ഗൾഫിൽ പതിമൂന്ന് വർഷം കഴിഞ്ഞു. കുടുംബം കൂടെയില്ല.
ആണ്ടിലോരോ ഓട്ടപ്രദക്ഷിണം നടത്തും. അതാണു പതിവ്.
സഹോദരങ്ങൾ, അമ്മാവൻമാർ, മറ്റു ബന്ധുക്കൾ ഇവരെയൊക്കെ വഴിപാടായി കണ്ടുമടങ്ങുമ്പോൾ ഭാര്യയുടെയും മക്കളുടെയും മുഖം ഓർമ്മയുണ്ടോ എന്നു സംശയം.
ഭാര്യ എല്ലാം നോക്കിക്കോളും. മക്കൾക്ക് അച്ഛന്റെ മുഖച്ഛായ ഓർമ്മകിട്ടുന്നില്ലെന്ന് പരാതി. ഫോട്ടോകൾ ഇഷ്ടം പോലെയുണ്ടല്ലോ!
80ശതമാനം ഗൾഫുകാരും ഇങ്ങനെതന്നെ.
അൽപ്പം കാശുപോയാലും ഇത്തവണ ഒരു Extra Leave നേരത്തേതന്നെ ഉറപ്പിച്ചതായിരുന്നു.
പത്തു ദിവസം അവധികിട്ടി. പല പല പരിപാടികളുണ്ട്.
പെണ്ണിന് 25 ആയി. മൂന്നു നല്ല ആലോചനകളുണ്ട്. മൂന്നിടത്തും പോയി ആലോചിക്കണം.
പല്ല്, കാല് ചികിത്സയും നടത്തണം.
സമയം കിട്ടിയില്ലെങ്കിലും എങ്ങിനെയെങ്കിലും തലശ്ശേരിയിൽ പോയി അർശ്ശസ്സു കീറണം. അതിനു ചുരുങ്ങിയത് നാലു ദിവസം വേണം.
'ജാലകം' തുറക്കുമ്പോഴെത്തി ചെക്കനൊരു പ്ലസ് വൺ അഡ്മിഷനും തരപ്പെടുത്തണം.
അൽപ്പം സ്ഥലം വിൽക്കാൻ ഏർപ്പാടാക്കണം. നല്ല വിലയുള്ള സമയമാണ്.
ആരോടും അവധിക്കാര്യം പറഞ്ഞില്ലെങ്കിലും അഞ്ചാറു കിലോ കത്തുകളും ബൈഹാൻഡ് എത്തിക്കാൻ മൂന്ന് പൊതികളും കൃത്യസമയത്ത് എത്തി.
കയ്യും വീശി പോകുന്നതെങ്ങനെ! മക്കൾക്കും ഭാര്യക്കും കുറച്ചു തുണി, ഒന്നു രണ്ട് ടോർച്ച്, ഒരു എമർജൻസി ലൈറ്റ്.
എത്തിയാലുടനെ ചെറുക്കനെ വൈദ്യനെക്കാണിക്കണം. പഠിക്കാനൊരുത്സാഹക്കുറവ്. ഞാൻ കൂടെയുണ്ടായാൽ പ്രശ്നം തീരുമെന്നാണ് ഭാര്യ പറയുന്നത്.
ഈ തുണിക്കൊക്കെ എന്തു വെയ്റ്റാ! പതിനെട്ട് കിലോയുണ്ട്. ഇരുപത് കിലോ വരെ കൊണ്ടുപോകാം.
4:55 ആയപ്പോളേക്കും സ്നേഹിതനെന്നു വിളിക്കാവുന്ന Mr. X എത്തി.
"നീ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ! എന്റെ ഒരു മ്യൂസിക് സെറ്റ് കൊണ്ടുപോകണം. എയർപോർട്ടിൽ ആളുവന്ന് കളക്ടുചെയ്തോളും."
എല്ലാം അയാൾ തീരുമാനിച്ചതുപോലെ കാറിലയാൾ എയർപോർട്ടിലെത്തിച്ചു.
എല്ലാ ലഗേജും കൂടിയായപ്പോൾ എന്റെ തുണികൾ അടുത്ത ലീവിനു കൊണ്ടുപോകാനായി സുഹൃത്തിനെ ഏൽപ്പിച്ചു. റൂമിൽ സുരക്ഷിതമായി വച്ചേക്കാൻ ഏർപ്പാടാക്കി.
ഫ്ലൈറ്റ് കൃത്യസമയത്ത് നെടുമ്പാശേരിയിൽ. പക്ഷെ ഒരു ബാഗ് എത്തിയില്ല. അടുത്ത ഫ്ലൈറ്റിൽ എത്തുമായിരിക്കും. ബോംബേയിൽ മാറിക്കേറിയപ്പോൾ ലോഡുചെയ്യാൻ വിട്ടുപോയത്രെ!
മൂന്നു മണിക്കൂർ കഴിഞ്ഞു വന്ന ഫ്ലൈറ്റിലും മ്യൂസിക് സെറ്റ് ലഗേജ് എത്തിയില്ല.
സുഹൃത്തിന്റെ കുടുംബം മൊത്തം അതു കളക്ടുചെയ്യാനെത്തിയിരുന്നു. ഞാനെന്തോ മഹാപരാധം ചെയ്ത മട്ടാണവർക്ക്. ഒരു ചിരി പോലുമില്ല.
ലഗേജ് എത്തുമ്പോൾ അറിയിക്കാമെന്ന് വിമാനക്കാർ.
രണ്ടു ദിവസം കഴിഞ്ഞ് അറിയിപ്പെത്തി.
മ്യൂസിക് സെറ്റ് കളക്ട് ചെയ്ത് ഡ്യൂട്ടി അടച്ച് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ ഒരു ദിവസം പോയിക്കിട്ടി.
അന്നു കേറിക്കിടന്നിട്ട് തിരിച്ചുപോകേണ്ടതിന്റെ തലേന്ന് പനി വിട്ടു.
തിരിച്ചുപോകാതെ പറ്റില്ല.
വല്ലാത്ത ക്ഷീണം.
തിരിച്ചെത്തിയപ്പോൾ മ്യൂസിക് സെറ്റുകാരന് തീർത്തും സന്തോഷമില്ല.
"കത്തു" തന്നു വിട്ട മറ്റൊരു വിദ്വാന്റെ കത്തിൽ അഞ്ചു ആയിരം രൂപാ കറൻസി ഉണ്ടായിരുന്നതിൽ നാലെണ്ണം കുറവായിരുന്നുവത്രെ! 4000 ഞാനെടുത്ത മട്ടാണയാൾക്ക്. പിന്നീടിതുവരെ അങ്ങേര് മിണ്ടിയിട്ടില്ല.
സംഗതികൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അവധി കലക്കനായിരുന്നു.
എഴുതിയത് രവീന്ദ്രനാഥ്
മുത്തലപുരം സ്വദേശി
നാവികസേനയിൽ സേവനം, തുടർന്ന് പ്രവാസജീവിതം
കഥ കൊള്ളാം. (ഇപ്പോ നാലഞ്ച് കിലോ കത്തെന്നല്ല, നാല് വരി പോലും എഴുതി അയയ്ക്കാറില്ല ആരും.)
ReplyDelete:) hahaha..
Deleteകാച്ചി കുറുക്കിയ നല്ല എഴുത്ത്. കാമ്പുള്ള ഒരുപാട് കാര്യങ്ങൾ ഹാസ്യത്തിൽ പൊതിഞ്ഞു പറഞ്ഞിരിക്കുന്നു. ഒരു പ്രവാസിയുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മനസ്സിൽ ശരിക്കും കൊണ്ടു. രവീന്ദ്രനാഥ് മാഷിനു ആശംസകൾ! :)
ReplyDeletepravasiyude real picture
ReplyDelete