Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

October 6, 2022

കഥയില്ലാത്തവർ

 



തെല്ലും സമയമില്ലാർക്കുമീ വീട്ടിലി-

ന്നെല്ലാർക്കുമിപ്പോൾ തിരക്കു തന്നെ 

ഇല്ലൊരു നേരം കഥ പറഞ്ഞീടുവാൻ 

നല്ല കഥ കേട്ട നാൾ മറന്നു.

ആപ്പീസിൽനിന്നച്ഛനെത്തീട്ടു കാര്യമെ-

ന്താപ്പീസാണച്ഛനു വീടുമിപ്പോൾ.

കഥയൊന്നു കേൾക്കാനടുത്തങ്ങു കൂടുകിൽ

കഥയില്ലാതോരോന്നു ചൊല്ലുമീയമ്മയും.

വല്ലതും പോയിപ്പഠിക്കെൻ്റെയുണ്ണി നീ

വല്യ പരീക്ഷയടുത്തുവല്ലോ!

അമ്മയ്ക്കടുക്കളേൽ നൂറുപണിയുണ്ട്

ചുമ്മാതെ നേരം കളയുവാനില്ലപോൽ

ടീവിയും കണ്ടങ്ങിരൂപ്പാണു മുത്തശ്ശി

ആവില്ലയെന്നു പറഞ്ഞില്ല ഭാഗ്യമായ്.

തമ്മിലോ ഭേദമീ മുത്തശ്ശി തന്നെന്ന്

ചിന്തിച്ചു പോയതബദ്ധമായോ?

സീരിയൽ രണ്ടു കഴിഞ്ഞിട്ടും മുത്തശ്ശി 

സീരിയസ്സായിട്ടു ചൊല്ലുന്നതിങ്ങനെ.

ഇത്തിരി കൂടി നീ കാത്തിരിക്കുണ്ണിയെ

ചിത്രഗീതം വരാൻ നേരമായി.


മോഹൻദാസ് മുത്തലപുരം







May 20, 2013

ഗായത്രീടെ നല്ലോണം




അച്ഛൻ വന്നില്ല, പിച്ച നടത്തീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മിണി വന്നില്ല കുമ്മിയടിച്ചീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മായി വന്നില്ല, കമ്മലണിഞ്ഞീല
പിന്നെന്തേ മാവേലി, ഓണം വന്നു?
വല്ല്യച്ഛൻ വന്നില്ല മുല്ലപ്പൂ കിട്ടീല
പിന്നെന്തേ മാവേലി, ഓണം വന്നു?
ഇച്ചേച്ചി വന്നില്ല പിച്ചിപ്പൂ കോർത്തീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അപ്പച്ചി വന്നില്ല ഉപ്പേരി തന്നീല
പിന്നെന്തേ മാവേലി, ഓണം വന്നു?
നല്ലോണമായാലുമെല്ലാരും വന്നാലും
എന്റച്ഛൻ വന്നാലേ ഓണമുള്ളു.




എഴുതിയത്..
വസുമതി
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പള്ളി

September 26, 2012

മരീചിക


ആലിലക്കണ്ണനെക്കാണുവാനാശിച്ചൊ-
രായിരമാലില കീറിനോക്കി;
എന്നുമേ കാണാൻ കഴിയാതെ ഞാനവ
സ്വപ്നങ്ങളാക്കി കരുതിവെച്ചു.
സന്ധ്യക്കു യമുനാതീരത്തു വച്ചു നീ
വേണുവിലൂതി ക്ഷണിച്ച നേരം
ഞെട്ടിയുണർന്നു ഞാൻ കാണാനണഞ്ഞപ്പോൾ
പീലിയെറിഞ്ഞിട്ടൊളിച്ചുനിന്നു.
നിന്നെത്തിരഞ്ഞു തളർന്നു മയങ്ങിയൊ-
രെന്നെ നീ വീണ്ടുമുണർത്തിയല്ലോ!
കാൽച്ചിലമ്പൊച്ച ഞാൻ കേട്ടു വന്നപ്പോഴേ-
യോടി മറയുവാനെന്തു കണ്ണാ?
ഇന്നുമെനിക്കു മരീചികയായി നീ
ഓടിമറഞ്ഞു രസിക്കയല്ലേ?
എന്നടുത്തേയ്ക്കെന്നു നീയണയും കണ്ണാ
ആലില കീറി ഞാൻ കാത്തിരിപ്പൂ...




എഴുതിയത്   മാധുരി
കോഴിക്കോടുകാരി
നിയമവിദ്യാർത്ഥിനി

November 12, 2009

അമ്പാടി ടെക്സ്





ഗോപസ്ത്രീകളുടെ
തുകിലും വാരിക്കൊണ്ടു
കടന്നു കളഞ്ഞ കണ്ണന്‍
അമ്പാടി മുക്കില്‍ ഒരു
ജൌളിക്കട തുറന്നു.
അവിടെയിപ്പോള്‍
ഗോപസ്ത്രീകളുടെ
വന്‍ തിരക്കാണത്രേ!
ചിലതിന് 50% വരെ
കിഴിവുണ്ടെന്നും കേള്‍ക്കുന്നു.









എഴുതിയത്:
മുത്തലപുരം മോഹന്‍ ദാസ്
ഡയറ്റ് അധ്യാപകന്‍, ബാലസാഹിത്യകാരന്‍, വിദ്യാഭ്യാസവിചക്ഷണന്‍
മുത്തലപുരം സ്വദേശി