേട്ടനു വേണ്ടെങ്കിപ്പറ...

രണ്ടര രൂപാ തരാം
    അഞ്ചര രൂപായ്ക്കൊണ്ട്

ഓ... അതിനുമാത്രമില്ല. എന്നാണേക്കൊടുക്കും? കൊടുക്കാനുള്ള വെല പറ
     എന്നാ വെലയ്ക്കൊണ്ട് ഇങ്ങോട്ടു പറഞ്ഞാമതി

ഞാനിപ്പം ഇതിനൊരു മൂന്നു രൂപാ തരും. പോരെങ്കി വേറെ ആര്‍ക്കെങ്കിലും കൊടുത്തോ.
    ആട്ടെ കൊടുത്തോളാം. 

ഇങ്ങുകൊണ്ടുവാ പിള്ളേച്ചാ.

ഇന്നാ.. ഒള്ളവെല കൊടുക്ക്.


ദേ കിറുകിറുത്യം ഒന്നര റാത്തല്‍.  നോക്ക് രണ്ടണയെങ്കിലും എനിക്കും കിട്ടണ്ടേ? ഇത് ഒന്നാന്തരമൊന്നുമല്ല...
    പിന്നേ! നല്ല പാസ് ഒണക്കാ... പേറ്റിയാ ഒന്നും പോകാനില്ല...
    എന്റെ പിള്ളേച്ചാ ഈ ഇച്ചിരി മുളകും വച്ച്... അയ്യോ... പോലീസ്!


‘വെള്ളിക്കോലു‘കാരെല്ലാം പോയ വഴി കണ്ടില്ല...

എന്റെ മൊളക്, സോപ്പുപെട്ടി, മലബാര്‍ ഗ്ലോറി എല്ലാം വെള്ളിക്കോലില്‍ തൂങ്ങി അങ്ങേ പറമ്പില്‍!







എഴുതിയത്
ശാരദ
റിട്ടയേഡ് മലയാളം അദ്ധ്യാപിക
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത് മുത്തലപുരം