June 25, 2010

ഇട്ടൻസ്


ചെരുപ്പ്

കൂത്താട്ടുകുളംകാര്‍ക്ക് സുപരിചിതനും പ്രിയങ്കരനുമാണ് N. S. ഇട്ടന്‍.
അവാര്‍ഡ് നേടിയ അനുഗൃഹീത നടന്‍! ഫലിതപ്രിയനായ  ഇട്ടന്‍ചേട്ടന്‍ ഫിറ്റായിക്കഴിഞ്ഞാല്‍ പല തമാശകളും ഒപ്പിക്കും.





ഒരിക്കല്‍ ബിന്ദു തീയേറ്ററില്‍നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് ഇറങ്ങിപ്പോയ ചില നാട്ടുകാര്‍ അടിച്ചു ഫ്യൂസായിക്കിടക്കുന്ന ഇട്ടന്‍ ചേട്ടനെ റോഡില്‍ കാണുന്നു. അവര്‍ താങ്ങി ജീപ്പില്‍ കയറ്റുമ്പോളാണ് തന്റെ ഒരു കാലില്‍ ചെരുപ്പില്ലെന്ന് ആശാന്‍ അറിയുന്നത്.
ചെരുപ്പില്ലാതെ വണ്ടിയില്‍ കയറില്ലെന്ന് ഒരൊറ്റവാശി.
ഒരാള്‍ മടങ്ങിച്ചെന്ന് ബാറില്‍നിന്ന് ചെരുപ്പുതപ്പിയെടുത്തുകൊണ്ടുവന്ന് കാലില്‍ കയറ്റി.
അപ്പോഴാണ് ആശാന്റെ നിര്‍ബന്ധം:
“എനിക്കവിടെമുതല്‍ ചെരിപ്പിട്ടോണ്ടു വരണം!“



കര്‍ത്താവ് കള്ളുഷാപ്പില്‍

ഒരു നാടകക്യാമ്പില്‍നിന്ന് കൂടുകാരുമൊത്ത് കൂത്താട്ടുകുളത്തിനു വരികയാണ്. ഒട്ടും പരിചയമില്ലാത്ത സ്ഥലം. ഒന്നു മിനുങ്ങാതെ യാതൊരു നിവൃത്തിയുമില്ല. പോക്കറ്റില്‍ ആകെയുള്ളതു പത്തു രൂപ. രണ്ടും കല്‍‌പ്പിച്ച് ഒരു കള്ളുഷാപ്പിലേക്ക് കയറി. പത്തുരൂപയ്ക്ക് കള്ളിന് ഓര്‍ഡര്‍ കൊടുത്തു.
സാധനം മുന്നിലെത്തിയപ്പോള്‍ ആശാന്റെ പ്രാര്‍ത്ഥന ഉച്ചത്തിലായി.
“സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഇതുകൊണ്ടു പൂസായേക്കണേ”
ഷാപ്പിലിരുന്നവര്‍ ചിരിച്ചുപോയി.
ഈ പ്രാര്‍ത്ഥന കേട്ടതു കര്‍ത്താവല്ല. അകത്തു കള്ളുകുടിച്ചുകൊണ്ടിരുന്ന ഇട്ടന്‍ ചേട്ടന്റെ ഒരു പരിചയക്കാരനാണ്.
അദ്ദേഹം ഇട്ടന്‍ ചേട്ടനാവശ്യമുള്ളത്ര കള്ളും കറിയും നല്‍കാന്‍ പറഞ്ഞു.
അനുഗൃഹീത കലാകാരനെ പിന്നെയവിടെനിന്ന് പൊക്കിയെടുത്താണ് വണ്ടിയില്‍ കയറ്റിയതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!



എഴുതിയത്...
കേശവൻ  നായർ
റിട്ടയേഡ്‌ പ്രിൻസിപ്പൽ- ഗവ: വി. എച്ച് എസ്‌ എസ്‌.
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത്‌ ഇലഞ്ഞി.
എറണാകുളത്ത്‌ താമസം.







June 3, 2010

അത്യാഹിതം


മനയ്ക്കലെ പറമ്പും കടന്ന് വയൽ വരമ്പിലൂടെ നടക്കുമ്പോൾ എതിരെ വന്നവരെ പലരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇങ്ങോട്ട് കുശലം പറഞ്ഞവരോട് ഒന്നോ രണ്ടോ വാക്കിൽ മറുപടിപറഞ്ഞ്
നടത്തം തുടർന്നു. എത്ര നടന്നാലും മടുക്കാത്ത നടപ്പ്...

പതിനാല് വർഷം കൂടി നാട്ടിൽ വന്നതാണ്. പാടത്തിനക്കരെയുള്ള സുഹൃത്തിന്റെ വീട്ടിൽ പോകണം. കുട്ടിക്കാലത്ത് മേളിച്ചുനടന്നിരുന്ന സ്ഥലം. ആകെ മാറ്റം വന്നിരിക്കുന്നു! പാടത്തെ രണ്ടായി പകുത്തുകൊണ്ട് പുതുതായൊരു വഴി - അടുത്തകാലത്തുണ്ടായതാണ്.

കുറച്ചകലെ വഴിവക്കിൽ കിടക്കുന്ന ആംബുലൻസ് വണ്ടി കണ്ണിൽ‌പ്പെട്ടു. അറിയാതെ മനസ്സിനൊരു പിടച്ചിൽ! ആ വെള്ളവണ്ടി കാണുമ്പോളൊക്കെ മനസ്സ് അറിയാതെ വിങ്ങാറുണ്ട്.
ആർക്കാണാവോ അത്യാഹിതം സംഭവിച്ചത്!
ആരാണ് അപകടത്തിൽ‌പ്പെട്ടതെന്നറിയാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല. അവിടെ ആ സർപ്പക്കാവിന്റെയടുത്ത് ഓടിട്ടവീടിന്റെ മുറ്റത്ത് നീലപ്പടുത വലിച്ചുകെട്ടിയിരിക്കുന്നത് മരങ്ങൾക്കിടയിലൂടെ കാണാം. വെളിപ്പറമ്പിൽ കുഞ്ഞൂഞ്ഞമ്മയുടെ വീടാണല്ലോ!
കുട്ടിക്കാലത്ത് ഇടയ്ക്കിടയ്ക്ക് ഞങ്ങളിവിടെ വരാറുണ്ട്! നല്ലൊരു സ്ത്രീയായിരുന്നു! അമ്മയുടെ ഇഷ്ടക്കാരിൽ പ്രധാനി!
ഞങ്ങളെയെല്ലാം എന്തു കാര്യമായിരുന്നെന്നോ? കുറെ നാളുകളായി തീരെ കിടപ്പിലാണെന്ന് കേട്ടിരുന്നു.നാട്ടിൽ വരുമ്പോൾ പോയി കാണണമെന്ന് വിചാരിച്ചിരുന്നതുമാണ്.പക്ഷെ ഇങ്ങനെ
വേണ്ടിവരുമെന്ന് കരുതിയിരുന്നില്ല.ഏതായാലും കർമ്മങ്ങൾ തീരുന്നതുവരെ നിന്നില്ലെങ്കിലും ഒന്നു കാണാതെ പോകുന്നതു ശരിയല്ലെന്നു തോന്നി.വീടിനോടടുക്കും തോറും നഷ്ടബോധം കൂടിക്കൊണ്ടിരുന്നു.
ആ വീടിന്റെ നെടുംതൂണായിരുന്നു കുഞ്ഞൂഞ്ഞമ്മ. നാട്ടുകാർക്കെല്ലാം പ്രിയങ്കരി. ഏതായാലും നരകിക്കാതെയും നരകിപ്പിക്കാതെയും പോയല്ലോ! ഭാഗ്യവതി!

വീട്ടുമുറ്റത്തു ചെന്നപ്പോൾഅന്ധാളിച്ചുപോയി!
പന്തൽ അലങ്കരിച്ചിരിക്കുന്നു!
പലരും കളിതമാശ പറഞ്ഞുമിരിക്കുന്നു.
പ്രായം ചെന്ന് വളരെനാൾ രോഗിയായി കിടന്നയാൾ പോയതിൽ അത്ര ദുഃഖിക്കേണ്ടതില്ലായിരിക്കാം... എന്നാലും ഇങ്ങനെ!
പരിചയക്കാരിൽ ഒരാളോട് എപ്പോളാണ് ചടങ്ങ് തുടങ്ങുന്നതെന്നുചോദിച്ചു.

“ചെറുക്കനും പാർട്ടിയുമെത്തിയിട്ടില്ല. 11നും 11.30നുമിടയ്ക്കാണ് മുഹൂർത്തം”
കുഞ്ഞൂഞ്ഞമ്മയുടെ മകന്റെ മകൾ ശോഭനയുടെ വിവാഹമാണത്രേ!

“അപ്പോൾ ആംബുലൻസ്?”

“അതോ... പെണ്ണ് ആശുപത്രിയിലെ നേഴ്സല്ലേ. കൂട്ടുകാരെല്ലാം കൂടി കല്യാണം  കൂടാൻ വന്നതാ...”

അന്തം വിട്ടു പോയി!!!

“എങ്കിലും ശോഭനേ... പ്രസവം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നതും ആംബുലൻസ് വണ്ടിയിൽത്തന്നെയായിരിക്കുമോ?” എന്നു ചോദിച്ചിട്ടു പോയാലോ എന്നു വിചാരിച്ചു.
ഒരു വിഡ്ഢിച്ചിരി പാസ്സാക്കി തിരിച്ചു നടന്നു!




എഴുതിയത്...
ശശികുമാർ
കെ എസ് ആര്‍ ടി സി യില്‍ നിന്ന് വിരമിച്ചു
സ്വദേശം മുത്തോലപുരം


April 5, 2010

‘പെൻ‘ വിൽ‌പ്പനക്കാരനും ‘പിൻ‘ വിൽ‌പ്പനക്കാരനും

ഒരിടത്ത് ഒരു ‘പെൻ‘ വിൽക്കുന്ന ആളുണ്ടായിരുന്നു.
അയാൾ ടൌണിൽ ഒരു ദിവസം ‘പെൻ‘ വിൽക്കാൻ ചെന്നു.
അയാൾ പറഞ്ഞു; “മുല്ലപ്പൂവിന്റെ മണമുള്ള പെൻ, ചെട്ടിപ്പൂ, താമരപ്പൂ, ചെമ്പരത്തിപ്പൂ എന്നീ പൂവിന്റെ മണമുള്ള പെൻ വിൽ‌പ്പനയ്ക്കുണ്ട്.“

അതിനിടയിൽ ‘പിൻ’ വിൽ‌പ്പനക്കാരൻ “പിന്നേ! പിന്നേ!!“ എന്നു പറഞ്ഞുകൊണ്ട് ‘പെൻ‘ വിൽക്കുന്നവനെ ശല്യപ്പെടുത്തി.

ഒടുവിൽ ക്ഷമ നശിച്ച അയാൾ ചോദിച്ചു: “തനിക്കെന്താ എന്നെ കളിയാക്കിയേ തീരൂ?“

അപ്പോൾ മറ്റേയാൾ: “തനിക്കു മാത്രം വിറ്റാൽ മതിയോ? എന്റെ പണി പിൻ വിൽക്കുന്നതാ!“


എഴുതിയത്...
വൈഷ്ണവി രാജഗോപാല്‍
വിദ്യാര്‍ത്ഥിനി
സ്വദേശം കോഴിക്കോട്

March 24, 2010

ബൈനക്കുഴൽ


വാഴക്കുളത്തു ഞാൻ ബീയാത്തുമ്മയ്ക്ക് - ലീച്ചർ
കാളിപ്പുലക്കള്ളിക്ക് - പീച്ചർ
കൊച്ചുപെണ്ണു വേലത്തിക്ക് - ഈച്ചർ
കുട്ടികൾക്ക് ഭസ്മതിസാർ

ഇബ്ടത്തെ ചില ബിശേയങ്ങൾ:
ഗംഗയുടെ നെറ്റിയിലെ ‘സിച്ചു’ വെട്ടിയിട്ടു രണ്ടുമൂന്നായി.
ചന്തുവിന്റെ ‘ബർത്തലാ‘ കഴിഞ്ഞോടാ? മിഠായി കിട്ടിയില്ല.

ആ കാര്യത്തോടു ‘ജോയിപ്പി‘ല്ല.
എനിക്കു ഹൈ പ്ലഷറാണെന്നാ പറയുന്നെ.
രഞ്ജിനിയുടെ അമ്മയ്ക്ക് കണ്ണിലാ പ്ലഷറ്.
വേളാത്തീടെ ചന്ദ്രന്റെ കൊച്ചിനെ ‘ഇംഗ്ലീഷ് മിടുക്കി‘ ചേർത്തു.
ആയിരം രൂപ കെട്ടിവച്ചു. പിന്നെ മാസം തോറും ഫീസും.
ആ പെണ്ണിനെങ്ങും ഒരു പണീമില്ല.
പിന്നെ ഏതോ ചിട്ടിക്കമ്പനീല് ‘കണക്ഷനു‘ പോണൊണ്ട്.
പിരിച്ചാൽ നൂറ്റുക്ക് അഞ്ചു ശതമാനം ശമ്പളമായി കൊടുക്കും.

ഒരു ബൈനാക്കുഴലുണ്ടായിരുന്നേൽ ദൂരെയുള്ളതൊക്കെ അടുത്തു കാണാമായിരുന്നു.
എന്തു ചെയ്യാം... ആകെ ഒരു കൊളാബ്രേഷനായി.


എഴുതിയത്...
വസുമതി
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പള്ളി

January 12, 2010

രക്ഷിക്കണേ ഭഗവതിയേ!!!



നാടൊട്ടുക്ക് പട്ടിണിയും മാറാരോഗങ്ങളുമായി.
ദേവീകോപം തന്നെ തീർച്ച.
നാട്ടുകാരുടെ സംശയം ദേവപ്രശ്നത്തിൽ സ്ഥിരീകരിച്ചു.
പൂജകളും വിശേഷാൽ‌പ്പൂജകളും ഹോമങ്ങളും യാഗങ്ങളും എന്നു വേണ്ട പരിഹാരക്രിയകൾ ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ല.
നിസ്സഹായരായവർ കരഞ്ഞുവിളിച്ചു. അമ്മേ രക്ഷിക്കണേ...

അകത്ത് ഭഗവതി എല്ലാം കാണുന്നുണ്ടായിരുന്നു; കേൾക്കുന്നുണ്ടായിരുന്നു.
മനസ്സു വിങ്ങുകയാണ്. തനിക്കാരോടും പകയില്ല. എല്ലാം സ്വന്തം മക്കളാണ്.
അവരുടെ ദുരിതം എങ്ങനെ സഹിയ്ക്കും!
നാട്ടുകാര്യങ്ങളിൽ ശ്രദ്ധവയ്ക്കാൻ പറ്റാതെയായിട്ട് നാളേറെയായി.
എല്ലാം ഇട്ടിറങ്ങിപ്പോരാമെന്നു വച്ചാൽ അതും വയ്യ. പണ്ടൊരു വില്വമംഗലത്തുകാരൻ സ്വാമിയാണ് ഇവിടെ പിടിച്ചിരുത്തിയത്. ഇരുത്തലിന്റെ ശക്തിവിശേഷം കൊണ്ട് അനങ്ങാൻ കൂടി കഷ്ടമാണ്.
സർവ്വശക്തയെന്നാണല്ലോ വയ്പ്പ്‌!
അതുകൊണ്ട് വിളിച്ചപേക്ഷിയ്ക്കാൻ കൂടി ആളില്ല.
ഹാ കഷ്ടം!

നമ്പൂരി മുങ്ങിക്കയറി. ഈറനോടെ ശ്രീകോവിലിലേയ്ക്കു നടന്നു.
നമ്പൂരിയുടെ പതിവിങ്ങനെയാണ്:
പല്ലുതേയ്ക്കാറില്ല - കാലത്തെഴുന്നേറ്റാൽ തലേന്നത്തെ കുപ്പിയിൽ ബാക്കിയിരിക്കുന്നത് ഫിനിഷ് ചെയ്യും - പിന്നെ നേരെ നടപ്പാണ് - അമ്പലക്കുളത്തിൽ മുങ്ങിപ്പൊങ്ങുമ്പോഴേയ്ക്ക് ഒന്നും രണ്ടും ശുദ്ധവും എല്ലാം കഴിയും - പിന്നെ പൂജയായി ശാന്തിയായി.
നമ്പൂരി നടന്നുവരുമ്പോൾ ജനം ഇരുവശവും മൂന്നടി പിന്നോട്ടുമാറിനിൽക്കും.
തീണ്ടാണ്ടെ നോക്കീട്ടല്ല. മണം സഹിയ്ക്കണ്ടേ!

അന്നും പതിവുപോലെ നമ്പൂരി നടന്നുകേറി, ശ്രീകോവിൽ നോക്കി നടന്നു.
അകത്ത് കാതോർത്തിരിയ്ക്കയാണ് ഭഗവതി.
ചിരപരിചിതമായ ആ കാലൊച്ച കേൾക്കാറായി.
നെഞ്ചിടിപ്പു ശക്തിയായി.
സിരകൾ ത്രസിച്ചു.
ശ്വാസോച്ഛ്വാസം ഉച്ചത്തിലായി.
ഭും...!!
ശ്രീകോവിൽ നട തുറന്നു.
പിന്നെയൊന്നും ഓർമ്മയില്ല. ചുറ്റും ഇരുട്ടുമാത്രം...
പാവം ഭഗവതി!


എഴുതിയത്...
ശ്രീഹരി
എഞ്ജിനീയര്‍
സ്വദേശം ആലുവ



വഴികൾ



മര്യാദരാമനും മര്യാദക്കൃഷ്ണനും
വഴിയിലൊരേടത്തു കണ്ടുമുട്ടി.
രണ്ടാളുമന്യനുവേണ്ടി വഴിയേകാൻ
രണ്ടുചുവടങ്ങിടത്തുമാറി.
തമ്മിൽക്കടക്കുമ്പോൾ സന്തോഷത്തോടവർ
തങ്ങളിൽപ്പുഞ്ചിരി വെച്ചുമാറി.

മര്യാദക്കാരനും മര്യാദക്കാരനും
മൂന്നുണ്ടുപോകുവാനായി മാർഗ്ഗം!


തെമ്മാടിക്കിട്ടനും മര്യാദരാമനും
തമ്മിലങ്ങന്യത്ര കണ്ടുമുട്ടി.
മര്യാദരാമനിടത്തോട്ടുരണ്ടടി
മാറിപ്പതിവുപോലങ്ങുപോയി
തെമ്മാടിക്കിട്ടനൊരിറ്റുമൊതുങ്ങീല
തമ്മിൽക്കടന്നപ്പോൾ മിണ്ടിയില്ല
മര്യാദക്കാരനും തെമ്മാടിയായോനു-
മായ് രണ്ടുമാർഗ്ഗം കടന്നുപോകാൻ!



തെമ്മാടിവേലുവും തെമ്മാടിക്കിട്ടനും
തമ്മിലൊരേടത്തുകണ്ടുവത്രേ!
രണ്ടാളും തങ്ങളിൽ വിട്ടുകൊടുത്തില്ല
തണ്ടോടെ മുന്നോട്ടു നീങ്ങി നേരേ
വാക്കേറ്റമായി വഴക്കേറെയായ്പ്പിന്നെ
വൈകാതെ തല്ലുമടിയുമായി.
തെമ്മാടി തെമ്മാടിയോടങ്ങുമുട്ടിയാൽ
ഒന്നു താൻ മാർഗ്ഗം -- വഴക്കുമാത്രം!






എഴുതിയത്
ബാലേന്ദു
ബി എസ് എന്‍ എല്ലില്‍ നിന്നും വിരമിച്ചു
ബാലസാഹിത്യകാരന്‍, പുരാണവിവര്‍ത്തകന്‍, കവി, പ്രഭാഷകന്‍
സ്വദേശം മുത്തോലപുരം, ബെംഗളൂരുവില്‍ താമസം