July 17, 2013

പൈതൃകം


ഉണക്കലരിയുടെ ആവിപറക്കുന്ന ചിരട്ടപ്പുട്ടും വറുത്തരച്ചു വച്ച കടലക്കറിയും മുമ്പിൽ സ്റ്റീൽ പ്ലെയ്റ്റിൽ. അയാൾ രാവിലത്തെ ആഹാരത്തിലേയ്ക്ക് പ്രവേശിച്ചു. ഭാര്യ അടുക്കളയിൽ ചായകൂട്ടുകയായിരുന്നു. പലഹാരം പുട്ടാണെങ്കിൽ കോമ്പിനേഷൻ നെയ്യും പപ്പടവുമോ, ച്ട്ട്ണിയോ, പയറോ, എന്തിന് ചക്കരവരട്ടിയതാണെങ്കിൽപ്പോലും അയാൾക്കേറെ ഇഷ്ടമായിരുന്നു.
ചായഗ്ലാസ് ഭാര്യ മുന്നിലേയ്ക്ക് വച്ചപ്പോഴേയ്ക്കും അയാൾക്കാചോദ്യം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "അല്ലാ, ഉച്ചയൂണിനെന്താ കൂട്ടാൻ?"
പതിവില്ലാത്ത ഒരുത്തരമാണ് കിട്ടിയത്. "ഞാൻ ഉച്ചവരെ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തെങ്കിലും ഉണ്ടാക്കിത്തരാം."
അയാൾക്ക് സ്വയം വെറുപ്പുതോന്നി. ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തനേരത്തെ ഭക്ഷണത്തെക്കുറിച്ച് ചോദിക്കരുതെന്ന് എന്നും വിചാരിക്കും. തന്റെ ഇഷ്ടമറിഞ്ഞ് എന്തും ഉണ്ടാക്കിത്തരുന്ന ഭാര്യ. മുരിങ്ങയിലത്തോരൻ, മൊളഗോഷ്യം, പിണ്ടിത്തോരൻ, പുളിങ്കറി, വാഴച്ചുണ്ട്, ചേനത്തണ്ട്, താള് ഇവകളുടെ തോരൻ; എന്നുവേണ്ട സകലതിനും അവളുടെ കൈ തൊട്ടാൽ സ്വാദൊന്നു വേറെയാണ്. മത്സ്യമാംസാദികളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട.

അതു തന്നെയായിരുന്നു അയാളുടെ പ്രശ്നവും. ഇവയിൽനിന്ന് ഇന്നത്തെ ഊണിന് എന്തായിരിക്കുമെന്ന ആകാംക്ഷ ഉള്ളിലൊതുക്കാൻ കഴിയുമായിരുന്നില്ല.

നാട്ടിലെ വീട് വാടകയ്ക്ക് കൊടുത്ത് മറുനാട്ടിൽ മകനോടും മകളോടും ഒത്തു കഴിയാൻ അയാളും ഭാര്യയും തീരുമാനിച്ചു. മകനും ഭാര്യയും വല്ലാതെ നിർബ്ബന്ധിക്കുമ്പോൾ കേട്ടല്ലേ പറ്റൂ!
അങ്ങനെ മക്കളോടൊപ്പം ജീവിതം ആരംഭിച്ചു. ഭാര്യയോടും മക്കളോടുമൊപ്പം ഭക്ഷണം കഴിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പാചകം മരുമകളുടേതാണെങ്കിലും കൈപ്പുണ്യം ഒട്ടും മോശമില്ലെന്ന് അയാൾ വിചാരിച്ചു.

ചൂടുദോശയും ചട്ട്ണിയും സാമാന്യം നന്നായി ചെലുത്തി. ചായമോന്തിക്കൊണ്ട് കസേരയിൽനിന്ന് എഴുന്നേറ്റപ്പോഴേക്കും പതിവുചോദ്യം തികട്ടിവന്നു. വളരെ പാടുപെട്ടയാൾ അതു നിയന്ത്രിച്ചു. എന്നിട്ടും ചോദ്യം വളരെ വ്യക്തമായി ഉയർന്നുകേട്ടു:
"എടീ ഉച്ചയ്ക്കെന്താടീ കൂട്ടാൻ?"

അയാൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
തന്റെ ചോദ്യം മകനിലൂടെ പുറത്തുവന്നിരിക്കുന്നു.
 അയാൾ ഭാര്യയെ നോക്കി. "നിങ്ങളുടെയല്ലേ മോൻ!" എന്നു പറഞ്ഞുകൊണ്ട് അവൾ ഉള്ളാലെ ചിരിക്കുന്നത് അയാൾ കണ്ടു.




...എഴുതിയത്
വേണു കുന്നത്ത്
സ്വദേശം ആലുവ
കെ എസ് ആർ ടി സി യിൽ നിന്നും വിരമിച്ചു

July 7, 2013

കത പറയുമ്പോൾ


"അമ്മേ ഒരു കത പറയ്"
"ഏതു കതയാ രവിയേ?"
"ലുട്ടാപ്പീന്റെ കത, കൊമളയൂതുന്നേ."
"ഒരു ദിവസം ലുട്ടാപ്പി കുന്തത്തില് പോയപ്പളില്ലേ... എന്താ പറ്റീത്?"
"അറീത്തില്ല"
"കൊറേ ചേട്ടന്മാര് കളിക്കുന്നു. അപ്പോ ലുട്ടാപ്പി എന്താ ചെയ്തേ?"
"അറീത്തില്ല. അമ്മ ടോമിന്റെ കത പറയ്"
"ടോമും ജെറിയും വഴക്കിട്ടു. എന്നിട്ട് ടോം ജെറിയെ ഓടിച്ചു. അപ്പോ എന്താണ്ടായേ?"
"ടോം പൊർഗില് ഓടി, ജെറി പൊർഗില് ഓടി"
"അപ്പോ എന്താണ്ടായേ"
"അറീത്തില്ല. അമ്മ സിമ്പത്തിന്റെ കത പറയ്."
"അമ്മ മടുത്തു കണ്ണാ. ഇനി നീ പറയ്."
"ഒരു ദിവസില്ലേ ... ഗോമായുക്കുറുക്കൻ കാട്ടിൽനിന്നും നാട്ടിലെത്തി. നാട്ടിലെ പട്ടികളുണ്ടോ വിടുന്നു. ഒരു ആടിന്റെ പേരാണ് കുട്ടൻ, മറ്റേ ആടിന്റെ പേരാണ് മുട്ടൻ... ജംബുകൻ പറഞ്ഞു: കുട്ടാ നീ മുട്ടന്റെ പോരിനുവിളിക്കണം. അപ്പോളില്ലേ ടോമും ജെറിയുമില്ലേ ഒറ്റ ഓട്ടം. എന്നിട്ടില്ലേ പഷ്കിനില്ലേ കുഞ്ഞു ബൂബൂയ്ക്കില്ലേ എക്കിൾ വന്നു. ടോം പൊർഗിൽ ഓടി.. ബാബാ പൊർഗിൽ ഓടി. അപ്പോൾ..."
ചാനൽ മാറ്റിയപ്പോൾ ഭാഗ്യത്തിന് അതാ കുഞ്ഞയ്യപ്പൻ.
"അമ്മേ അത് മതി. ഞാൻ കാണട്ടെ."
കത പറച്ചിലിന് ഒരു ചെറിയ ഇടവേള, ഭാഗ്യം! ഒരു കതയും മുഴുവൻ പഠിക്കേണ്ട!





എഴുതിയത്
രാജലക്ഷ്മി
സ്വദേശം ചേർത്തല
അദ്ധ്യാപിക

July 5, 2013

പനിബാധ


നാട്ടിലാകെ പനി. പനി വരാത്ത വീടില്ല. ആദ്യത്തെ രണ്ടുദിവസം കൊണ്ടുപിടിച്ച പനി. പിന്നെ കാലിലും കൈയ്യിലും നീര്. ചിലർക്ക് സന്ധികൾ തോറും വേദന. ഫോണെടുക്കാനോ  തലചൊറിയാനോ പോലും പറ്റാത്ത അവസ്ഥ. ചിലർക്കാകട്ടെ ശരീരമാസകലം ചൊറിച്ചിൽ. തൊണ്ടയ്ക്കുവേദനക്കാരും തലവേദനക്കാരും വേറെ. രണ്ടുപേർ തമ്മിൽക്കണ്ടാൽ കുശലം പറയുന്നത് പനിപരമായ കാര്യങ്ങളായിരിക്കും.

നഷ്ടത്തിലോടിയിരുന്ന പല ആശുപത്രികളും പുതിയ വാർഡുകളും ബ്ലോക്കുകളും പണിതു, എന്നിട്ടും സ്ഥലം തികയാതെ കല്യാണവീട്ടിലെപ്പോലെ മുറ്റത്തു പന്തലിട്ടു കസേര നിരത്തി, രാവിലെ പത്തുമണിയോടെ ഹൗസ്ഫുൾ ബോർഡ് വച്ച് ഗേറ്റടയ്ക്കുന്നു.

ഞാൻ വീട്ടിലേയ്ക്ക് വരുവാൻ സ്റ്റാൻഡിൽ ബസ്സു കാത്തുനിൽക്കുകയായിരുന്നു. രാവിലെ തുടങ്ങിയ മഴ തോരാതെ പെയ്തുകൊണ്ടിരിക്കുന്നു. സ്റ്റാൻഡിലും ബസ്സിലുമൊക്കെ പനിബാധിതർ. അവശത നിഴലിക്കുന്ന മുഖങ്ങൾ മാത്രം. പരസ്പരസഹായത്തോടെയാണ് മിക്ക രോഗികളും നടക്കുന്നത്.

സ്റ്റാൻഡിൽ അപ്പോൾ വന്നുനിന്ന ബസ്സിൽ നിന്നിറങ്ങിയവരിൽ ഒരു സ്ത്രീ മുടന്തി മുടന്തി നടന്നുവരുന്നു. ഒരു കൈയ്യിൽ കുട, മറ്റേ കൈയ്യിലൊരു കൂട്. മരുന്നുകുപ്പികളും
റേഷൻകാർഡുമൊക്കെയായിരിക്കുമെന്ന് ഞാനൂഹിച്ചു. തലയിൽക്കൂടെ സാരി വലിച്ചിട്ടിരുന്നതിനാൽ ആദ്യം എനിക്കാളെ മനസ്സിലായില്ല. ചളിവെള്ളത്തിൽക്കൂടി വലത്തുകാൽ വലിച്ചു വലിച്ചു നടന്നു വരുന്നു. പാവം! സഹായത്തിനാളില്ലാത്തതുകൊണ്ട് ഒറ്റയ്ക്കിറങ്ങിപ്പുറപ്പെട്ടതാവും.

അടുത്തെത്തിയപ്പോൾ ആളെ തിരിച്ചറിഞ്ഞു. അയൽവക്കത്തുള്ള നല്ല മനുഷ്യപ്പറ്റുള്ള ഒരു സ്ത്രീയാണ്. കണ്ടില്ലെന്നു നടിച്ചു നിൽക്കാൻ തോന്നിയില്ല. കണ്ണിൽപ്പെട്ടാൽ വല്ലതും കൊടുക്കേണ്ടിവരും. എന്നാലും അടുത്തേയ്ക്കുചെന്ന് സഹതാപാർദ്രമായി ചോദിച്ചു. "എന്തുപറ്റി ചേടത്തീ? പനിപിടിച്ചു അല്ലേ? കാലിൽ നീരും വേദനയുമൊക്കെയുണ്ടെന്നു തോന്നുന്നല്ലോ! കഷ്ടമായി"

ചേടത്തി ഒന്നും പറഞ്ഞില്ല. എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് കുടയും കൂടും എന്റെ കൈയ്യിൽത്തന്നു. എന്നിട്ട് വലതുകാലിലെ വള്ളിപൊട്ടിയ ചെരുപ്പ് കൈയ്യിലെടുത്ത് ശരിയാക്കാൻ പറ്റുമോ എന്നുനോക്കി.

ഞാൻ ചമ്മലൊതുക്കാൻ പാടുപെടുമ്പോഴേയ്ക്കും ഭാഗ്യത്തിന് എന്റെ ബസ്സു വന്നു. കൂടും കുടയും അവിടെയിട്ടിട്ട് ഞാൻ ഓടിരക്ഷപെട്ടു.





എഴുതിയത്
ശശികുമാർ(കൊച്ചേട്ടനും കൂട്ടരും- ലെ 'കൊച്ചേട്ടൻ')
സ്വദേശം മുത്തോലപുരം
കെ എസ് ആർ ടി സി യിൽനിന്നും വിരമിച്ചു
വീഡിയോഗ്രാഫർ, പൊതുപ്രവർത്തകൻ

July 3, 2013

ലിസി പറയും


കവല ശാന്തം. വൈകീട്ട് ഏതാണ്ട് നാലുമണിയായിക്കാണും, കുറേയേറെ ലഗേജുമായി നല്ല വേഗതയിൽ ഒരു കാറുവരുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. ലിസിയുടെ വീടിനുമുമ്പിൽ കാർ നിന്നു. നമ്മുടെ പൗലോസ് അതിൽനിന്നും പുറത്തേയ്ക്കിറങ്ങി.
കൊല്ലത്തിലൊരിക്കൽ പൗലോസ് നാട്ടിലേയ്ക്കുവരിക പതിവാണ്.

പതിവുപോലെ കവലയി കൂട്ടുകാരുമായി അടിച്ചുപൊളിച്ച് ദിവസങ്ങൾ കടന്നുപോയി. ഏതാണ്ട് ഒരാഴ്ച്ച കഴിഞ്ഞുകാണും.
അതിനുശേഷമുള്ള മാറ്റം അദ്ഭുതാവഹമായിരുന്നു.
രാവിലെ ഇറങ്ങിയാൽ രാത്രി ഒരു നേരമാകുമ്പോൾ തിരിച്ചെത്തുന്ന നമ്മുടെ കഥാനായകൻ ഇപ്പോൾ എപ്പോഴും വീട്ടിൽത്തന്നെ. പുറത്തേയ്ക്കു കാണാനേയില്ല.

ലിസിക്കാണങ്കിൽ എന്തെന്നില്ലാത്ത സന്തോഷം. ഇപ്പോൾ പുള്ളിക്കാരൻ ലിസിയുടെ അടുത്തുതന്നെയാണെപ്പോഴും.
ഇത്രയും അടുപ്പം കഴിഞ്ഞ പതിനാറു കൊല്ലമായിട്ടുമുണ്ടായിട്ടില്ല.
അഞ്ചുമിനിറ്റ് തികച്ച് കാണാൻ കിട്ടാത്ത പൗലോസുചേട്ടൻ ഇപ്പോൾ ഫുൾടൈം വീട്ടിൽത്തന്നെ. സ്നേഹം ദിവസംതോറും വർദ്ധിച്ചുവരുന്നു.
ഇപ്പോൾ ലിസിതന്നെ എല്ലാം.
കുളിപ്പിക്കണം, പുറത്ത് സോപ്പുതേച്ചുകൊടുക്കണം, പല്ലുതേപ്പിക്കണം, എന്തിന് ഒന്നു പുറത്തേക്കുപോകണമെങ്കിൽ പോലും ലിസി കൈയ്യിൽപ്പിടിച്ച് ഒപ്പമുണ്ടാവണം.

സന്തുഷ്ടമായ കുടുംബജീവിതത്തിൽ 'ചിക്കുൻഗുനിയ' യ്ക്കുള്ള പങ്ക് എത്രത്തോളമുണ്ടെന്നറിയണോ?
ലിസിയോടുചോദിച്ചാൽമതി.




എഴുതിയത്
ശ്യാംനാഥ്
എഞ്ജിനീയർ
സ്വദേശം മുത്തോലപുരം

June 28, 2013

ഒരു ഉറക്കു(ണർത്തു)പാട്ട്


പതിവുപോലെ ഞാൻ ഗായത്രിയെ കുളിപ്പിച്ച് കുറുക്കുകൊടുത്ത് ഉറക്കാൻ കിടത്തി. രാരിരോ മൂളാൻ തുടങ്ങി. അപ്പോൾ വാതിൽക്കൽ ചുവന്ന കണ്ണുമായി ഗംഗയെത്തി.
അവൾ പറഞ്ഞു, "അമ്മേ വേറെയൊന്നു പാടാമോ? എത്ര വർഷമായി ഇതുതന്നെ കേൾക്കുന്നു."

ഞാൻ കഷ്ടപ്പെട്ട് വേറേ രണ്ടു പാട്ടു പഠിച്ച് പാടാൻ തുടങ്ങി,
"ആറ്റുനോറ്റുണ്ടായൊരുണ്ണീ- അമ്മ
കാത്തുകാത്തുണ്ടായൊരുണ്ണി,
അമ്പാടിക്കണ്ണന്റെ മുന്നിൽ - അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം."
അവൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. "അമ്മ കള്ളം പറയല്ലേ. ഞാനാണ് അമ്പാറ്റീടെ മുന്നിൽ കുമ്പിട്ടു പ്രാർത്ഥിച്ചത്."
അതുശരിയാണ്. കുറേ നാൾ അവൾ 'അനിയത്തിയെ തരണേ' എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു.

ഞാൻ 'ഇന്നാ പിടിച്ചോ' എന്നു പറഞ്ഞ് അടുത്ത പാട്ടു പാടാൻ തുടങ്ങി.
എല്ലാ പാട്ടിന്റെയും നാലു വരിയേ അറിയൂ.

"കണ്ണും പൂട്ടിയുറങ്ങുക നീയെൻ
കണ്ണേ പുന്നാരപ്പൊന്നുമകളേ.
അമ്മയുമച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ"



വീണ്ടും ഗംഗ ചൂടായി, "നുണ തന്നെയാ പാടണത്. ചേച്ചിയും അമ്മയുമാ ചാരത്തിരിക്കുന്നത്."
"ഓ! എന്നാ നീ തന്നെ നിന്റെ അനിയത്തിയെ പാടിയുറക്കിക്കോ" എന്നുപറഞ്ഞ് ഞാൻ പാട്ടുനിറുത്തി.
അവൾ പാടാൻ തുടങ്ങി,
"എൻ‌കുഞ്ഞുറങ്ങിക്കൊൾ-
കെൻകുഞ്ഞുറങ്ങിക്കൊൾ-
കെൻകുഞ്ഞുറങ്ങിക്കൊൾകെന്റെ തങ്കം...
നാളെപ്പുലർകാലത്തുന്മേഷമിന്നത്തെ-
ക്കാളുമിണങ്ങിയുണർന്നെണീപ്പാൻ"

അതാ... നമ്മുടെ കഥാനായിക ഉണർന്നെണീക്കുന്നു...!
കാരണമുണ്ട് കേട്ടോ... അവളെ ഒന്നര മണിക്കൂർ പാടി ആട്ടിക്കഴിഞ്ഞാൽ അര മണിക്കൂർ ഉറങ്ങും.
ഇപ്പോൾ പാടിത്തുടങ്ങിയിട്ട് രണ്ടുമണിക്കൂർ കഴിഞ്ഞിരുന്നു.









എഴുതിയത്
രഞ്ജിനി
വീട്ടമ്മ
സ്വദേശം മുവാറ്റുപുഴ

June 10, 2013

കൺഫ്യൂസ്ഡ് രവിശങ്കർ


അമ്മ വിളിക്കും തങ്കൂന്ന്. ഇടയ്ക്ക് രവീ ന്നും...
അച്ഛൻ വായീത്തോന്നീതൊക്കെ വിളിക്കും: കണ്ണപ്പൻ, ഗൺ, തങ്കു, തങ്കമണി അങ്ങനെ എന്തും.
മുത്തച്ഛൻ മോനൂട്ടൻ എന്നാണ് വിളി.
വല്യമ്മച്ചി കുഞ്ഞീ എന്നും. പക്ഷെ നന്ദു, മാധവൻ, ഗായത്രി, മാളു തുടങ്ങിയവരെല്ലാം വല്യമ്മച്ചിക്ക് കുഞ്ഞി തന്നെ...
അതിൽ കുശുമ്പില്ലാതില്ല, എന്നാലും സാരമില്ല.
കുഞ്ഞുമുത്തച്ഛൻ ചെക്കാ എന്നാണു വിളിക്കുക.
കുഞ്ഞുമുത്തശ്ശി തങ്കം എന്നും,
അമ്മായി കണ്ണാ എന്നും.
മുത്തശ്ശിക്ക് ഞാൻ കിട്ടുണ്ണിയാണ്.
കുഞ്ഞച്ഛനുമാത്രം രവി.
എല്ലാരും പറയണു, എന്റെ പേർ രവിശങ്കർ എന്നാണത്രേ!
എന്തൊരു കൺഫ്യൂഷൻ!!!





എഴുതിയത്
രാജലക്ഷ്മി
സ്വദേശം ചേർത്തല
അദ്ധ്യാപിക

May 27, 2013

ഫ്യൂഷൻ ഇൻ കൺഫ്യൂഷൻ


കാലത്തിന്റെയാവും, അമ്മിണിക്കും കുഞ്ഞുണ്ണിക്കും വാക്‌പ്രയോഗങ്ങളിൽ ചില വികൽപങ്ങൾ.

രാജപ്പൻ ചേട്ടന്റെ പച്ചക്കറിക്കട മകൻ ഗോപൻ നടത്തിത്തുടങ്ങി.
അമ്മിണിക്കത് ഗോപപ്പൻ ചേട്ടന്റെ കടയായി!

9:50ന് സ്വാമി അയ്യപ്പന്റെ സ്ഥിരം പ്രേകഹകനായിരുന്നു കുഞ്ഞുണ്ണി.
സൂര്യ ടി വി ശ്രീഗുരുവായൂരപ്പൻ തുടങ്ങിയതോടെ ദാ വീണ്ടും കൺഫ്യൂഷൻ.
ശ്രീഗുരുവായൂരയ്യപ്പനാണ് അവനിപ്പോൾ കാണുന്നത്!

കുഞ്ഞുണ്ണിയുടെ അംഗൻവാടി അവസാനിക്കുന്നത് ജനഗണമനയിലാണത്രേ...
അവൻ പാടും, "ജനഗണനാഥാ, സിന്ദൂരവർണ്ണാ, കരുണാസാഗരാ..." !





എഴുതിയത്...
കൃഷ്ണപ്രിയ
മലയാളം അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പിള്ളി

May 20, 2013

ഗായത്രീടെ നല്ലോണം




അച്ഛൻ വന്നില്ല, പിച്ച നടത്തീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മിണി വന്നില്ല കുമ്മിയടിച്ചീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മായി വന്നില്ല, കമ്മലണിഞ്ഞീല
പിന്നെന്തേ മാവേലി, ഓണം വന്നു?
വല്ല്യച്ഛൻ വന്നില്ല മുല്ലപ്പൂ കിട്ടീല
പിന്നെന്തേ മാവേലി, ഓണം വന്നു?
ഇച്ചേച്ചി വന്നില്ല പിച്ചിപ്പൂ കോർത്തീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അപ്പച്ചി വന്നില്ല ഉപ്പേരി തന്നീല
പിന്നെന്തേ മാവേലി, ഓണം വന്നു?
നല്ലോണമായാലുമെല്ലാരും വന്നാലും
എന്റച്ഛൻ വന്നാലേ ഓണമുള്ളു.




എഴുതിയത്..
വസുമതി
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പള്ളി

May 19, 2013

പരമരഹസ്യം

മുപ്പത്തഞ്ച് കൊല്ലത്തെ സർക്കാർ സേവനത്തിന്റെ സായാഃനത്തിൽ ഓർക്കാപ്പുറത്ത് വീണുകിട്ടിയ വിദേശയാത്രയ്ക്കിടയിലാണ് സംഭവം.
രാത്രി ഒന്നരയ്ക്ക് ദില്ലിയിൽനിന്നും വിമാനത്തിൽക്കയറി. എട്ടുപത്തു മണിക്കൂർ യാത്രയ്ക്കുശേഷംവെളുപ്പിന് ആറുമണിക്ക് പാരീസിൽ.
ഇറങ്ങിയിടത്തുനിന്നും ഒരു ബസ്സിൽ ക്യാനഡയിലേയ്ക്ക് യാത്ര ചെയ്യേണ്ടവർക്കുള്ള ടെർമിനലിൽ കൊണ്ടെത്തിച്ചു ഒരു സർദാർജി.
"കാലത്തെഴുന്നേൽക്കുന്നതുതന്നെ കക്കൂസിൽ പോകാനാണ്" എന്നത് നൈഷ്ഠികവ്രതം. ലഗേജ് കൂട്ടുകാരെ ഏൽപ്പിച്ച് പറ്റിയ ഇടം തിരഞ്ഞുപോയി. തുറന്നുകിടന്ന വാതിലിലൂടെ ക്ലോസറ്റുകണ്ട് ചാടിക്കയറി കാര്യം സാധിച്ചു.

വിജയഭാവത്തിൽ പുറത്തുവന്നപ്പോളാണ് ചെറിയൊരു ബോർഡ് കണ്ടത്.
അതിൽ എഴുതിയത് മനസ്സിലായില്ല. ഭാഷ ഫ്രെഞ്ചായിരിക്കണം.
എന്നാൽ അതിലുള്ള ചിത്രം വ്യക്തം.
അപ്പോൾ പുറപ്പെട്ട വിയർപ്പിന്റെ അളവ് കുറച്ചുമുമ്പുപോയ മൂത്രത്തെക്കാൾ ഒട്ടും കുറവല്ല, കണിശം!


എഴുതിയത്
ബാലേന്ദു
ബി എസ് എന്‍ എല്ലില്‍ നിന്നും വിരമിച്ചു
ബാലസാഹിത്യകാരന്‍, പുരാണവിവര്‍ത്തകന്‍, കവി, പ്രഭാഷകന്‍
സ്വദേശം മുത്തോലപുരം, ബെംഗളൂരുവില്‍ താമസം