കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും


കുടുംബഗൃഹം സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ
മുത്തലപുരമെന്ന ഗ്രാമം മുതല്‍ ഭൂലോകത്തിന്റെ എതിര്‍വശത്തുള്ള
കാലിഫോണിയ വരെ പലയിടങ്ങളിലായി ജീവിക്കുമ്പോളും,
പരസ്പ്പരബന്ധം കാത്തുസൂക്ഷിച്ചുപോരുന്ന നൂറോളം പേർ - മൂന്നു തലമുറയിലുള്ളവർ. കുടുംബയോഗമെന്നപേരില്‍ വിളിക്കപ്പെടുന്നുണ്ടെങ്കിലും,
വാസ്തവത്തില്‍ പല കുടുംബങ്ങളില്‍പ്പെട്ടവർ.
എണ്‍പതിനോടടുത്തവര്‍ മുതല്‍ എണ്ണുവാന്‍ പഠിക്കാത്തവര്‍ വരെ.
വര്‍ഷത്തിലൊരിക്കല്‍ ഇവര്‍ ഒത്തുകൂടുമ്പോള്‍ മിക്കവരും
തങ്ങളുടെ സര്‍ഗ്ഗവൈഭവം അക്ഷരങ്ങളില്‍ പകര്‍ത്തുന്നു...
ഒരു കൈയ്യെഴുത്തുമാസികയ്ക്കു വേണ്ടി!
ഇവയില്‍ ഓര്‍മ്മക്കുറിപ്പുകളും - നൊമ്പരങ്ങളുടെ കഥകളും - സുഖാനുഭൂതികളും - യാത്രാവിവരണങ്ങളും - അത്യന്താധുനിക കവിതകളും - കഥകളും - നര്‍മ്മഭാവനകളുമൊക്കെയുണ്ട്. അവയില്‍ നിന്നും തിരഞ്ഞെടുത്ത ചില രചനകള്‍ പകര്‍ത്തുന്നു ബ്ലോഗിൽ‍...  [ബാലേന്ദു]

ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള കൈയ്യെഴുത്തുമാസികക:

2002 ൽ - മുതൽക്കൂട്ട്
2003 ൽ - തന്നാ‍ലായത്
2005 ൽ - വഴിപാട്
2006 ൽ - വെളിപാട്
2007 ൽ - രാഗം
2008 ൽ - സൂം
2009 ൽ - അതുമിതും
2010 ല്‍ - ആവര്‍ത്തനം
2011ല്‍ - അഭിമാനം
2012ല്‍ - സാകൂതം
2013ൽ - അക്ഷരം


 



ഈ കൈയ്യെഴുത്തുമാസികയുടെ ഉത്ഭവത്തിലും നിലനില്‍പ്പിലും മേന്മ അവകാശപ്പെടാന്‍ അര്‍ഹതയുള്ള ഒരേയൊരാളായ,
എല്ലാവരും ‘കൊച്ചേട്ടനെ‘ന്നു വിളിക്കുന്ന

ശ്രീ കെ. ശശികുമാറിന്

ഈ സംരംഭം സമര്‍പ്പിക്കുന്നു...





ലോഗോയുടെ ‘ലോജിക്കും‘ ‘മാജിക്കും‘!!!
കൂരാപ്പിള്ളില്‍ കൃഷ്ണന്‍ നായര്‍ -ജാനകിയമ്മ (എന്റെ പ്രിയ മുത്തച്ഛനും മുത്തശ്ശിയും)ദമ്പതിമാരും, അവര്‍ക്ക് ഈശ്വരകാരുണ്യത്താല്‍ കൈവന്ന സന്താനപരമ്പരയും.ഈ കുടുംബചിത്രം വെറുമൊരു “ഫാമിലി ട്രീ”യിലൊതുക്കുന്നതെങ്ങനെ?അതിനൊരു വടവൃക്ഷം-ആല്‍മരം തന്നെ വേണമെന്നു തോന്നി.  മാനം മുട്ടെ ശിരസ്സുയര്‍ത്തിനിന്ന്,
ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനൊപ്പം

അകലങ്ങളിലേയ്ക്ക് നീണ്ടുകിടക്കുന്ന വേരുപടലങ്ങളാല്‍ നില്‍ക്കുന്ന ഭൂമിയേയും ചേര്‍ത്തു പിടിയ്ക്കുന്ന ആല്‍മരം...

എന്തിനുമേതിനും ഉത്കണ്ഠാകുലരായി ജീവിതം ദുഷ്ക്കരമാക്കുന്ന
പുതിയ തലമുറയുടെ വക്താവായ എനിയ്ക്ക്, പതിനൊന്നു മക്കളെ വളര്‍ത്തി ജീവിത വിജയത്തിനു പ്രാപ്തരാക്കിയ മുത്തശ്ശനും വല്ല്യമ്മച്ചിയും നിത്യവിസ്മയങ്ങളാണ്! ആല്‍മരം അസംഖ്യം പക്ഷിമൃഗാദികള്‍ക്ക് സുരക്ഷയും ആശ്രയവും പ്രദാനം ചെയ്യുന്നു. ഒരു നാടിനു മുഴുവനും അമ്മാവനും അമ്മായിയുമായിരുന്നവരുടെ ധന്യമായ ജീവിതവുമായി ഈ വടവൃക്ഷമെന്ന ആശയം സര്‍വ്വഥാ യോജിക്കുമെന്നാണ് എന്റെ വിശ്വാസം.അതുതന്നെയായിരുന്നു ഈ സൃഷ്ടിയുടെ പശ്ച്ചാത്തലവും.
 
ഈ മഹദ് വൃക്ഷത്തിലെ ഒരു ചെറുശാഖയായി ജനിച്ചതാണ് ഞങ്ങളോരോരുത്തരുടെയും പുണ്യം!
[അരുണ്‍]

ഞാനുമീ മരത്തിലെ ഒരെളിയ ശിഖരം. മേല്‍പ്പറഞ്ഞ കൂരാപ്പിള്ളില്‍ കൈയ്യെഴുത്ത് സ്മരണികകളെ ബൂലോകത്തെത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ...[രഘു]