September 26, 2012

മരീചിക


ആലിലക്കണ്ണനെക്കാണുവാനാശിച്ചൊ-
രായിരമാലില കീറിനോക്കി;
എന്നുമേ കാണാൻ കഴിയാതെ ഞാനവ
സ്വപ്നങ്ങളാക്കി കരുതിവെച്ചു.
സന്ധ്യക്കു യമുനാതീരത്തു വച്ചു നീ
വേണുവിലൂതി ക്ഷണിച്ച നേരം
ഞെട്ടിയുണർന്നു ഞാൻ കാണാനണഞ്ഞപ്പോൾ
പീലിയെറിഞ്ഞിട്ടൊളിച്ചുനിന്നു.
നിന്നെത്തിരഞ്ഞു തളർന്നു മയങ്ങിയൊ-
രെന്നെ നീ വീണ്ടുമുണർത്തിയല്ലോ!
കാൽച്ചിലമ്പൊച്ച ഞാൻ കേട്ടു വന്നപ്പോഴേ-
യോടി മറയുവാനെന്തു കണ്ണാ?
ഇന്നുമെനിക്കു മരീചികയായി നീ
ഓടിമറഞ്ഞു രസിക്കയല്ലേ?
എന്നടുത്തേയ്ക്കെന്നു നീയണയും കണ്ണാ
ആലില കീറി ഞാൻ കാത്തിരിപ്പൂ...




എഴുതിയത്   മാധുരി
കോഴിക്കോടുകാരി
നിയമവിദ്യാർത്ഥിനി

September 16, 2012

ശ്രീമഹാഭാഗവതം പ്രഥമസ്കന്ധം


ഞാൻ വൈക്കത്തമ്പലത്തിൽ രണ്ടാമത്തെ പ്രാവശ്യം പോകുന്നത് ഇളയ അനുജൻ- മോഹനന്റെ കല്യാണത്തിനാണ്.
എന്നാൽ ആദ്യം പോയതോ? അവിടെയാണ് സംഭവത്തിന്റെ മർമ്മം.

പതിനൊന്ന് മക്കളിൽ ഞങ്ങൾ മൂത്തവർ അഞ്ചുപേർക്കും SSLC കഴിഞ്ഞ് TTCയ്ക്കു മുമ്പ് ഒരു വർഷം അജ്ഞാതവാസം നിർബ്ബന്ധമായിരുന്നു.
SSLC വരെ ഞാൻ വൈക്കത്തമ്പലത്തിൽ പോയിരുന്നില്ല.
അന്നൊക്കെ എന്റെ 'അന്തിമാഭിലാഷം' വൈക്കത്തമ്പലത്തിൽ പോവുക എന്നതായിരുന്നു. അതു സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷ ഉണ്ടായിരുന്നുമില്ല.
ഈ അജ്ഞാതവാസക്കാലത്തെ ഞങ്ങളുടെ ട്യൂഷൻ, വീട്ടുജോലികൾ തുടങ്ങി ഒരുപാടുകഥകൾ പറയുവാനുണ്ട്.
അതിനിടെ ചില അഡീഷണൽ പണികൾ ചെയ്ത് അമ്മയുടെ കൈയ്യിൽനിന്ന് പ്രതിഫലം വാങ്ങുന്ന പതിവ് എനിക്കുണ്ടായിരുന്നു.
അന്നും എനിക്ക് പണത്തിനോട് താത്പര്യമായിരുന്നു. അമ്മ തുണി പുഴുങ്ങിത്തരും. ഒരു പുഴുക്കുതുണി തോട്ടിൽ കൊണ്ടുപോയി അലക്കിക്കൊടുത്താൽ പത്ത് പൈസാ തരും. അങ്ങനെ ഒരു കൊല്ലക്കാലം കൊണ്ട് നല്ലൊരു തുക സമ്പാദിക്കാൻ സാധിച്ചു. തുക രണ്ടക്കസംഖ്യയിലെത്തി. ഇടയ്ക്കിടെ തുട്ടുകൾ മാറ്റി കാൽ രൂപയും അര രൂപയുമാക്കി വയ്ക്കാൻവേണ്ടി കുടുക്ക തുറന്ന് എണ്ണി നോക്കി അഭിമാനം കൊണ്ടിരുന്ന കാലം!

വൈക്കത്തമ്പലത്തിൽ ഉത്സവം തുടങ്ങി. അഷ്ടമിയുടെ തലേന്ന് സന്ധ്യക്ക് ഒരു ചാറ്റൽമഴ തൂകി.
കവലയിലെ അച്ഛന്റെ ചായക്കട വീട്ടിൽനിന്നും നോക്കിയാൽ കാണാവുന്ന ദൂരത്താണ്. 
ഞാൻ മുരിങ്ങച്ചുവട്ടിൽ നിൽക്കുകയായിരുന്നു.
കവലയിൽനിന്ന് റേഡിയോ കേൾക്കാൻവേണ്ടി മഴയത്ത് ഓടി ഇറയത്തു കയറിയ ഉടനെ ഇറയത്തുനിന്ന് കാലിൽ എന്തോ കടിച്ചു.
പെട്ടെന്നു വിളക്കെടുത്തു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. അതിഭയങ്കര വേദന.
ഇതിനുമുമ്പ് രണ്ടുതവണ പഴുതാര കടിച്ചിട്ടുണ്ട്. അനുഭവംകൊണ്ട് ഇതും പഴുതാരതന്നെയാണെന്ന് നിശ്ചയമുണ്ടെങ്കിലും ആരെയും അറിയിക്കാതിരിക്കാൻ ധൈര്യം പോരാ. വിവരം ഫ്ലാഷായി.
എന്നെ ചായക്കടയിൽ എത്തിച്ചു. അച്ഛന്റെയടുത്ത് വാണിയൻ മൂപ്പരുണ്ടായിരുന്നു. പുള്ളി പരിശോധിച്ചു.
കടിയേറ്റ ഭാഗം ചോദിച്ചറിഞ്ഞ് അവിടെ ഒരു ഓട്ടുഗ്ലാസ്സമർത്തി എന്റെ മുഖത്തേയ്ക്കു നോക്കി താഴെയിരുന്നു.
"വേഗം കൊണ്ടുപോകണം" എന്നു പറഞ്ഞു.
പിന്നെ ആഘോഷപൂർവ്വം പച്ചപ്പാലുമൊക്കെയായി, ഇമ്മാതിരി കേസുകൾക്ക് സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന 'എടിച്ചിലാത്ത്' എത്തിച്ചു. അന്ന് എടിച്ചിലാത്ത് വീട് മലമുകളിലായിരുന്നു. അന്നുരാത്രി അത്താഴവും ഉറക്കവും പാടില്ല. അവിടെ ചെല്ലുമ്പോൾ പത്രക്കാരൻ ചാക്കോ ചേട്ടനും ഇന്ത അവസ്ഥയിൽ അവിടുണ്ട്.
എന്റെ കാലിൽ കല്ലുപിടിപ്പിച്ചു. ചില മരുന്നുകൾ തന്നു. വൈദ്യന്റെ ഭാര്യയാണ് ചികിത്സിക്കുന്നത്.
കല്ലുതള്ളിത്താഴെയിട്ടു. ഉറക്കംതൂങ്ങി നേരംവെളുപ്പിച്ചു. കടിച്ചത് പാമ്പല്ലെന്നറിയാവുന്നതുകൊണ്ട് എനിക്കു പേടിയുണ്ടായിരുന്നില്ല.
പിറ്റേന്ന് ഉച്ചകഴിഞ്ഞു. എന്റെ തലയിൽ ജലധാരയെടുക്കാൻ കൊണ്ടുപോയി. അതുകഴിഞ്ഞാൽ വീട്ടിൽ വിടും.
ചാച്ചിയും(ഏറ്റവും മൂത്ത ചേച്ചി) അച്ഛനും കൊണ്ടുപോകാൻ വന്നു.
പോകുമ്പോൾ വൈദ്യനും ഞങ്ങളുടെ കൂടെ ഷാപ്പുംപടി വരെ അനുഗമിച്ചു!
കുട്ടപ്പൻ മൂപ്പരുടെ അടുത്തെത്തിയപ്പോൾ അച്ഛൻ വൈദ്യനോടു ചോദിച്ചു, "ആട്ടെ, സാധനം ഏതെനമാ?"
വൈദ്യൻ ആക്ഷൻ കൊണ്ടു പറഞ്ഞു, "മറ്റവൻ തന്നെ".
എന്നെ മരണത്തിൽനിന്നു രക്ഷിച്ചതിലെ വൈദ്യന്റെ അഭിമാനവും, മകൾ രക്ഷപെട്ടതിലെ അച്ഛന്റെ ആശ്വാസവും ഉറങ്ങിക്കൊണ്ടുനടക്കുന്ന എനിക്ക് കാണാൻ പറ്റില്ലല്ലോ!
വീട്ടിലെത്തിയാലുടൻ കിടക്കണമെന്നല്ലാതെ മറ്റൊരു മോഹവും അപ്പോഴില്ല. അന്നും സന്ധ്യവരെ ഉറങ്ങരുതെന്നാണ് വൈദ്യന്റെ കൽപ്പന.

സന്ധ്യയോടെ അച്ഛൻ പതിവിലും നേരത്തെ കുളിച്ച് ഭസ്മചന്ദനാദികൾ പൂശുന്നതു കണ്ടെങ്കിലും ഉറക്കച്ചടവുമൂലം കാരണമന്വേഷിച്ചില്ല.
"മക്കളു വൈക്കത്തിനു പോയിട്ടില്ലല്ലോ! വെക്കം യാത്രയായിക്കോ. കയ്യിലുള്ള ചക്രവും എടുത്തോ. വേഗം വേണം, വണ്ടി പള്ളിത്താഴത്തെത്തി"
സ്പ്രിങ് ആക്ഷൻ പോലെ ഞാൻ റെഡി.
ഈ യാത്രയ്ക്കായിരിക്കാം ഞാൻ മറ്റവന്റെ കടിയിൽനിന്ന് രക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെയായിരിക്കണം അച്ഛൻ എന്നെ തൊഴീക്കാൻ തീരുമാനിച്ചതും. അഷ്ടമിദിനമായതുകൊണ്ട് ബസ്സിൽ ഇരിക്കാനും നിൽക്കാനും പോയിട്ട് ശ്വാസം വിടാൻ പോലും ഇടമില്ല.
നീണ്ട രണ്ടു മണിക്കൂർ യാത്ര. ആലോചിക്കാൻ പലതും. വൈക്കത്തമ്പലം എങ്ങനെയിരിക്കും? മമ്മിമുതലാളി അവിടെയുണ്ടായിരിക്കുമോ? ഞങ്ങളിൽ ഏറ്റവും ഇളയവൾ ബീനയ്ക്ക് ഓറഞ്ചു വാങ്ങണം. അമ്മയ്ക്കൊരു കൽച്ചട്ടി. മുത്തശ്ശിക്കൊരു വിശറി. ഇത്രയും എന്തായാലും വാങ്ങണം. മിച്ചമുള്ളത് തിരിച്ചു കൊണ്ടുപോരണം. കാണിക്കിടാനുള്ള തുട്ട് അച്ഛൻ തരുമായിരിക്കും.
"ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ആൾ ഞാനാണ്" എന്ന ചിന്തയോടെയാണ് ഞാൻ അമ്പലത്തിൽ എത്തിച്ചേർന്നത്.
സമയം എട്ടുമണി. രാത്രിയായതിനാൽ അമ്പലവും പരിസരവും കാണാൻ പറ്റുന്നില്ല. തൊഴീലെന്ന ചടങ്ങു നടന്നു.
അമ്പലം നാളെ രാവിലെ കാണാമല്ലോ.
ചെല്ലുമ്പോൾ വൈക്കം വാസുദേവൻ നായരുടെ പാട്ടുകച്ചേരി പൊടിപൊടിക്കുന്നുണ്ട്. പൈസ തൂവാലയിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
അച്ഛന്റെ തോർത്ത് വിരിച്ച് രണ്ടുപേരുമിരുന്നതുമാത്രം ഓർമ്മയുണ്ട്; പിറ്റേന്ന് രാവിലെ അച്ഛൻ വിളിച്ചുണർത്തിയതും.
"വേഗം എണീക്ക്, ഫസ്റ്റ് ബസ്സിനു പോകണം."
നേരേ എന്നേംകൊണ്ട് വച്ചുവാണിഭക്കാരുടെയടുത്തേയ്ക്ക് പോയി. എനിക്കദ്ഭുതം തോന്നി!
എന്തായിരിക്കും എനിക്ക് വാങ്ങിത്തരിക?
എന്തായാലും വളയായിരിക്കയില്ല. വളയിടീക്കുകയില്ല. അതു മറ്റൊരു കഥ!

എന്നെയും കൊണ്ട് നേരേ പോയത് പുരാണപുസ്തകങ്ങൾ വിൽക്കുന്ന സ്ഥലത്തേയ്ക്കാണ്. രാമായണം, ഭാരതം, ഭാഗവതം ഒക്കെ നിരന്നിരിക്കുന്നു.
അതിൽനിന്ന് അച്ഛൻ ഒരു ഭാഗവതം വലിച്ചെടുത്തു, വില ചോദിച്ചു. പിന്നെ നടന്നത് വിലപേശലാണ്.
കച്ചവടക്കാരന് ശുണ്ഠിവന്നു. "വേണെങ്കി മേടിച്ചാ മതി കാരണോരേ."
ഞാനീ സമയത്ത് എന്റെ കടകളൊക്കെ നോക്കിവൈക്കാനായി തിരിഞ്ഞു. അപ്പോഴാണ് അച്ഛന്റെ വിളി: "മക്കളേ ഇതിലെ അച്ചടിയൊക്കെ നോക്ക്. അക്ഷരത്തെറ്റ് വല്ലതുമുണ്ടോ എന്ന്".
ഞാൻ വഴിപാടുപോലെ ഒന്നു മറിച്ചുനോക്കി. എന്റെ ചിന്ത അപ്പൊഴും മറ്റെങ്ങോ ആണ്.
"ഒക്കെ പസ്റ്റല്ലേ? എന്നാ ഇതൊറപ്പിക്കാം അല്ലേ? ചക്രം ഒള്ളതിങ്ങെടുത്തോ." എന്നൊരു പറച്ചിൽ.
എന്റെ സപ്തനാഡികളും തളർന്നു. എന്റെ തലയാണോ വൈക്കത്തമ്പലമാണോ കറങ്ങുന്നത്? ഇന്നലെ പഴുതാര കടിച്ചതിനുപകരം മറ്റവനാകാതിരുന്നതിൽ എനിക്ക് വൈക്കത്തപ്പനോട് നീരസം തോന്നി.

ഉറക്കച്ചടവിനിടയിൽ പുസ്തകം ചുമടും!
വീട്ടിലെത്തിയപ്പോൾ അച്ഛന്റെ കമന്റ്, "കൈയ്യിലിരിക്കണ കാശും കൊടുത്ത് വൈക്കത്തുപോയി സുഖമായിട്ട് ഒറങ്ങീട്ടു വന്നിരിക്കുവാ. ദേ ഒരു ഭാഗവതം മേടിച്ചിട്ടൊണ്ട്. തീവെലയാ. എന്നാലും കുടുംബത്തൊരെണ്ണം വേണ്ടതാ."
അച്ഛന്റെ വർത്തമാനം കേട്ടാൽ അച്ഛൻ കാശുകൊടുത്തു മേടിച്ചതാണെന്നു തോന്നും. എന്റെ കാശുകൊടുത്ത കാര്യമേ അച്ഛൻ പറയുന്നില്ല.
ഇതുകൊണ്ടും എന്റെ ഗ്രഹപ്പിഴ തീർന്നില്ല! ആരംഭിച്ചിട്ടേയുള്ളൂ...
ദിവസവും രാത്രി ഭാഗവതപാരായണ പരിശീലനം. മക്കളെക്കൊണ്ട് മാറിമാറി വായിപ്പിക്കും. എനിക്കാണെങ്കിൽ അതൊന്നുറക്കെ വായിക്കാൻ ഇപ്പോൾപോലും  ആത്മവിശ്വാസമില്ല. പിന്നെ അന്നത്തെക്കാര്യം പറയാനുണ്ടോ?
വായനക്കിടയിൽ തെറ്റുതിരുത്തൽ, കളിയാക്കൽ, പൊട്ടിച്ചിരി എന്നുവേണ്ട...!
'മക്കളു പഠിച്ചോട്ടെ' എന്നുവിചാരിച്ചു മേടിച്ചതാണെന്നാണച്ഛന്റെ ഭാവം... എന്നാൽ എന്റെ തോന്നലോ? 'കൈയ്യിലിരുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെയാണല്ലോ വൈക്കത്തപ്പാ മേടിച്ചത്!"

വൈക്കത്തപ്പൻ ചെവിയിൽ മന്ത്രിക്കുന്നതായി തോന്നും,
"അച്ഛനെ അമ്മ പറ്റിച്ചു, നിന്നെ ഞാനും പറ്റിച്ചു."



എഴുതിയത്   കമലമ്മ
അദ്ധ്യാപികയായിരുന്നു, പ്രൈമറി സ്ക്കൂൾ പ്രഥമാദ്ധ്യാപികയായി വിരമിച്ചു
സ്വദേശം ആലുവ, ജന്മദേശം മുത്തലപുരം.
ഇപ്പോൾ ചെന്നൈയിൽ താമസം

September 12, 2012

പരേതനായ ഞാൻ



എഴുന്നേറ്റ് എങ്ങോട്ടെങ്കിലും ഓടി രക്ഷപെടണമെന്നുതോന്നി.
"അരുതേ" എന്നുറക്കെ വിളിച്ചുകൂവുകയോ ശക്തിയായി പ്രതിഷേധിക്കുകയോ ചെയ്യണമെന്നും തോന്നി.
പക്ഷെ ഒന്നിനും കഴിവില്ലല്ലോ! ഞാൻ ഒരു ശവമാണല്ലോ! മരിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞ വെറുമൊരു ശവം.

എന്റെ ശവം കുളിപ്പിക്കയോ പൗഡറിടീക്കുകയോ പാന്റിടീക്കയോ വേണ്ട.
കഴിയുമെങ്കിൽ കണ്ണുകൾ ദാനം ചെയ്യണം.
മരണശേഷം 24 മണിക്കൂറിനകം വെളുത്ത തുണിയിൽ പൊതിഞ്ഞ് ചാണകവറളിയിൽ ദഹിപ്പിക്കണം. ഒരുവിധത്തിലുമുള്ള മരണാനന്തരകർമ്മങ്ങൾ ചെയ്യരുത്. എനിക്കുവേണ്ടി പ്രാർത്ഥിക്കരുത്. സഞ്ചയനമോ പിണ്ടം അടിയന്തിരമോ വേണ്ടേ വേണ്ട.
എന്റെ ആഗ്രഹങ്ങൾ പലതവണ വീട്ടിൽ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്.

"പൂവും ചന്ദനവും കൂട്ടി ഒരു നീരുകൊടുത്ത്, പരേതാത്മാവിനുവേണ്ടി പ്രാർത്ഥിച്ച് കിണ്ടി മൂന്നുതവണ പൊക്കിത്താഴ്ത്തി..." കർമ്മിയുടെ വായിൽനിന്നും വിലകുറഞ്ഞ മദ്യത്തിന്റെയും പാൻപരാഗിന്റെയും സമ്മിശ്രഗന്ധം സാമ്പ്രാണിയുടെ പുകയെ തോൽപ്പിച്ച് അവിടെയാകെ നിറഞ്ഞു പരക്കുന്നു.
"മാറിപ്പോടോ അവിടുന്ന്" എന്നലറിവിളിക്കാൻ തോന്നി.

"അവനതൊക്കെ പറയും, നമ്മൾ ചെയ്യേണ്ടതു നമ്മൾ ചെയ്യണം. അല്ലെങ്കിൽ പരേതാത്മാവ് വിട്ടുപോകാതെ ഇവിടൊക്കെ ചുറ്റിനടക്കും. ആർക്കും സ്വൈരം കിട്ടുകേല, അതുകൊണ്ട് ഒന്നും മുടക്കണ്ട. കർമ്മങ്ങളൊക്കെ നടക്കട്ടെ."
മുതിർന്ന കുടുംബാംഗം തീർപ്പു കൽപ്പിച്ചാൽ അതിനൊരു മാറ്റവുമില്ല.
ചിരിക്കാൻ തോന്നി. പക്ഷെ ഒരു ശവത്തിന് ചിരിക്കാനോ കരയാനോ കഴിയില്ലല്ലോ!

കർമ്മങ്ങൾ ഏറെക്കുറേ അവസാനിച്ചു. ശവം ചിതയിലേക്കെടുത്തുവച്ചു.
ഹാവൂ! ഇനി തീനാളങ്ങളുടെ തലോടലിൽ സായൂജ്യമടയാമല്ലോ!
പെട്ടെന്ന് മുഖം പൊതിഞ്ഞിരുന്ന തുണി കീറി, അതിലൂടെ കുറേ അരിയും പൂവും മറ്റും വായിലേക്ക്. വായ്ക്കരി.
"ഫൂ!" എന്നലറിത്തുപ്പാനാഞ്ഞു. പക്ഷെ കഴിയുന്നില്ലല്ലോ!
ഓ! ഞാനൊരു ശവമാണല്ലോ!
വെറുമൊരു ശവത്തിന് നിസ്സഹായനായി ശവം പോലെ കിടക്കാനല്ലേ കഴിയൂ...




എഴുതിയത്   ശശികുമാർ(കൊച്ചേട്ടനും കൂട്ടരും ലെ കൊച്ചേട്ടന്‍!)
സ്വദേശം    മുത്തലപുരം
കെ എസ് ആർ ടി സി യിൽ നിന്നും കണ്ടക്ടറായി വിരമിച്ചു.
വീഡിയോഗ്രാഫർ, പൊതുപ്രവർത്തകൻ

September 5, 2012

ധ്യാനകേന്ദ്രം

ഞങ്ങൾ അന്ന് മുത്തലപുരത്താണ് താമസം.
അനുജൻ- ഹരി SSLC പരീക്ഷ എഴുതാൻ തയാറെടുക്കുന്ന കാലം.
അവന്റെ സ്കൂൾ പാലക്കുഴയാണ്- പേരമ്മയുടെയും വല്യച്ഛന്റെയും വീടിനടുത്ത്. ദിവസവും മുത്തലപുരം-പാലക്കുഴ-മുത്തലപുരം ട്രിപ്പ് നടത്തിയാണ് പഠനം. പരീക്ഷാദിവസങ്ങൾ അടുത്തപ്പോൾ ബസ്സ് യാത്ര ഒഴിവാക്കി അവൻ പാലക്കുഴയിൽ താമസമാക്കി. അങ്ങനെ പഠനം പൂർണ്ണമായും വല്യച്ഛന്റെയും പേരമ്മയുടെയും മേൽനോട്ടത്തിലായി.

ഹരിയുടെ ചില ദുഃശീലങ്ങളിൽ ഒന്ന്: രണ്ടിനുപോയാൽ കുറഞ്ഞത് അര മണിക്കൂറെങ്കിലും അതിനകത്ത് ചിലവഴിക്കും എന്നതാണ്. മാത്രമല്ല, പുറത്ത് എന്തെല്ലാം സംഭവിച്ചാലും 'കമാ'ന്നൊരക്ഷരം മിണ്ടില്ല.
ഒന്ന് മൂളുകപോലുമില്ല! അത്രയ്ക്ക് ഏകാഗ്രതയാണ്.
പേരമ്മയ്ക്ക് ഇക്കാര്യം അറിയില്ലായിരുന്നു എന്നുവേണം കരുതാൻ.
അങ്ങനെ പരീക്ഷയുടെ ആദ്യദിവസം വന്നെത്തി. മലയാളം പരീക്ഷയാണ്.
നമ്മുടെ കഥാനായകൻ രാവിലെ ഉണർന്ന് തന്റെ സ്ഥിരം ധ്യാനകേന്ദ്രത്തിലേക്ക് പ്രവേശിച്ചു. പതിവുപോലെ സമയം കുറച്ച് കടന്നുപോയി.
"ഹരി പോയിട്ട് കുറേ നേരമായല്ലോ! ഒന്നു വിളിച്ചുനോക്കാം" പേരമ്മ വിചാരിച്ചു.
വിളിച്ചു, വിളികേട്ടില്ല.
വീണ്ടും വിളിച്ചു, നോ മറുപടി!
ഉറക്കെ വിളിച്ചു,
വീടിനു പുറത്തിറങ്ങി കക്കൂസിനടുത്തേക്ക് ചെന്നു. വാതിൽക്കൽ നിൽപ്പായി.
വിളി തുടർന്നു, "ഹരീ, മോനേ... ഹരിക്കുട്ടാ, പുറത്തുവാടാ..."
പേരമ്മയുടെ മനസ്സിൽ അശുഭചിന്തകൾ വന്നുതുടങ്ങി. ഇനി പരീക്ഷപ്പേടി ബാധിച്ചതാണോ? കൊച്ച് പേടിച്ചിരിക്കുവാണോ?
ഒരു സമാധാനവുമില്ല, വിളിയോടുവിളി.
അകത്തുനിന്നും ഒരനക്കം പോലുമില്ല. ഇനിയെന്തുചെയ്യും!
"ഹരീ... സമയം പോയി, ഇറങ്ങിവാടാ മോനേ..."
ഇല്ല. ഈശ്വരാ. ചേട്ടനെ വിളിച്ചുകൊണ്ടുവരാം.
പേരമ്മ വർദ്ധിച്ച നെഞ്ചിടിപ്പോടെ ഈവകയെല്ലാം ചിന്തിച്ച് പരവശയായി നിൽക്കുമ്പോൾ...
അതാ... നടതുറന്നു.
ഹരി പ്രത്യക്ഷനായി!
തന്റെ പതിവ് ധ്യാനത്തിന്റെ ഏകാഗ്രത നഷ്ടമാക്കിയതിലുള്ള ദേഷ്യത്തോടെ അവൻ വാതിൽ തുറന്നിറങ്ങിവന്നു, എന്നിട്ടൊരുചോദ്യം,
"പേരമ്മയ്ക്ക് പോകണമെങ്കിൽ ഇവിടെ വേറേ കക്കൂസില്ലായിരുന്നോ?"

ഇതിന് പേരമ്മ പറഞ്ഞ മറുപടി ഇതുവരെ രണ്ടാളും പുറത്തുവിട്ടിട്ടില്ല!


എഴുതിയത്   മീര
സ്വദേശം ആലുവ
ചെന്നൈയിൽ പേറ്റന്റ് അറ്റോണിയായി ജോലി നോക്കുന്നു