ഞാൻ രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കാലം.
എനിക്ക് ബുദ്ധിരാക്ഷസൻ എന്നു പേരുവീണിരുന്നു! കാരണം എല്ലാത്തിനും ഞാൻ ഒന്നാമൻ. കായികത്തിൽ മാത്രമല്ല, പഠനത്തിലും.
എല്ലാവരും എന്നെ പൊക്കിപ്പറയും. ഹാ! അങ്ങനെയുമൊരു കാലം...
അന്ന് ഒരു ദിവസം മത്സരങ്ങൾ നടക്കുകയായിരുന്നു. ഓർമ്മപരിശോധനാമത്സരവും നടക്കുന്നുണ്ട്. ആരൊക്കെ പങ്കെടുക്കുന്നുണ്ട് എന്നുചോദിച്ചു. പതിവുപോലെ ഞാൻ ചാടിയെഴുന്നേറ്റു. ഞാൻ എഴുന്നേറ്റതുകണ്ട് പലരും ഇരുന്നെന്നു തോന്നുന്നു!
മത്സരത്തിൽ പങ്കെടുക്കുന്നവർ കുറവായിരുന്നു. ഞങ്ങളെ ഒരു മുറിയിലേയ്ക്ക് വരിവരിയായി കൊണ്ടുപോയി. ആ സമയത്ത് പലരും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. മത്സരത്തിനായി നിരത്തിവച്ചിരുന്ന സാധനങ്ങൾ വിസ്തരിച്ചു നോക്കിക്കണ്ടു. തിരിച്ചുവന്ന് വരാന്തയിലിരുന്ന് എഴുതാൻ തുടങ്ങി. എല്ലാവരും തിരക്കുപിടിച്ച് എഴുതുന്നു. ഞാനും ഓർത്തോർത്ത് എണ്ണമിട്ട് എഴുതി. സമയം കഴിഞ്ഞപ്പോൾ പേപ്പർ തിരികെക്കൊടുത്തു.
ഓരോരുത്തരും എത്രയെണ്ണം എഴുതിയെന്ന് പരസ്പരം ചോദിച്ചു. പലരും പറഞ്ഞത് പലതരത്തിൽ. 10, 12, 13, 15, 16, 17...
എന്നോടുചോദിച്ചപ്പോൾ ഞാൻ പറഞ്ഞു 22. എല്ലാവരും ഞെട്ടി!
സമ്മാനം എനിക്കാണെന്നുറപ്പിച്ചു!!
ഞങ്ങൾ ക്ലാസ്സിൽ അക്ഷമരായിരുന്നു. പലരും പ്രാർത്ഥിക്കുന്നു. ഞാൻ 'സിമ്പിൾ' എന്നരീതിയിൽ ഇരിക്കുന്നു. പെട്ടെന്ന് ഒരു സാറുവന്ന് എന്റെ പേരുവിളിച്ചു. സ്റ്റാഫ്റൂമിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. അപ്പോൾ ക്ലാസ്സിലെ ശബ്ദമുയർന്നു. എനിക്കാണ് സമ്മാനമെന്ന് പറയാനാണ് വിളിക്കുന്നതെന്ന് എല്ലാവരും പറഞ്ഞു. കൂട്ടുകാർ വീണ്ടും എന്നെ അഭിനന്ദിക്കാൻ തുടങ്ങി. ഇതുകേട്ട് എനിക്കു രോമാഞ്ചമുണ്ടായി! ഞാൻ ഗമയിൽ സാറിന്റെയടുത്തേയ്ക്ക് പോയി.
എന്റെ മനസ്സുപറഞ്ഞു, "നിനക്കുതന്നെ സമ്മാനം".
സാറിന്റെയടുത്തെത്തി...
സാറന്മാർ എന്നെ നോക്കി ചിരിച്ചു...
ഞാനും ചിരിച്ചു...
കണക്കുസാർ എന്നെ അടുത്തുവിളിച്ചു; എന്നിട്ടുചോദിച്ചു, "നീ എത്രയെണ്ണം എഴുതി?"
ഞാൻ അഭിമാനത്തോടെ പറഞ്ഞു, "22 എണ്ണം"
സാർ എന്റെ പേപ്പർ എടുത്ത് കാണിച്ചിട്ട് ചോദിച്ചു, "11 കഴിഞ്ഞ് എത്രയാണ്?"
ഞാൻ വളരെ പെട്ടെന്നുപറഞ്ഞു, "12" എന്നിട്ടു പേപ്പറിലേയ്ക്കു നോക്കി...
11 കഴിഞ്ഞ് 22 എന്നാണ് എഴുതിയിരിക്കുന്നത്...!!!
അപ്പോഴാണ് സാറന്മാരുടെ ചിരിയുടെ ഗുട്ടൻസ് പിടികിട്ടിയത്!
ബുദ്ധിരാക്ഷസൻ എന്ന എന്റെ പേരിന്റെ ആദ്യഭാഗം മായ്ഞ്ഞ് രാക്ഷസൻ എന്നാകുമോ എന്ന് ഞാൻ ഭയന്നു! എനിക്ക് വല്ലാത്ത ദാഹം തോന്നിയതുകൊണ്ട് മെല്ലെ പൈപ്പിനടുത്തേക്ക് നടന്നു...

എഞ്ജിനീയറിങ്ങ് വിദ്യാർത്ഥി
സ്വദേശം എറണാകുളം