September 16, 2012

ശ്രീമഹാഭാഗവതം പ്രഥമസ്കന്ധം


ഞാൻ വൈക്കത്തമ്പലത്തിൽ രണ്ടാമത്തെ പ്രാവശ്യം പോകുന്നത് ഇളയ അനുജൻ- മോഹനന്റെ കല്യാണത്തിനാണ്.
എന്നാൽ ആദ്യം പോയതോ? അവിടെയാണ് സംഭവത്തിന്റെ മർമ്മം.

പതിനൊന്ന് മക്കളിൽ ഞങ്ങൾ മൂത്തവർ അഞ്ചുപേർക്കും SSLC കഴിഞ്ഞ് TTCയ്ക്കു മുമ്പ് ഒരു വർഷം അജ്ഞാതവാസം നിർബ്ബന്ധമായിരുന്നു.
SSLC വരെ ഞാൻ വൈക്കത്തമ്പലത്തിൽ പോയിരുന്നില്ല.
അന്നൊക്കെ എന്റെ 'അന്തിമാഭിലാഷം' വൈക്കത്തമ്പലത്തിൽ പോവുക എന്നതായിരുന്നു. അതു സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷ ഉണ്ടായിരുന്നുമില്ല.
ഈ അജ്ഞാതവാസക്കാലത്തെ ഞങ്ങളുടെ ട്യൂഷൻ, വീട്ടുജോലികൾ തുടങ്ങി ഒരുപാടുകഥകൾ പറയുവാനുണ്ട്.
അതിനിടെ ചില അഡീഷണൽ പണികൾ ചെയ്ത് അമ്മയുടെ കൈയ്യിൽനിന്ന് പ്രതിഫലം വാങ്ങുന്ന പതിവ് എനിക്കുണ്ടായിരുന്നു.
അന്നും എനിക്ക് പണത്തിനോട് താത്പര്യമായിരുന്നു. അമ്മ തുണി പുഴുങ്ങിത്തരും. ഒരു പുഴുക്കുതുണി തോട്ടിൽ കൊണ്ടുപോയി അലക്കിക്കൊടുത്താൽ പത്ത് പൈസാ തരും. അങ്ങനെ ഒരു കൊല്ലക്കാലം കൊണ്ട് നല്ലൊരു തുക സമ്പാദിക്കാൻ സാധിച്ചു. തുക രണ്ടക്കസംഖ്യയിലെത്തി. ഇടയ്ക്കിടെ തുട്ടുകൾ മാറ്റി കാൽ രൂപയും അര രൂപയുമാക്കി വയ്ക്കാൻവേണ്ടി കുടുക്ക തുറന്ന് എണ്ണി നോക്കി അഭിമാനം കൊണ്ടിരുന്ന കാലം!

വൈക്കത്തമ്പലത്തിൽ ഉത്സവം തുടങ്ങി. അഷ്ടമിയുടെ തലേന്ന് സന്ധ്യക്ക് ഒരു ചാറ്റൽമഴ തൂകി.
കവലയിലെ അച്ഛന്റെ ചായക്കട വീട്ടിൽനിന്നും നോക്കിയാൽ കാണാവുന്ന ദൂരത്താണ്. 
ഞാൻ മുരിങ്ങച്ചുവട്ടിൽ നിൽക്കുകയായിരുന്നു.
കവലയിൽനിന്ന് റേഡിയോ കേൾക്കാൻവേണ്ടി മഴയത്ത് ഓടി ഇറയത്തു കയറിയ ഉടനെ ഇറയത്തുനിന്ന് കാലിൽ എന്തോ കടിച്ചു.
പെട്ടെന്നു വിളക്കെടുത്തു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. അതിഭയങ്കര വേദന.
ഇതിനുമുമ്പ് രണ്ടുതവണ പഴുതാര കടിച്ചിട്ടുണ്ട്. അനുഭവംകൊണ്ട് ഇതും പഴുതാരതന്നെയാണെന്ന് നിശ്ചയമുണ്ടെങ്കിലും ആരെയും അറിയിക്കാതിരിക്കാൻ ധൈര്യം പോരാ. വിവരം ഫ്ലാഷായി.
എന്നെ ചായക്കടയിൽ എത്തിച്ചു. അച്ഛന്റെയടുത്ത് വാണിയൻ മൂപ്പരുണ്ടായിരുന്നു. പുള്ളി പരിശോധിച്ചു.
കടിയേറ്റ ഭാഗം ചോദിച്ചറിഞ്ഞ് അവിടെ ഒരു ഓട്ടുഗ്ലാസ്സമർത്തി എന്റെ മുഖത്തേയ്ക്കു നോക്കി താഴെയിരുന്നു.
"വേഗം കൊണ്ടുപോകണം" എന്നു പറഞ്ഞു.
പിന്നെ ആഘോഷപൂർവ്വം പച്ചപ്പാലുമൊക്കെയായി, ഇമ്മാതിരി കേസുകൾക്ക് സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന 'എടിച്ചിലാത്ത്' എത്തിച്ചു. അന്ന് എടിച്ചിലാത്ത് വീട് മലമുകളിലായിരുന്നു. അന്നുരാത്രി അത്താഴവും ഉറക്കവും പാടില്ല. അവിടെ ചെല്ലുമ്പോൾ പത്രക്കാരൻ ചാക്കോ ചേട്ടനും ഇന്ത അവസ്ഥയിൽ അവിടുണ്ട്.
എന്റെ കാലിൽ കല്ലുപിടിപ്പിച്ചു. ചില മരുന്നുകൾ തന്നു. വൈദ്യന്റെ ഭാര്യയാണ് ചികിത്സിക്കുന്നത്.
കല്ലുതള്ളിത്താഴെയിട്ടു. ഉറക്കംതൂങ്ങി നേരംവെളുപ്പിച്ചു. കടിച്ചത് പാമ്പല്ലെന്നറിയാവുന്നതുകൊണ്ട് എനിക്കു പേടിയുണ്ടായിരുന്നില്ല.
പിറ്റേന്ന് ഉച്ചകഴിഞ്ഞു. എന്റെ തലയിൽ ജലധാരയെടുക്കാൻ കൊണ്ടുപോയി. അതുകഴിഞ്ഞാൽ വീട്ടിൽ വിടും.
ചാച്ചിയും(ഏറ്റവും മൂത്ത ചേച്ചി) അച്ഛനും കൊണ്ടുപോകാൻ വന്നു.
പോകുമ്പോൾ വൈദ്യനും ഞങ്ങളുടെ കൂടെ ഷാപ്പുംപടി വരെ അനുഗമിച്ചു!
കുട്ടപ്പൻ മൂപ്പരുടെ അടുത്തെത്തിയപ്പോൾ അച്ഛൻ വൈദ്യനോടു ചോദിച്ചു, "ആട്ടെ, സാധനം ഏതെനമാ?"
വൈദ്യൻ ആക്ഷൻ കൊണ്ടു പറഞ്ഞു, "മറ്റവൻ തന്നെ".
എന്നെ മരണത്തിൽനിന്നു രക്ഷിച്ചതിലെ വൈദ്യന്റെ അഭിമാനവും, മകൾ രക്ഷപെട്ടതിലെ അച്ഛന്റെ ആശ്വാസവും ഉറങ്ങിക്കൊണ്ടുനടക്കുന്ന എനിക്ക് കാണാൻ പറ്റില്ലല്ലോ!
വീട്ടിലെത്തിയാലുടൻ കിടക്കണമെന്നല്ലാതെ മറ്റൊരു മോഹവും അപ്പോഴില്ല. അന്നും സന്ധ്യവരെ ഉറങ്ങരുതെന്നാണ് വൈദ്യന്റെ കൽപ്പന.

സന്ധ്യയോടെ അച്ഛൻ പതിവിലും നേരത്തെ കുളിച്ച് ഭസ്മചന്ദനാദികൾ പൂശുന്നതു കണ്ടെങ്കിലും ഉറക്കച്ചടവുമൂലം കാരണമന്വേഷിച്ചില്ല.
"മക്കളു വൈക്കത്തിനു പോയിട്ടില്ലല്ലോ! വെക്കം യാത്രയായിക്കോ. കയ്യിലുള്ള ചക്രവും എടുത്തോ. വേഗം വേണം, വണ്ടി പള്ളിത്താഴത്തെത്തി"
സ്പ്രിങ് ആക്ഷൻ പോലെ ഞാൻ റെഡി.
ഈ യാത്രയ്ക്കായിരിക്കാം ഞാൻ മറ്റവന്റെ കടിയിൽനിന്ന് രക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെയായിരിക്കണം അച്ഛൻ എന്നെ തൊഴീക്കാൻ തീരുമാനിച്ചതും. അഷ്ടമിദിനമായതുകൊണ്ട് ബസ്സിൽ ഇരിക്കാനും നിൽക്കാനും പോയിട്ട് ശ്വാസം വിടാൻ പോലും ഇടമില്ല.
നീണ്ട രണ്ടു മണിക്കൂർ യാത്ര. ആലോചിക്കാൻ പലതും. വൈക്കത്തമ്പലം എങ്ങനെയിരിക്കും? മമ്മിമുതലാളി അവിടെയുണ്ടായിരിക്കുമോ? ഞങ്ങളിൽ ഏറ്റവും ഇളയവൾ ബീനയ്ക്ക് ഓറഞ്ചു വാങ്ങണം. അമ്മയ്ക്കൊരു കൽച്ചട്ടി. മുത്തശ്ശിക്കൊരു വിശറി. ഇത്രയും എന്തായാലും വാങ്ങണം. മിച്ചമുള്ളത് തിരിച്ചു കൊണ്ടുപോരണം. കാണിക്കിടാനുള്ള തുട്ട് അച്ഛൻ തരുമായിരിക്കും.
"ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ആൾ ഞാനാണ്" എന്ന ചിന്തയോടെയാണ് ഞാൻ അമ്പലത്തിൽ എത്തിച്ചേർന്നത്.
സമയം എട്ടുമണി. രാത്രിയായതിനാൽ അമ്പലവും പരിസരവും കാണാൻ പറ്റുന്നില്ല. തൊഴീലെന്ന ചടങ്ങു നടന്നു.
അമ്പലം നാളെ രാവിലെ കാണാമല്ലോ.
ചെല്ലുമ്പോൾ വൈക്കം വാസുദേവൻ നായരുടെ പാട്ടുകച്ചേരി പൊടിപൊടിക്കുന്നുണ്ട്. പൈസ തൂവാലയിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
അച്ഛന്റെ തോർത്ത് വിരിച്ച് രണ്ടുപേരുമിരുന്നതുമാത്രം ഓർമ്മയുണ്ട്; പിറ്റേന്ന് രാവിലെ അച്ഛൻ വിളിച്ചുണർത്തിയതും.
"വേഗം എണീക്ക്, ഫസ്റ്റ് ബസ്സിനു പോകണം."
നേരേ എന്നേംകൊണ്ട് വച്ചുവാണിഭക്കാരുടെയടുത്തേയ്ക്ക് പോയി. എനിക്കദ്ഭുതം തോന്നി!
എന്തായിരിക്കും എനിക്ക് വാങ്ങിത്തരിക?
എന്തായാലും വളയായിരിക്കയില്ല. വളയിടീക്കുകയില്ല. അതു മറ്റൊരു കഥ!

എന്നെയും കൊണ്ട് നേരേ പോയത് പുരാണപുസ്തകങ്ങൾ വിൽക്കുന്ന സ്ഥലത്തേയ്ക്കാണ്. രാമായണം, ഭാരതം, ഭാഗവതം ഒക്കെ നിരന്നിരിക്കുന്നു.
അതിൽനിന്ന് അച്ഛൻ ഒരു ഭാഗവതം വലിച്ചെടുത്തു, വില ചോദിച്ചു. പിന്നെ നടന്നത് വിലപേശലാണ്.
കച്ചവടക്കാരന് ശുണ്ഠിവന്നു. "വേണെങ്കി മേടിച്ചാ മതി കാരണോരേ."
ഞാനീ സമയത്ത് എന്റെ കടകളൊക്കെ നോക്കിവൈക്കാനായി തിരിഞ്ഞു. അപ്പോഴാണ് അച്ഛന്റെ വിളി: "മക്കളേ ഇതിലെ അച്ചടിയൊക്കെ നോക്ക്. അക്ഷരത്തെറ്റ് വല്ലതുമുണ്ടോ എന്ന്".
ഞാൻ വഴിപാടുപോലെ ഒന്നു മറിച്ചുനോക്കി. എന്റെ ചിന്ത അപ്പൊഴും മറ്റെങ്ങോ ആണ്.
"ഒക്കെ പസ്റ്റല്ലേ? എന്നാ ഇതൊറപ്പിക്കാം അല്ലേ? ചക്രം ഒള്ളതിങ്ങെടുത്തോ." എന്നൊരു പറച്ചിൽ.
എന്റെ സപ്തനാഡികളും തളർന്നു. എന്റെ തലയാണോ വൈക്കത്തമ്പലമാണോ കറങ്ങുന്നത്? ഇന്നലെ പഴുതാര കടിച്ചതിനുപകരം മറ്റവനാകാതിരുന്നതിൽ എനിക്ക് വൈക്കത്തപ്പനോട് നീരസം തോന്നി.

ഉറക്കച്ചടവിനിടയിൽ പുസ്തകം ചുമടും!
വീട്ടിലെത്തിയപ്പോൾ അച്ഛന്റെ കമന്റ്, "കൈയ്യിലിരിക്കണ കാശും കൊടുത്ത് വൈക്കത്തുപോയി സുഖമായിട്ട് ഒറങ്ങീട്ടു വന്നിരിക്കുവാ. ദേ ഒരു ഭാഗവതം മേടിച്ചിട്ടൊണ്ട്. തീവെലയാ. എന്നാലും കുടുംബത്തൊരെണ്ണം വേണ്ടതാ."
അച്ഛന്റെ വർത്തമാനം കേട്ടാൽ അച്ഛൻ കാശുകൊടുത്തു മേടിച്ചതാണെന്നു തോന്നും. എന്റെ കാശുകൊടുത്ത കാര്യമേ അച്ഛൻ പറയുന്നില്ല.
ഇതുകൊണ്ടും എന്റെ ഗ്രഹപ്പിഴ തീർന്നില്ല! ആരംഭിച്ചിട്ടേയുള്ളൂ...
ദിവസവും രാത്രി ഭാഗവതപാരായണ പരിശീലനം. മക്കളെക്കൊണ്ട് മാറിമാറി വായിപ്പിക്കും. എനിക്കാണെങ്കിൽ അതൊന്നുറക്കെ വായിക്കാൻ ഇപ്പോൾപോലും  ആത്മവിശ്വാസമില്ല. പിന്നെ അന്നത്തെക്കാര്യം പറയാനുണ്ടോ?
വായനക്കിടയിൽ തെറ്റുതിരുത്തൽ, കളിയാക്കൽ, പൊട്ടിച്ചിരി എന്നുവേണ്ട...!
'മക്കളു പഠിച്ചോട്ടെ' എന്നുവിചാരിച്ചു മേടിച്ചതാണെന്നാണച്ഛന്റെ ഭാവം... എന്നാൽ എന്റെ തോന്നലോ? 'കൈയ്യിലിരുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെയാണല്ലോ വൈക്കത്തപ്പാ മേടിച്ചത്!"

വൈക്കത്തപ്പൻ ചെവിയിൽ മന്ത്രിക്കുന്നതായി തോന്നും,
"അച്ഛനെ അമ്മ പറ്റിച്ചു, നിന്നെ ഞാനും പറ്റിച്ചു."



എഴുതിയത്   കമലമ്മ
അദ്ധ്യാപികയായിരുന്നു, പ്രൈമറി സ്ക്കൂൾ പ്രഥമാദ്ധ്യാപികയായി വിരമിച്ചു
സ്വദേശം ആലുവ, ജന്മദേശം മുത്തലപുരം.
ഇപ്പോൾ ചെന്നൈയിൽ താമസം

5 comments:

  1. എല്ലാം വൈക്കത്തപ്പന്റെ ലീലാവിലാസങ്ങൾ!

    ReplyDelete
  2. thamara rocks..:-)..('kamalamma'..her thoolika naamam is 'thamara' :-D )

    ReplyDelete
  3. തലക്കെട്ടിൻറ ഔചിത്യം ശ്രദ്ധേയമാണ്. ഇതുപോലെ എഴുതിയാൽ തീരാത്ത എത്രയെത്ര അനുഭവങ്ങളുണ്ടാകും. ദ്വിതീയ തൃതീയ ചതുർത്ഥ.. സ്കന്ധങ്ങൾക്കായി കാത്തിരിക്കാം

    ReplyDelete
  4. ഹഹ
    ഭാഗവതപ്പാര...
    പക്ഷെ അന്ന് വായിച്ചത് പില്‍ക്കാലത്ത് ഗുണം ചെയ്തിട്ടുണ്ടാവും. തീര്‍ച്ച

    ReplyDelete
    Replies
    1. അതുപിന്നെ തീർച്ചയല്ലേ :)

      Delete