August 22, 2012

പഴയ തടി


മുത്തച്ഛൻ ആശുപത്രിയിൽ അഡ്മിറ്റാണ്.
പരിശോധനകളെല്ലാം മുറയ്ക്ക് നടന്നു.
ഒരു പറ്റം നേഴ്സുമാർ മുറിയിലേയ്ക്ക് വന്നു. ഒന്ന് ഒറിജിനലും, ബാക്കി ട്രെയ്നികളുമാണെന്ന് കണ്ടാലറിയാം!
ഒറിജിനൽ, മുത്തച്ഛന്റെ കൈയ്യിലെ ഞരമ്പുപിടിച്ച് കൂടെയുണ്ടായിരുന്ന ഒരു കുട്ടിനേഴ്സിന്റെ ചെവിയിലെന്തോ മന്ത്രിച്ചു.
കുട്ടിക്ക് ആകെ പരിഭ്രമം. അവർ സിറിഞ്ച് കൈയ്യിലെടുത്തു. പാവത്തിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

ഉടനെ മുത്തച്ഛൻ, "ങാ, വെട്ടിപ്പഠിച്ചോ, പഴയ തടിയാ... ഇതുപോലൊന്ന് വേറെ കിട്ടിയെന്നുവരില്ല."
എന്നിട്ടൊരു ചിരിയും.
അതിൽപ്പിന്നെ ഒറിജിനൽ മാത്രമേ മുറിയിലേക്ക് വരാറുള്ളൂ!



എഴുതിയത്  സുത്യേവ്
എഞ്ജിനീയർ
മുത്തോലപുരം സ്വദേശി

August 13, 2012

ഒരു വിവാഹപത്രിക


പുലിമട വില്ലേജില്‍ കോത്താഴം
കരയില്‍ മുട്ടക്കുഴി വീട്ടില്‍
ചക്രായുധന്റെയും സ്വയം‌പ്രഭയുടെയും
മകന്‍ ലൌസണ്‍
കുമ്പളങ്ങി വില്ലേജില്‍ കുറ്റിപറിച്ചേല്‍ വീട്ടില്‍
ലംബോദരന്റെയും ദാക്ഷായണിയുടെയും
മകള്‍ അജല്‍ ജാല്‍
തമ്മിലുള്ള വിവാഹം 2012- ആമാണ്ട്
ഫെ 30 -ന് 12.30ക്കുള്ള
ശുഭമുഹൂര്‍ത്തത്തില്‍ പന്നിക്കര നിര്‍മ്മാല്യം
ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു.
എല്ലാവരെയും ക്ഷണിക്കുന്നു.
വരേണ്ട വഴി-
കടുവാക്കുഴി ജങ്ഷനില്‍ നിന്ന് വടക്കുമാറി
പേപ്പതി വഴി ഭൂതക്കുഴിയിലെത്തി
കോങ്ങോര്‍പ്പിള്ളിയില്‍നിന്ന് 2 കി മീ
പടിഞ്ഞാറ്‌.
ഉപചാരപൂര്‍വ്വം ഷൈപ്രി(ഒപ്പ്)







എഴുതിയത്
ശാരദ
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം മുത്തോലപുരം

August 8, 2012

ആയാ ഗയാ


അമ്മിണീടെ അംഗനവാടി.
ടീച്ചറും ഒരു ആയയുമാണ് അംഗനവാടിയിലെ ഉദ്യോഗസ്ഥർ.
'ആയ' അമ്മിണിക്ക് ചേച്ചിയാണ്.
നാൽപ്പത്തിയഞ്ച് ദിവസത്തിലൊരിക്കൽ ആയ മാറും.

ഒരു ദിവസം -
അമ്മിണി: "അമ്മേ, അംഗനവാടീലെ ഇപ്പൊഴത്തെ ചേച്ചി മാറുമ്പോ അമ്മ വരാമോ?"
ഞാൻ: "ആയയായിട്ടോ?"
അമ്മിണി: "അല്ല, പ്രിയയായിട്ട് തന്നെ."


എഴുതിയത്...
കൃഷ്ണപ്രിയ
മലയാളം അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പിള്ളി

August 6, 2012

തമ്മില്‍ ഭേദം

പുഴയില്‍ വെള്ളം കുറഞ്ഞ കാലം.
അക്കരെയിക്കരെ നീന്താന്‍ പറ്റിയ സമയം.
അക്കരയ്ക്ക് പോകുംതോറും ആഴം കൂ‍ടും. അക്കരെ കൂടുതല്‍ തവണ പോയിവരുന്നതാണ് മിടുക്ക്.
കുളിക്കാന്‍ തയ്യാറെടുക്കുമ്പോഴേ അമ്മ പറയും: “വേഗംകുളിച്ചിട്ടിങ്ങുവരണം. നീന്താനൊന്നും പോകണ്ട. മണല്‍ വാരിയ കുഴികളാണ്.”
ഇതൊക്കെ എന്നും പറയുന്നതാണ്.വരാന്‍ താമസിച്ചാല്‍ അമ്മ പുഴയിലേക്കൊരു വരവുണ്ട്. വന്നാലോ? അടി ഉറപ്പ്!
പുഴയിലെത്തിയാല്‍ ഒട്ടും സമയം കള്ളയാതെ നീന്താന്‍ തുടങ്ങും.ആഴം കുറഞ്ഞ ഭാഗത്തുകൂടി കുറേ മുകളിലേയ്ക്ക് നടക്കും. എന്നിട്ട് ഒഴുക്കിനനുസരിച്ച് നീന്തി അക്കരെ കടവില്‍ ചെന്നുകയറും. തിരിച്ചുനീന്താന്‍ അത്ര എളുപ്പമല്ല. കുറേ നീന്തിയാലേ കാല്‍ നിലത്തുകുത്താന്‍ കഴിയൂ.
മൂന്നാമത്തെ പ്രാവശ്യം തിരിച്ചുനീന്തുമ്പോള്‍ കയ്യും കാലും കുഴയാന്‍ തുടങ്ങി. നീന്തി നീന്തി താഴോട്ട് പൊയ്ക്കൊണ്ടിരുന്നു. ആഴം കുറഞ്ഞ ഭാഗത്തെത്തി എന്നുതോന്നി. കാല്‍ നിലത്തുകുത്താന്‍ ശ്രമിച്ചു. പക്ഷെ എത്തുന്നില്ല!
താഴ്ന്നുതാഴ്ന്ന് പൊയ്ക്കൊണ്ടേയിരുന്നു. കൈയ്ക്കും കാലിനും ഒരു ബലക്ഷയം. സകലശക്തിയുമുപയോഗിച്ച് ആഞ്ഞുതുഴഞ്ഞുനോക്കി. പക്ഷെ താഴ്ന്നുപൊയ്ക്കൊണ്ടേയിരുന്നു. മൂക്കിലും വായിലുമൊക്കെ വെള്ളം കയറി. മരിക്കാന്‍ പോവുകയാണെന്ന് മിക്കവാറും ഉറപ്പായി. ആകെ ഒരു നീല നിറം മാത്രം.
പിന്നെ എന്താണ് സംഭവിച്ചത് എന്ന് ഓര്‍മ്മയില്ല. എങ്ങനെയോ ആഴം കുറഞ്ഞ ഭാഗത്ത് എത്തിപ്പെട്ടു. ഒരു തരത്തില്‍ നീന്തിത്തളര്‍ന്ന് കടവിലെത്തി.

അപ്പോള്‍ ആരോ വിളിച്ചുപറഞ്ഞു:
“ മോളേ, ദേ അമ്മ.”
 എന്റെ അടിവയറ്റില്‍നിന്നൊരു കാളൽ! അമ്മ കൈയ്യും പുറകില്‍ കെട്ടി നില്‍ക്കുന്നു. കൈയ്യില്‍ കാപ്പിയുടെ വടിയുണ്ടെന്നുറപ്പ്. എന്റെ ദൈവമേ, ഇനി കടവുമുതല്‍ വീടുവരെയുള്ള അടി... ഒപ്പം വഴക്കുപറച്ചിലും.
നടക്കാന്‍ പോകുന്ന ഭീകരരംഗം ഓര്‍ത്തപ്പോള്‍ തോന്നി: “തമ്മില്‍ ഭേദം!



എഴുതിയത്...
ശ്യാമളാകുമാരി

സ്വദേശം തൊടുപുഴ/ കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം