Showing posts with label ബാല്യകാലസ്മരണ. Show all posts
Showing posts with label ബാല്യകാലസ്മരണ. Show all posts

January 5, 2018

തടിക്കൂട്ടാൻ














മോനും മരുമകളുമൊത്ത് തമിഴ്നാട്ടിലെ പുതിയ താമസം.
"നോക്കിക്കോ.. ഒരു മാസത്തിനകം കുറ്റീം പറിച്ചു തിരിച്ചെത്തും.", സ്വന്തക്കാരിൽ ചിലരെങ്കിലും പറയാൻ മടിച്ചില്ല.
കാലാവസ്ഥ, ആഹാരം, ഏകാന്തത ഇങ്ങനെ പോകുന്നു ന്യായീകരണങ്ങൾ.

അതിനൊന്നും ചെവി കൊടുത്തില്ല.
പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. ജലദോഷവും ചുമയും തുടങ്ങി; ഇടയ്ക്ക് വയറിളക്കവും. മരുമകൾ മരുന്ന് വാങ്ങിത്തന്നു. എന്നാലും അവയൊക്കെ വീണ്ടും ആവർത്തിച്ചു.
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക ശീലമാക്കുക വഴി വയറിളക്കവും, കുളി കഴിഞ്ഞ് രാസ്നാദിപ്പൊടിയോ ഭസ്മമോ നെറുകയിൽ തിരുമ്മുകവഴി ജലദോഷത്തിനും പരിഹാരം കണ്ടെത്തി.

എന്നിരുന്നാലും നാട്ടിലെ ആഹാരത്തിന്റെ രുചി ഇപ്പോൾ കിട്ടുന്നില്ല എന്ന യാഥാർത്ഥ്യത്തെ കണ്ടില്ല എന്നു നടിക്കാൻ കഴിഞ്ഞില്ല. പാചകത്തിൽ മിടുക്കിയായ ഭാര്യ തനിക്കറിയാവുന്ന എല്ലാ കഴിവുകളും പ്രയോഗിച്ചുനോക്കി; മറ്റു ചില പൊടിക്കൈകളും. ഒന്നും തൃപ്തികരമായില്ല. ചാനലുകളിലെ കുക്കറി ഷോകളിൽനിന്ന് ലഭിച്ച പൊട്ടത്തരങ്ങൾ വരെ പ്രയോഗിക്കാൻ അവൾ മടിച്ചില്ല.
നാക്കിലെ രുചിയറിയാനുള്ള സ്വാദുമുകുളങ്ങൾക്ക് മരവിപ്പു ബാധിച്ചോ എന്നു തോന്നിപ്പോയി.

അന്നൊരു ദിവസം ഉച്ചയൂണിനിരുന്നപ്പോൾ നിസ്സംഗതയായിരുന്നു മുഖത്ത്. ഭാര്യ ചോറു വിളമ്പി.
കറിക്കു വേണ്ടി കാത്തിരുന്നു.
മുമ്പിൽ രണ്ടു പ്ലേറ്റുകൾ. ഒന്നിൽ മുട്ട പൊരിയൽ. ഇഞ്ചി, പച്ചമുളക്, ഉള്ളി, മുരിങ്ങയില ചേർത്ത് പൊരിച്ച കോഴിമുട്ട.
മറ്റേതിൽ ചുട്ട വറ്റൽ മുളക് ഉള്ളിയും ഉപ്പും ചേർത്ത് പച്ചവെളിച്ചെണ്ണയിൽ തിരുമ്മിയെടുത്ത കറി.
ചോറുരുട്ടിയെടുത്ത് കറിയിൽ ഒപ്പി ഉരുളകൾ അകത്താക്കി. ഇടക്കിടെ മുട്ട പൊരിയലും.
"ഫന്റാസ്റ്റിക്ക്" ഉഷാ ഉതുപ്പിന്റെ പ്രയോഗം അറിയാതെ പുറത്തു വന്നു.
മുളകു പൊട്ടിച്ചതു തീർന്നാലോ എന്നു ഭയന്നാവണം ഭാര്യ ചോറു വിളമ്പി ഒപ്പമിരുന്ന് കഴിച്ചു തുടങ്ങി.
സ്വാദുമുകുളങ്ങൾക്ക് മരവിപ്പു മാറി പുതു ജീവൻ വച്ചതുപോലെ.
വയറു നിറഞ്ഞു. ഏമ്പക്കം വിട്ട് എഴുന്നേറ്റു.

അപ്പോഴേക്കും "മുത്തശ്ശാ " വിളിയോടെ കൊച്ചുമകൻ എത്തി. മുളകുപാത്രത്തിൽ വിരൽ മുക്കി നാക്കത്തു വച്ച ശേഷം അവൻ പറഞ്ഞു, "എനിക്കു മുളകു വേണം".
ഭാര്യ ഉപ്പും മുളകും കൂട്ടി അവനെ ചോറൂട്ടി.

അതു കണ്ടപ്പോൾ നാട്ടിലെ കവലയിലുണ്ടായിരുന്ന തടിച്ചേട്ടനെ ഓർത്തുപോയി.
മുഷിഞ്ഞ കള്ളിമുണ്ടും അതിലും മുഷിഞ്ഞ തലേക്കെട്ടും.
എത്ര വലിയ ചുമടും പുല്ലു പോലെ.
കടത്തിണ്ണയിലെ ബെഞ്ചിൽ ഉറക്കം. തന്നെത്താൻ ചോറു വക്കും. പുള്ളിക്കാരന്റെ സ്ഥിരം കൂട്ടാനായിരുന്ന ഉപ്പും മുളകും കൂട്ടി ചോറുണ്ണുന്നതു കാണുമ്പോൾ വായിൽ വെള്ളമൂറാറുണ്ട്.


'തടിച്ചേട്ടൻ' തുടരുന്നു..













പതിവുപോലെ രാവിലെ അമ്പലത്തിൽ തൊഴുത് തൊട്ട് ചേർന്നുള്ള അനുജന്റെ വീട്ടിലേക്ക് നടന്നു.
"ഓരോരോ കാര്യങ്ങൾ ആലോചിച്ച്" അങ്ങനെ.."
വാതിൽ പൂട്ടിയിരിക്കുന്നു.

അയല്പക്കത്തുനിന്ന് വത്സ വിളിച്ചുപറഞ്ഞു "അവരവിടെയില്ല, പുറത്തു പോയിരിക്കുവാ.."

"ഓ.. എന്നോടും പറഞ്ഞിരുന്നതാ. എന്നത്തെയും പോലെ ഞാനിങ്ങു പോന്നു. "

"ഇതിലെ വരൂ.. കാപ്പി കുടീച്ചിട്ടു പോകാം."
ചിലപ്പോഴൊക്കെ അതും പഴക്കമുള്ള ശീലമാണ്.

കാപ്പി എന്നാണു പറച്ചിലെങ്കിലും കിട്ടിയതു ചായയാണ്. (ഇച്ചിരീന്നു പറഞ്ഞാ രണ്ടു പയം).
ദോശ ചുട്ടു തന്നു. മൂന്നെണ്ണമായി. മതിയെന്നു തീർത്തു പറഞ്ഞു.
"ചെറുതല്ലേ.. ഒന്നുകൂടി ആവാ"മെന്നു നിർബ്ബന്ധിച്ചു.

"വേണ്ട, ഇതാ കണക്ക്. അധികമായാൽ ബുദ്ധിമുട്ടാവും" എന്നു പറഞ്ഞ് ദോശ നിർത്തിച്ചു.

"കപ്പച്ചെണ്ടനുണ്ട്. രണ്ടെണ്ണം തരട്ടേ? നല്ല സ്വാദുള്ള കപ്പയാ"
വിരോധം പറഞ്ഞില്ല.
മുളകു വറുത്ത് പൊട്ടിച്ചതും കപ്പയും അകത്താക്കി.
പെട്ടെന്ന് എനിക്ക് ചിരി വന്നു. മുളക് മൂക്കിൽ കയറി.

"എന്താ എന്തുപറ്റി?" വത്സ വെള്ളമെടുത്തു തന്നു.

"ഇതിപ്പം തടിച്ചേട്ടന്റെ കഥ പോലെയായി. തടിച്ചേട്ടനെ ഓർമ്മയില്ലേ ?"

"പിന്നേ.. ചുമടല്ലേ? അതിന് ആ പേരിട്ടവരെ സമ്മതിക്കണം."

അപ്പോൾ ആളെ പരിചയം മാത്രമല്ല, അതിന്റെ പ്രകൃതവും നിശ്ചയമുണ്ട്. പക്ഷെ ചിരിച്ചതിന്റെ പൊരുൾ മനസിലായിക്കാണില്ല.

അത് വത്സ വരുന്നതിനു മുമ്പുള്ള കഥയാണ്.
തടിച്ചേട്ടൻ ചുമട് കൊണ്ടുപോകുന്നതു കണ്ടിട്ടില്ലേ? കണ്ണു തുറിച്ച്, ബലം പിടിച്ച്, ആയാസം മുഴുവൻ കാണിച്ച് ചുമടിനു താഴെ പുള്ളി അങ്ങു നീങ്ങും.
ഒരു ദിവസം കൊമ്മറ്റം പീടികയിൽ നിന്ന് ഒരു ചാക്ക് ചുക്ക് തലയിൽ കേറ്റി. അതിനു മുകളിൽ ഒരു ചേളാകത്തിൽ മഞ്ഞൾ ഉണങ്ങിയത്.
അരച്ചേളാകം കച്ചോലം എടുത്ത് പിടിച്ച് മുതലാളി ചോദിച്ചു, "ഇതു കൂടി വയ്ക്കട്ടെ?"

"അയ്യോ വേണ്ട, ഇതു തന്നെ വിഷമിച്ചാ"

"ങാ.. എന്നാ വേണ്ട ഈ കട്ടി കൂടെ അങ്ങു കൊണ്ടുപോണം"

"ഓ! അതു വച്ചോ."

നിരസിച്ച കച്ചോലത്തിന്റെ നാലിരട്ടി തൂക്കമുള്ള കട്ടി മഞ്ഞളിനു മുകളിൽ വച്ചു പാവം തടിച്ചേട്ടൻ ചുമടിനു താഴെ നടന്നു നീങ്ങി.

ഞാൻ പതിയെ വയറു തടവി വീട്ടിലേക്ക് തിരിച്ചു.


February 19, 2014

കൈക്കോ

തുണികൾ ഏതും മുഷിഞ്ഞാൽ പുഴുങ്ങിയലക്കും, അമ്മ. പുഴുങ്ങിയലക്കലിന്റെ നടപടികൾ എല്ലാം മക്കൾക്കൊക്കെ നിശ്ചയമാണ്. എന്നാലും ആരും മെനക്കെടാറില്ല.

മുറ്റത്തെ അടുപ്പത്ത് ആവി കേറ്റാൻ തുണിക്കെട്ട് വച്ചിരിക്കുന്നതുകണ്ട് ഈ വീട്ടുകാർ അലക്കുകാരാണെന്നു കരുതി ആഢ്യത്തം വിടാത്ത ധർമ്മക്കാരൻ, ആരെങ്കിലും ഭിക്ഷയുമായി എത്തുന്നതിനുമുമ്പ് സ്ഥലം വിട്ടതും അലക്കിക്കിട്ടാൻ മുഷിഞ്ഞ തുണിപ്പൊതിയുമായി വന്നതും കഥയല്ല.
ഒരു ദിവസം ചായ്പ്പിന്റെ തെക്കേ അറ്റത്തുനിന്നും ഒരു വിളി. അച്ഛനാണ്.
അക്ഷരം തികച്ചില്ലാത്ത വിളി "ന്ത.."(എന്തെടീ എന്നായിരിക്കാം).
ഒറ്റ വിളിക്ക് അമ്മ കേട്ടെന്നുവരില്ല. അമർത്തി ഒരു വിളി കൂടിയായപ്പോൾ അമ്മ മുണ്ടിന്റെ നീണ്ട മടിത്തുമ്പിൽ കൈ തുടച്ച് മുഖവും തൂത്തുകൊണ്ട് അടുത്തെത്തി.
അച്ഛൻ ഒരു കഷണം തുണി തൂക്കിപ്പിടിച്ച് കടുപ്പം കുറഞ്ഞ ദേഷ്യത്തോടെ അമ്മയെ നോക്കി ഒരു ചോദ്യച്ചിഹ്നം വരച്ചു.

അതുവാങ്ങി പരിശോധിച്ചപ്പോൾ അമ്മയ്ക്കു ചിരി വന്നു. അലക്കി നീലം മുക്കി വിരിച്ചിരുന്ന കൈക്കോണകം; വാലറ്റമില്ലാതെ.
'ഇതെങ്ങനെ പറ്റി, വിരിച്ചിടുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ!'
പെട്ടെന്ന് അമ്മയ്ക്കു ചിരിപൊട്ടി. ചിരിയോടുചിരി. അച്ഛൻ കണ്ണുമിഴിച്ചു.
"വെളുത്ത മോഹനൻ തിരിത്തുണി ചോദിച്ചോണ്ടുവന്നിരുന്നു. കോണകവാലിന് ഇപ്പോൾ തീ പിടിച്ചു കാണും".
അമ്മയുടെ ഡയലോഗ് കേട്ട് അപ്പോൾ അച്ഛനും ചിരിച്ചുപോയി.



എഴുതിയത് ശാരദ
അദ്ധ്യാപികയായിരുന്നു, ഉദ്യോഗത്തിൽനിന്നും  വിരമിച്ചു.
മുത്തലപുരം സ്വദേശിനി

November 14, 2012

അശ്വമേധം


മക്കളിൽ ചെറിയവർ ചേർന്ന് അന്താക്ഷരി കളിക്കുന്നു. തർക്കങ്ങൾ, ബഹളങ്ങൾ, വിഢിത്തങ്ങൾ, ഒച്ചയുടെ പിച്ച്.
റിമോട്ട് കൺട്രോളർ അന്നില്ല.
അച്ഛൻ!
"വഴിക്ക് ആളുപോണേ"
"ചെവി കേപ്പിക്കിയേലല്ലോ!"
"മിണ്ടാണ്ട് പൊക്കോണം"
"മിണ്ടാ--- മിൺ"
ഏതുനമ്പർ ചാനലായാലും അച്ഛനൊന്നു തൊട്ടാൽ കുറച്ചുനേരത്തേക്ക് ശാന്തമാകുന്ന ദൂരദർശനം
തെളിഞ്ഞുമിന്നി.

അന്താക്ഷരി ഞങ്ങൾ കളിക്കുമ്പോൾ 'അക്ഷരസിനിമാപ്പാട്ട്' എന്നായിരുന്നു വിളിപ്പേര്. അമ്മയ്ക്കും അച്ഛനും അത് ദേഷ്യമായിരുന്നു. അക്ഷരശ്ലോകമാണെങ്കിൽ ഇഷ്ടപ്പെടും.
കൈരളിയിലെ അശ്വമേധം പോലെയാണെങ്കിൽ എല്ലാവരും പങ്കെടുക്കും. ഒരാൾ ഒരാളെ മനസ്സിൽ കാണുന്നു. മറ്റുള്ളവരെല്ലാവരും ചോദ്യങ്ങൾ നിരത്തും. 'അതെ/ അല്ല' മാത്രം ഉത്തരം. കുറേയങ്ങുചെന്നാൽ ഇനി അഞ്ച് ചോദ്യം മാത്രം
എന്നു തീരുമാനിക്കും.
എന്റെ ഊഴമായി. യജ്ഞം, യാഗം... അശ്വമേധം തുടങ്ങി.
വളരെയെല്ലാം പറഞ്ഞിട്ടും എത്തും പിടിയുമില്ല. അവസാനഘട്ടം, രാജസൂയം. ഒന്ന്, രണ്ട്, മൂന്ന്, നാല്... ഇനിയൊരു ചോദ്യം കൂടിയേയുള്ളൂ. ഞാൻ ജയത്തിന്റെ വക്കിലെത്തിയതായിരുന്നു.
ചായിപ്പിലെ കട്ടിലിൽ കിടന്നിരുന്ന അച്ഛൻ ചിരിച്ച് ചിരിച്ച് ചുമച്ച് തുപ്പാൻ എഴുന്നേറ്റുവന്നു.
"കുഞ്ഞാറ... പാച്ചേരി" - അച്ഛൻ യാഗാശ്വത്തെ തളച്ചു!

അര നൂറ്റാണ്ടുമുമ്പ് കറങ്ങുന്ന കസേരയും കണ്ണഞ്ചിക്കുന്ന വെളിച്ചവുമില്ലാതെ ഞങ്ങൾ നടത്താറുള്ള അശ്വമേധം!




എഴുതിയത് ശാരദ
അദ്ധ്യാപികയായിരുന്നു, ഉദ്യോഗത്തിൽനിന്നും  വിരമിച്ചു.
മുത്തലപുരം സ്വദേശിനി

September 5, 2012

ധ്യാനകേന്ദ്രം

ഞങ്ങൾ അന്ന് മുത്തലപുരത്താണ് താമസം.
അനുജൻ- ഹരി SSLC പരീക്ഷ എഴുതാൻ തയാറെടുക്കുന്ന കാലം.
അവന്റെ സ്കൂൾ പാലക്കുഴയാണ്- പേരമ്മയുടെയും വല്യച്ഛന്റെയും വീടിനടുത്ത്. ദിവസവും മുത്തലപുരം-പാലക്കുഴ-മുത്തലപുരം ട്രിപ്പ് നടത്തിയാണ് പഠനം. പരീക്ഷാദിവസങ്ങൾ അടുത്തപ്പോൾ ബസ്സ് യാത്ര ഒഴിവാക്കി അവൻ പാലക്കുഴയിൽ താമസമാക്കി. അങ്ങനെ പഠനം പൂർണ്ണമായും വല്യച്ഛന്റെയും പേരമ്മയുടെയും മേൽനോട്ടത്തിലായി.

ഹരിയുടെ ചില ദുഃശീലങ്ങളിൽ ഒന്ന്: രണ്ടിനുപോയാൽ കുറഞ്ഞത് അര മണിക്കൂറെങ്കിലും അതിനകത്ത് ചിലവഴിക്കും എന്നതാണ്. മാത്രമല്ല, പുറത്ത് എന്തെല്ലാം സംഭവിച്ചാലും 'കമാ'ന്നൊരക്ഷരം മിണ്ടില്ല.
ഒന്ന് മൂളുകപോലുമില്ല! അത്രയ്ക്ക് ഏകാഗ്രതയാണ്.
പേരമ്മയ്ക്ക് ഇക്കാര്യം അറിയില്ലായിരുന്നു എന്നുവേണം കരുതാൻ.
അങ്ങനെ പരീക്ഷയുടെ ആദ്യദിവസം വന്നെത്തി. മലയാളം പരീക്ഷയാണ്.
നമ്മുടെ കഥാനായകൻ രാവിലെ ഉണർന്ന് തന്റെ സ്ഥിരം ധ്യാനകേന്ദ്രത്തിലേക്ക് പ്രവേശിച്ചു. പതിവുപോലെ സമയം കുറച്ച് കടന്നുപോയി.
"ഹരി പോയിട്ട് കുറേ നേരമായല്ലോ! ഒന്നു വിളിച്ചുനോക്കാം" പേരമ്മ വിചാരിച്ചു.
വിളിച്ചു, വിളികേട്ടില്ല.
വീണ്ടും വിളിച്ചു, നോ മറുപടി!
ഉറക്കെ വിളിച്ചു,
വീടിനു പുറത്തിറങ്ങി കക്കൂസിനടുത്തേക്ക് ചെന്നു. വാതിൽക്കൽ നിൽപ്പായി.
വിളി തുടർന്നു, "ഹരീ, മോനേ... ഹരിക്കുട്ടാ, പുറത്തുവാടാ..."
പേരമ്മയുടെ മനസ്സിൽ അശുഭചിന്തകൾ വന്നുതുടങ്ങി. ഇനി പരീക്ഷപ്പേടി ബാധിച്ചതാണോ? കൊച്ച് പേടിച്ചിരിക്കുവാണോ?
ഒരു സമാധാനവുമില്ല, വിളിയോടുവിളി.
അകത്തുനിന്നും ഒരനക്കം പോലുമില്ല. ഇനിയെന്തുചെയ്യും!
"ഹരീ... സമയം പോയി, ഇറങ്ങിവാടാ മോനേ..."
ഇല്ല. ഈശ്വരാ. ചേട്ടനെ വിളിച്ചുകൊണ്ടുവരാം.
പേരമ്മ വർദ്ധിച്ച നെഞ്ചിടിപ്പോടെ ഈവകയെല്ലാം ചിന്തിച്ച് പരവശയായി നിൽക്കുമ്പോൾ...
അതാ... നടതുറന്നു.
ഹരി പ്രത്യക്ഷനായി!
തന്റെ പതിവ് ധ്യാനത്തിന്റെ ഏകാഗ്രത നഷ്ടമാക്കിയതിലുള്ള ദേഷ്യത്തോടെ അവൻ വാതിൽ തുറന്നിറങ്ങിവന്നു, എന്നിട്ടൊരുചോദ്യം,
"പേരമ്മയ്ക്ക് പോകണമെങ്കിൽ ഇവിടെ വേറേ കക്കൂസില്ലായിരുന്നോ?"

ഇതിന് പേരമ്മ പറഞ്ഞ മറുപടി ഇതുവരെ രണ്ടാളും പുറത്തുവിട്ടിട്ടില്ല!


എഴുതിയത്   മീര
സ്വദേശം ആലുവ
ചെന്നൈയിൽ പേറ്റന്റ് അറ്റോണിയായി ജോലി നോക്കുന്നു

August 6, 2012

തമ്മില്‍ ഭേദം

പുഴയില്‍ വെള്ളം കുറഞ്ഞ കാലം.
അക്കരെയിക്കരെ നീന്താന്‍ പറ്റിയ സമയം.
അക്കരയ്ക്ക് പോകുംതോറും ആഴം കൂ‍ടും. അക്കരെ കൂടുതല്‍ തവണ പോയിവരുന്നതാണ് മിടുക്ക്.
കുളിക്കാന്‍ തയ്യാറെടുക്കുമ്പോഴേ അമ്മ പറയും: “വേഗംകുളിച്ചിട്ടിങ്ങുവരണം. നീന്താനൊന്നും പോകണ്ട. മണല്‍ വാരിയ കുഴികളാണ്.”
ഇതൊക്കെ എന്നും പറയുന്നതാണ്.വരാന്‍ താമസിച്ചാല്‍ അമ്മ പുഴയിലേക്കൊരു വരവുണ്ട്. വന്നാലോ? അടി ഉറപ്പ്!
പുഴയിലെത്തിയാല്‍ ഒട്ടും സമയം കള്ളയാതെ നീന്താന്‍ തുടങ്ങും.ആഴം കുറഞ്ഞ ഭാഗത്തുകൂടി കുറേ മുകളിലേയ്ക്ക് നടക്കും. എന്നിട്ട് ഒഴുക്കിനനുസരിച്ച് നീന്തി അക്കരെ കടവില്‍ ചെന്നുകയറും. തിരിച്ചുനീന്താന്‍ അത്ര എളുപ്പമല്ല. കുറേ നീന്തിയാലേ കാല്‍ നിലത്തുകുത്താന്‍ കഴിയൂ.
മൂന്നാമത്തെ പ്രാവശ്യം തിരിച്ചുനീന്തുമ്പോള്‍ കയ്യും കാലും കുഴയാന്‍ തുടങ്ങി. നീന്തി നീന്തി താഴോട്ട് പൊയ്ക്കൊണ്ടിരുന്നു. ആഴം കുറഞ്ഞ ഭാഗത്തെത്തി എന്നുതോന്നി. കാല്‍ നിലത്തുകുത്താന്‍ ശ്രമിച്ചു. പക്ഷെ എത്തുന്നില്ല!
താഴ്ന്നുതാഴ്ന്ന് പൊയ്ക്കൊണ്ടേയിരുന്നു. കൈയ്ക്കും കാലിനും ഒരു ബലക്ഷയം. സകലശക്തിയുമുപയോഗിച്ച് ആഞ്ഞുതുഴഞ്ഞുനോക്കി. പക്ഷെ താഴ്ന്നുപൊയ്ക്കൊണ്ടേയിരുന്നു. മൂക്കിലും വായിലുമൊക്കെ വെള്ളം കയറി. മരിക്കാന്‍ പോവുകയാണെന്ന് മിക്കവാറും ഉറപ്പായി. ആകെ ഒരു നീല നിറം മാത്രം.
പിന്നെ എന്താണ് സംഭവിച്ചത് എന്ന് ഓര്‍മ്മയില്ല. എങ്ങനെയോ ആഴം കുറഞ്ഞ ഭാഗത്ത് എത്തിപ്പെട്ടു. ഒരു തരത്തില്‍ നീന്തിത്തളര്‍ന്ന് കടവിലെത്തി.

അപ്പോള്‍ ആരോ വിളിച്ചുപറഞ്ഞു:
“ മോളേ, ദേ അമ്മ.”
 എന്റെ അടിവയറ്റില്‍നിന്നൊരു കാളൽ! അമ്മ കൈയ്യും പുറകില്‍ കെട്ടി നില്‍ക്കുന്നു. കൈയ്യില്‍ കാപ്പിയുടെ വടിയുണ്ടെന്നുറപ്പ്. എന്റെ ദൈവമേ, ഇനി കടവുമുതല്‍ വീടുവരെയുള്ള അടി... ഒപ്പം വഴക്കുപറച്ചിലും.
നടക്കാന്‍ പോകുന്ന ഭീകരരംഗം ഓര്‍ത്തപ്പോള്‍ തോന്നി: “തമ്മില്‍ ഭേദം!



എഴുതിയത്...
ശ്യാമളാകുമാരി

സ്വദേശം തൊടുപുഴ/ കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം

November 3, 2009

കറുത്തസൂര്യന്‍



കറുത്ത സൂര്യനുദിച്ച ദിവസമായിരുന്നു അന്ന്!
കാലാനിമറ്റം തോട് നിറഞ്ഞുകവിഞ്ഞ് പുഴയായി ഒഴുകി. 
വേനല്‍ക്കാലത്ത് പുളച്ചുനടന്നിരുന്ന നീര്‍‌ക്കോലികള്‍ പൊന്തക്കാടുകളി അഭയം തേടി. ഇരുകരകളും കവിഞ്ഞൊഴുകിയ തോട് അത്യന്തം ഭയാനകമായിരുന്നു. 
പിറ്റേന്നാള്‍ ‘തോട്ടിൽ‘(പുഴയിൽ) കുളിയ്ക്കാനിറങ്ങിയ അമ്മയുടെ മാലയും കവര്‍‌ന്നെടുത്ത് പുഴ തോടായി ചുരുങ്ങി.പുഴ കവര്‍‌ന്നെടുത്ത മാലയ്ക്കുവേണ്ടി തോടുമുഴുവന്‍ അരിച്ചുപെറുക്കി!
മാലയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ വൃഥാവിലായപ്പോള്‍ അമ്മ പരദേവതമാരെ വിളിച്ചു കരഞ്ഞു.
വഴിപാടുകള്‍ നേര്‍ന്നു. 
പ്രാര്‍ത്ഥനകളുമായി ഒരു വര്‍ഷം കടന്നുപോയി...



വീണ്ടും കര്‍ക്കിടകത്തില്‍ കറുത്ത സൂര്യനുദിച്ചു.
കാലാനിമറ്റം തോട് പുഴയായി ഒഴുകി.
ഒരു വെളിപാടുപോലെ അമ്മ ‘പുഴ’യി(തോട്)ലേയ്ക്ക് നടന്നു. പരദേവതമാരെ വിളിച്ച് പുഴയുടെ മാറിലേയ്ക്ക് ഊളിയിട്ടു. മണലില്‍ നിന്നും എന്തോ കൈയ്യില്‍ തടഞ്ഞു. നീര്‍‌ക്കോലിയാണോ എന്നു ഭയന്ന് കൈ കുടഞ്ഞു. 
കൈയ്യില്‍ തടഞ്ഞത് മാലയാണെന്ന തിരിച്ചറിവ് യാഥാര്‍ത്ഥ്യമാണെന്നറിയാ അല്പം സമയമെടുത്തു!
 
ജീവിതത്തില്‍ ആദ്യമായി കറുത്ത സൂര്യനെ മനസ്സില്‍ ധ്യാനിച്ചു!


എഴുതിയത്...
പവനന്‍
സ്പോര്‍ട്സ് കൌണ്‍സില്‍ ഉദ്യോഗസ്ഥന്‍
സ്വദേശം തൊടുപുഴ




October 27, 2009

വെള്ളിടി

പൊഴിഞ്ഞ കുരുമുളകു പെറുക്കിയത് ഉണക്കി പേറ്റി ശേഖരിച്ചുവച്ചത് കുറച്ചുണ്ട്.
ഇന്ന് ശനിയാഴ്ച്ച ചന്തയാണ്.
കൊച്ചച്ചന്റെ കൂടെ പോയിട്ടുവേണം വില്‍ക്കാന്‍. തന്നെ ചെന്നാല്‍ കച്ചവടക്കാര്‍ പറ്റിക്കും.
അരഞ്ഞാണിപ്പീടികയില്‍ ഒരു തരം സോപ്പുപെട്ടി വന്നിട്ടുണ്ട്, അതിലൊന്നും ഒരു മലബാര്‍ ഗ്ലോറി സോപ്പും മേടിക്കണം.

പൊതിയെന്നതാ...
    കൊടിമൊളകാ

കൊണ്ടുവാ നോക്കട്ടെ...


അര റാത്തല്‍ കഷ്ടിച്ച് - എന്നാ വേണം?
    ചേട്ടന്‍ പറ

എന്നാവെലയ്ക്കാണെക്കൊടുക്കും?
    ഒള്ള വെല പറ ചേട്ടാ...

ഇങ്ങോട്ടുപറ...
    ഇങ്ങോട്ടുപറഞ്ഞാമതി.ചേട്ടനു വേണ്ടെങ്കിപ്പറ...

രണ്ടര രൂപാ തരാം
    അഞ്ചര രൂപായ്ക്കൊണ്ട്

ഓ... അതിനുമാത്രമില്ല. എന്നാണേക്കൊടുക്കും? കൊടുക്കാനുള്ള വെല പറ
     എന്നാ വെലയ്ക്കൊണ്ട് ഇങ്ങോട്ടു പറഞ്ഞാമതി

ഞാനിപ്പം ഇതിനൊരു മൂന്നു രൂപാ തരും. പോരെങ്കി വേറെ ആര്‍ക്കെങ്കിലും കൊടുത്തോ.
    ആട്ടെ കൊടുത്തോളാം. 

ഇങ്ങുകൊണ്ടുവാ പിള്ളേച്ചാ.

ഇന്നാ.. ഒള്ളവെല കൊടുക്ക്.


ദേ കിറുകിറുത്യം ഒന്നര റാത്തല്‍.  നോക്ക് രണ്ടണയെങ്കിലും എനിക്കും കിട്ടണ്ടേ? ഇത് ഒന്നാന്തരമൊന്നുമല്ല...
    പിന്നേ! നല്ല പാസ് ഒണക്കാ... പേറ്റിയാ ഒന്നും പോകാനില്ല...
    എന്റെ പിള്ളേച്ചാ ഈ ഇച്ചിരി മുളകും വച്ച്... അയ്യോ... പോലീസ്!


‘വെള്ളിക്കോലു‘കാരെല്ലാം പോയ വഴി കണ്ടില്ല...

എന്റെ മൊളക്, സോപ്പുപെട്ടി, മലബാര്‍ ഗ്ലോറി എല്ലാം വെള്ളിക്കോലില്‍ തൂങ്ങി അങ്ങേ പറമ്പില്‍!







എഴുതിയത്
ശാരദ
റിട്ടയേഡ് മലയാളം അദ്ധ്യാപിക
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത് മുത്തലപുരം